വോട്ടു ചെയ്യാനെത്തുന്ന ബുര്‍ഖധാരികളായ സ്ത്രീകളെ പരിശോധിക്കണമെന്ന് ബി ജെ പി

Posted on: March 4, 2017 12:13 am | Last updated: March 4, 2017 at 12:13 am

ന്യൂഡല്‍ഹി: യു പി തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തുന്ന ബുര്‍ഖധാരികളായ സ്ത്രീകളെ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

തിരഞ്ഞെടുപ്പിന്റെ ആറ്, ഏഴ് ഘട്ടങ്ങളില്‍ വോട്ടു ചെയ്യാനെത്തുന്ന ബുര്‍ഖധാരികളായ സ്ത്രീകളെ പരിശോധിക്കണമെന്ന ആവശ്യവുമായി ഇന്നലെയാണ് ബി ജെ പി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. പരിശോധനക്ക് വനിതാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. കള്ളവോട്ടിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്. പ്രശ്നസാധ്യതയുള്ള പോളിംഗ് ബൂത്തുകളില്‍ പ്രത്യേക സേനയെ വിന്യസിക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേ സമയം, ബി ജെ പിയുടെ ഈ ആവശ്യത്തെ പരിഹസിച്ച് ശിവസേനയുടെ മുഖപത്രം സാമ് ന രംഗത്തെത്തി. ബി ജെ പിയുടെ നിരാശയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്ന് ശിവസേന ആരോപിച്ചു. മോദി മന്ത്രിസഭയിലെ എല്ലാവരും പ്രചാരണത്തിനായി യു പിയിലെത്തിയിരുന്നു. എന്നാല്‍ അഞ്ചുഘട്ടം കഴിഞ്ഞപ്പോള്‍ത്തന്നെ തിരിച്ചടിയുണ്ടാകുമെന്ന് അവര്‍ക്ക് മനസ്സിലായി. അതിനാലാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നും സാമ് ന ആരോപിച്ചു.