ആനവണ്ടിക്ക് പുനരുദ്ധാരണ പാക്കേജ്‌

Posted on: March 4, 2017 12:10 am | Last updated: March 3, 2017 at 11:38 pm

തിരുവനന്തപുരം: കടക്കെണിയില്‍ മുങ്ങിത്താഴുന്ന കെ എസ് ആര്‍ ടി സിയെ കരകയറ്റാനുള്ള നിര്‍ദേശങ്ങള്‍ അവതരിപ്പിച്ച് ധനമന്ത്രി. 2017-18 കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണ വര്‍ഷമായിരിക്കും. അടുത്ത മൂന്നുവര്‍ഷം കൊണ്ട് മൊത്തം 3,000 കോടി രൂപ പാക്കേജിന്റെ ഭാഗമായി കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ ലഭ്യമാക്കും. ഇതു സബ്‌സിഡി ആയിരിക്കില്ല. സ്ഥാപനത്തെ ലാഭകരമാക്കാനുള്ള മുതല്‍ മുടക്കായിരിക്കും. മൂന്നുവര്‍ഷം കൊണ്ട് കെഎസ്ആര്‍ടിസിയെ വരവുചെലവ് സന്തുലനമാകുന്ന സ്ഥിതിയിലേക്ക് കൊണ്ടുപോവുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച പ്രഫ.സുശീല്‍ ഖന്ന റിപോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്.

യൂനിയനുകളുമായി വിശദമായ ചര്‍ച്ചകള്‍ നടത്തി സമഗ്രമായ പുനരുദ്ധാരണ പാക്കേജിന് രൂപം നല്‍കും. കെ എസ് ആര്‍ ടി സിയുടെ മാനേജ്‌മെന്റ് സമൂലമായി അഴിച്ചു പണിത് പ്രഫഷനല്‍ വിദഗ്ധരെ നിയമിക്കണം. ഇന്നത്തെ സാര്‍വത്രിക ഡബിള്‍ഡ്യൂട്ടി സമ്പ്രദായം തുടരാനാവില്ല. ഫഌറ്റിന്റെ വിനിയോഗം, ബസിന്റെ ശരാശരി പ്രതിദിന കിലോമീറ്റര്‍, മൈലേജ്, കിലോമീറ്റര്‍ കലക്ഷന്‍ എന്നിവ ദേശീയ ശരാശരിയിലേക്ക് പടിപടിയായി ഉയരണം. ബ്രേക്ക് ഡൗണ്‍ റേറ്റ്, മെയിന്റനന്‍സ് സമയം, അപകടനിരക്ക് എന്നിവ താഴണം. ഇതുകൊണ്ടു മാത്രം വരവും ചിലവും തമ്മിലുള്ള വിടവ് ഗണ്യമായി കുറയ്ക്കാം. ജഡ കടഭാരം കുറച്ചുകൊണ്ടുള്ള ഫിനാന്‍ഷ്യല്‍ റീസ്ട്രക്ച്ചറിങിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കും. പഴയ ബസുകള്‍ക്ക് പകരം സി എന്‍ ജി ബസുകള്‍ കിഫ്ബി നിക്ഷേപത്തിലൂടെ വാങ്ങും. സമ്പൂര്‍ണ ഇ-ഗവേര്‍ണന്‍സിനും വര്‍ക്‌ഷോപ്പുകളുടെ നവീകരണത്തിനുമുള്ള പണം പദ്ധതിയില്‍ നിന്നും ലഭ്യമാക്കും.