ടോസ് ജയിക്കുന്നവര്‍ക്ക് മത്സരം ജയിക്കാം

Posted on: March 4, 2017 12:12 pm | Last updated: March 4, 2017 at 10:13 am

ന്യൂഡല്‍ഹി: ബെംഗളുരുവില്‍ ഇന്ത്യയെ തോല്‍പ്പിക്കുക എളുപ്പമല്ല. എന്നാല്‍, ടോസ് നേടാനായാല്‍ സ്റ്റീവ് സ്മിത്തിനും സംഘത്തിനും വിജയപ്രകടനം ആവര്‍ത്തിക്കാനായേക്കും- ഓസീസിന്റെ മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ വിദഗ്ധാഭിപ്രായമാണിത്. ക്രിക്കറ്റ് വിശകലനത്തിനായി ബെംഗളുരുവിലുണ്ട് മൈക്കല്‍ ക്ലാര്‍ക്ക്.

പൂനെ പോലെയല്ല ബെംഗളുരു. പൂനെയില്‍ ഇന്ത്യക്ക് ടോസ് ലഭിക്കുകയും ആദ്യം ബാറ്റ് ചെയ്യുകയുമായിരുന്നുവെങ്കില്‍ ഒരു പക്ഷേ ഫലം മറിച്ചായേനെ. പൂനെയിലെ ട്രാക്കില്‍ ഓസീസ് നേടിയ 265 റണ്‍സ് വലിയ സ്‌കോര്‍ ആയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ പൊതു സ്വഭാവം വെച്ച് ഒന്നാം ഇന്നിംഗ്‌സ് വളരെ പ്രധാനപ്പെട്ടതാണ്. മികച്ച ലീഡ് നേടാനായതോടെ ഇന്ത്യക്ക് മേല്‍ ഓസീസിന് വ്യക്തമായ ആധിപത്യം കൈവരുകയും ചെയ്തു. ഇത് ടോസ് ഭാഗ്യം പോലെ തിരിച്ചും സംഭവിക്കാം എന്നാണ് ക്ലാര്‍ക്കിന്റെ അഭിപ്രായം.
ബെംഗളുരുവില്‍ സ്ഥിതി വ്യത്യസ്തമാണ്. അവസാന രണ്ട് ദിനമായിരിക്കും ടെസ്റ്റില്‍ ഗതിമാറ്റമുണ്ടാവുക. ആദ്യം ബാറ്റ് ചെയ്യുന്നത് ഗുണം ചെയ്യും. 450 ന് മുകലില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചാല്‍ മത്സരത്തില്‍ ആധ്യപത്യം സ്ഥാപിക്കാനാകും – ക്ലാര്‍ക്ക് പറയുന്നു.

ആസ്‌ത്രേലിയന്‍ ടീമില്‍ ഇന്ത്യക്ക് പ്രധാന വെല്ലുവിളി നാല് പേരാണ് – സ്റ്റീവ്‌സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ സ്റ്റാര്‍ച്, ജോഷ് ഹാസല്‍വുഡ്. ഇവര്‍ക്കെതിരെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താലേ വിജയം കൈപ്പിടിയില്‍ ഒതുക്കാനാകൂവെന്ന് ഇന്ത്യന്‍ ടീമിന് അറിയാമെന്നും ക്ലാര്‍ക്ക്.