പാക് അതിര്‍ത്തിയില്‍ ദൂരദൂരമുയര്‍ന്ന് ദേശീയ പതാക

Posted on: March 7, 2017 8:18 am | Last updated: March 7, 2017 at 1:06 am

അമൃത്‌സര്‍: ഏറ്റവും ഉയരം കൂടിയ തൂണില്‍ സ്ഥാപിച്ച ദേശീയ പതാക എന്ന ബഹുമതി ഇനി പഞ്ചാബിലെ അഠാരിക്ക് സ്വന്തം. ഇന്ത്യ- പാക് അതിര്‍ത്തിയായ അഠാരിയില്‍ സംസ്ഥാന മന്ത്രി അനില്‍ ജോഷി ഉദ്ഘാടനം ചെയ്ത ഈ ദേശീയ പതാകയുടെ തൂണിന് 360 അടി (110 മീറ്റര്‍) ഉയരവും 55 ടണ്‍ ഭാരവുമുണ്ട്. അമൃത്‌സര്‍ ഇംപ്രൂവ്‌മെന്റ് ട്രസ്റ്റ് അതോറിറ്റിയുടെ ഈ നിര്‍മാണ പദ്ധതിക്ക് 3.50 കോടി രൂപയാണ് ചെലവായത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേത അനുമതി വാങ്ങിയാണ് പതാക ഉദ്ഘാടനം ചെയ്തതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്നെങ്കിലും ചില കാരണങ്ങളാല്‍ മാറ്റിവെക്കുകയായിരുന്നു.

അതിര്‍ത്തിയില്‍ പാക്കിസ്ഥാനില്‍ നിന്ന് 150 മീറ്റര്‍ മാത്രം അകലെ സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ കൊടിമരം വാഗയിലെ ബീറ്റിംഗ് റിട്രീറ്റ് (എല്ലാ ദിവസവും വൈകുന്നേരം ഇന്ത്യ- പാക് സൈനികര്‍ സംയുക്തമായി നടത്തുന്ന പരസ്പരാഭിവാദ്യം) ചടങ്ങ് കാണാന്‍ എത്തുന്ന വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. വാഗയില്‍ ഇരു രാജ്യങ്ങളിലേയും സൈനികര്‍ ബീറ്റിംഗ് റിട്രീറ്റ് നടത്തുമ്പോള്‍ പാക് ഗാലറിയിലുള്ള സഞ്ചാരികള്‍ക്ക് കൂടി കാണാന്‍ കഴിയുന്ന വിധമാണ് പതാക സ്ഥാപിച്ചിരിക്കുന്നത്.

പാക്കിസ്ഥാനിലെ ലാഹോറില്‍ നിന്ന് വരെ ഈ കൊടിമരം കാണാന്‍ സാധിക്കും. 300 അടി ഉയരത്തില്‍ പറക്കുന്ന റാഞ്ചിയിലെ ദേശീയ പതാകക്കായിരുന്നു ഇതുവരെ ഈ ഖ്യാതി. 170 അടി ഉയരമുള്ള കൊടിമരം അമൃത്‌സറിലെ രഞ്ചിത് അവന്യൂ പബ്ലിക് പാര്‍ക്കില്‍ നേരത്തേ തന്നെയുണ്ട്.