നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരു മാസത്തിനകം കുറ്റപത്രം

Posted on: March 5, 2017 3:16 pm | Last updated: March 6, 2017 at 10:15 am

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ക്ക് എതിരെ ഒരു മാസത്തിനകം കുറ്റപത്രം തയ്യാറാക്കാന്‍ തീരുമാനം. മുഖ്യപ്രതി പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധീ ഈ മാസം പത്തിന് അവസാനിച്ചാല്‍ ഉടന്‍ കുറ്റപത്രം തയ്യാറാക്കുന്നതിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. പ്രതികള്‍ക്ക് എതിരായ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചുകഴിഞ്ഞു. കേസിന്റെ വിചാരണ വേഗത്തില്‍ തീര്‍ക്കുന്നതിനായി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇതുവരെ വീണ്ടെുക്കാന്‍ സാധിച്ചില്ല. ഗോശ്രീ പാലത്തില്‍ നിന്ന് കായലിലേക്ക് എറിഞ്ഞ ഫോണ്‍ വീണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷ അന്വേഷണ സംഘത്തിനില്ല. ഇവിടെ പല തവണ തിരച്ചില്‍ നടത്തിയെങ്കിലും വിഫലമായിരുന്നു.

അതേസമയം പള്‍സര്‍ സുനി അഭിഭാഷകനെ ഏല്‍പ്പിച്ച മെമ്മറി കാര്‍ഡില്‍ നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉണ്ടെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് മെമ്മറി കാര്‍ഡ് കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കും.