തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് 9,748 കോടി രൂപ

Posted on: March 4, 2017 8:01 am | Last updated: March 3, 2017 at 11:47 pm

തിരുവനന്തപുരം: തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് ആകെ 9,748 കോടി രൂപയുടെ വകയിരുത്തല്‍. 2016-17ല്‍ ഇത് 8,671 കോടി രൂപയായിരുന്നു. ഇതില്‍ 6,227 കോടി രൂപ വികസനഫണ്ടും 2,183 കോടി രൂപ മെയിന്റനന്‍സ് ഫണ്ടും 1,337 കോടി രൂപ ജനറല്‍പര്‍പ്പസ് ഫണ്ടുമാണ്. വികസനഫണ്ട് മൊത്തം പദ്ധതിയടങ്കലിന്റെ 23.5 ശതമാനം വരും. ഈ തോത് ഇനിയുള്ള നാല് വര്‍ഷവും 0.5 ശതമാനം വച്ച് വര്‍ദ്ധിപ്പിക്കുന്നതാണെന്നും ബജറ്റ് പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. 2021 ല്‍ 25 ശതമാനമായിരിക്കും പദ്ധതിയടങ്കലില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിഹിതം. അതുപോലെതന്നെ മെയിന്റനന്‍സ് ഫണ്ട് സംസ്ഥാന തനതു നികുതിവരുമാനത്തിന്റെ 5.5 ശതമാനമാണ്. ഇത് ഓരോ വര്‍ഷവും 0.1 ശതമാനം വീതം ഉയര്‍ത്തി 2020-21ല്‍ ആറ് ശതമാനമാക്കും.

തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഓഡിറ്റ് കമ്മീഷന് രൂപം നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി. സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കും. എല്ലാ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ഒരു ഫിനാന്‍സ് ഓഫീസറുടെയും മുനിസിപ്പാലിറ്റികളില്‍ ഒരു അക്കൗണ്ട്‌സ് ഓഫീസറുടെയും തസ്തിക സൃഷ്ടിക്കും. ഇവര്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്മാരായിരിക്കണം. തദ്ദേശ ഭരണവകുപ്പിന്‍ കീഴില്‍ ഗ്രാമവികസനത്തിനായി 974 കോടിരൂപയും നഗര വികസനത്തിന് 75 കോടി രൂപയും പദ്ധതിയില്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ പ്രധാനം ദേശീയ തൊഴിലുറപ്പ് പദ്ധതി, പ്രധാന മന്ത്രി സഡക് യോജന, ആവാസ് യോജന, ആര്‍ ഐ ഡി എഫ്, ഉപജീവന മിഷന്‍, സ്വച്ഛ്ഭാരത് തുടങ്ങിയവയുടെ സംസ്ഥാനവിഹിതമാണ്. ഈ കേന്ദ്രാവിഷ്‌കൃത പദ്ധതികളെല്ലാം തദ്ദേശഭരണസ്ഥാപനങ്ങള്‍ വഴിയാണ് നടപ്പാക്കുന്നത്.
സ്മാര്‍ട്ട്‌സിറ്റി വികസന സ്‌കീമില്‍ കൊച്ചിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. സ്മാര്‍ട്ട്‌സിറ്റി മിഷന് സംസ്ഥാനവിഹിതമായി 100 കോടി രൂപവകയിരുത്തുന്നു. അമൃത് പദ്ധതിക്ക് സംസ്ഥാനവിഹിതമായി150 കോടി രൂപയും വകയിരുത്തുന്നു. ജന്റം, കെ എസ് യു ഡി പി പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് 150 കോടി രൂപ വകയിരുത്തുന്നു. അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയുടെ അടങ്കല്‍ 25 കോടിരൂപയാണ്. പെന്‍ഷന്‍ ബാധ്യത ചില മുനിസിപ്പാലിറ്റികള്‍ക്ക് കനത്ത ഭാരമായി മാറിയിട്ടുണ്ട്. ഇതിന് ശാശ്വത പരിഹാരം നിര്‍ദ്ദേശിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുന്നതാണ്.