ഖത്വറില്‍ വേതനത്തോടെ ആറാഴ്ചത്തെ രോഗാവധിക്ക് തൊഴിലാളികള്‍ക്ക് അര്‍ഹത

Posted on: March 7, 2017 9:37 pm | Last updated: March 7, 2017 at 9:37 pm

ദോഹ: പൂര്‍ണവേതനത്തോടെ രണ്ടാഴ്ചത്തെ രോഗാവധിക്ക് തൊഴിലാളിക്ക് അര്‍ഹതയുണ്ടെന്ന് ഭരണവികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. പകുതി വേതനത്തോടെ മറ്റൊരു നാല് ആഴ്ചത്തേക്കും രോഗാവധിയെടുക്കാം. മൊത്തം ആറാഴ്ച കഴിഞ്ഞാല്‍ പിന്നെയുള്ള രോഗാവധിക്ക് വേതനമുണ്ടാകില്ല. അംഗീകൃത ഡോക്ടറും തൊഴിലുടമയും രോഗാവധി അംഗീകരിക്കണം. തൊഴിലിടങ്ങളില്‍ അപകടം സംഭവിച്ചാല്‍ ചികിത്സാ കാലയളവിലോ ആറ് മാസത്തേക്കോ (ഏതാണ് ചെറിയ കാലയളവെങ്കില്‍) മുഴുവന്‍ വേതനവും നല്‍കണം. ബന്ധപ്പെട്ട മെഡിക്കല്‍ അതോറിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ചികിത്സയുടെ ചെലവ് തൊഴിലുടമ വഹിക്കണം.

തൊഴില്‍ നിയമമനുസരിച്ചുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ മന്ത്രാലയത്തെ അറിയിക്കണമെന്ന് തൊഴിലാളികള്‍ക്ക് നിര്‍ദേശം. പുതിയ തൊഴില്‍ നിയമം തൊഴിലാളികള്‍ക്ക് നല്‍കുന്ന അവകാശങ്ങളും ചുമതകളും സംബന്ധിച്ച് മന്ത്രാലയത്തിലെ ലേബര്‍ റിലേഷന്‍സ് വകുപ്പ് ഓണ്‍ലൈന്‍ പ്രചാരണം ആരംഭിച്ചു. ഓണ്‍ലൈനിലോ ഇന്‍ഡസ്ട്രിയല്‍ ഏരിയ പതിമൂന്നാം സ്ട്രീറ്റിലെ മന്ത്രാലയത്തിന്റെ ബ്രാഞ്ചിലോ ആസ്ഥാനത്തോ തൊഴിലാളികള്‍ക്ക് പരാതി നല്‍കാം.

പരാതികള്‍ സമര്‍പ്പിക്കാന്‍ തൊഴിലാളികള്‍ പ്രത്യേകം ഫോം പൂരിപ്പിക്കണം. ഫോമില്‍ ഒപ്പുവെക്കുകയും ഐ ഡി കാര്‍ഡിന്റെ കോപ്പി നല്‍കുകയും വേണം. പരാതി മന്ത്രാലയത്തിന്റെ അധികാരപരിധിയില്‍ വരുന്നതാണോയെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പരിശോധിക്കും. ഓണ്‍ലൈന്‍ പരാതികളില്‍ ലേബര്‍ റിലേഷന്‍സ് വകുപ്പ്, പരാതിക്കാരന്റെ കമ്പനിയുടെ പ്രതിനിധിക്ക് ഓഫീസില്‍ ഹാജരാകുന്നതിന് എസ് എം എസ് അയക്കും. പരാതിക്കാരനും എസ് എം എസ് ലഭിക്കും. ഇരുകക്ഷികളുടെയും സാന്നിധ്യത്തിലാണ് പരാതി ചര്‍ച്ച ചെയ്യുക. ഇവിടെ വെച്ച് പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ അന്വേഷണത്തിന് ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറും. മന്ത്രാലയത്തിലെ തര്‍ക്ക പരിഹാര വകുപ്പിന്റെ അംഗീകാരത്തോടെ കോടതിക്ക് കൈമാറാനും വകുപ്പുണ്ട്. തൊഴിലുടമക്കെതിരെ പരാതി സമര്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ സേവന സമുച്ചയങ്ങളില്‍ 11 സെല്‍ഫ് സര്‍വീസ് മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തൊഴില്‍ മന്ത്രി ഡോ.ഈസ ബിന്‍ സഅദ് അല്‍ ജഫാലി അല്‍ നുഐമി കഴിഞ്ഞ ഡിസംബറില്‍ അറിയിച്ചിരുന്നു. പതിനൊന്ന് ഭാഷകളില്‍ പ്രവര്‍ത്തിക്കുന്ന മെഷീനുകളാണിത്. മുഴുസമയ ഹോട്ട്‌ലൈന്‍ സംവിധാനവുമുണ്ട്. ഇത്തരം നൂറ് മെഷീനുകള്‍ ലേബര്‍ ക്യാംപുകളില്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്.

മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പ് സര്‍ട്ടിഫൈ ചെയ്ത തൊഴില്‍ കരാറിന്റെ കോപ്പി ജീവനക്കാര്‍ക്ക് നല്‍കാന്‍ മന്ത്രാലയം എല്ലാ കമ്പനികള്‍ക്കും നിര്‍ദേശം നല്‍കി. പൂര്‍ണസമര്‍പ്പണത്തോടെയും സത്യസന്ധതയോടെയും അംഗീകരിച്ച തൊഴില്‍ ജീവനക്കാര്‍ ചെയ്യണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. കമ്പനിയുടെ വാണിജ്യ രഹസ്യങ്ങള്‍ വെളിവാക്കരുത്. രാജ്യത്തിന്റെ നിയമങ്ങളും വസിക്കുന്ന പ്രദേശത്തിന്റെ ആചാരങ്ങളും മാനിക്കണം. യഥാര്‍ഥ തൊഴിലുടമയുടെ രേഖാമൂലമുള്ള അംഗീകാരമില്ലാതെ മറ്റൊരു തൊഴിലുടമക്ക് വേണ്ടി വേതനമില്ലാത്ത ജോലി പോലും ചെയ്യരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്.