Connect with us

National

കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബി ജെ പിയിലേക്ക്

Published

|

Last Updated

ബെംഗളൂരു; അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടകയിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളില്‍ പെട്ട നേതാക്കള്‍ സ്വന്തം പാര്‍ട്ടി വിട്ട് ബി ജെ പിയിലേക്ക് ചേക്കേറാന്‍ തുടങ്ങി. ജനതാദള്‍- എസില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമാണ് കൂടുതല്‍ നേതാക്കള്‍ ബി ജെ പിയിലേക്ക് ചേക്കേറിയിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എസ് ബംഗാരപ്പയുടെ മകന്‍ കുമാര്‍ ബംഗാരപ്പ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് ബി ജെ പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. അടുത്ത് തന്നെ ബി ജെ പി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ കുമാര ബംഗാരപ്പ പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിക്കും. കോണ്‍ഗ്രസില്‍ നിന്നുള്ള രാജിക്കത്ത് ഇന്നലെ ഉച്ചയോടെ കുമാര്‍ ബംഗാരപ്പ കെ പി സി സി പ്രസിഡന്റും ആഭ്യന്തര മന്ത്രിയുമായ ഡോ. ജി പരമേശ്വരക്ക് കൈമാറി.

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പയുടെ ജന്മദിനാഘോഷത്തില്‍ ആശംസകളുമായി കുമാര്‍ ബംഗാരപ്പ എത്തിയത് തന്നെ ബി ജെ പിയിലേക്കുള്ള ചുവട് മാറ്റത്തിന്റെ സൂചനയായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. സൊറാബ മണ്ഡലത്തില്‍ നിന്ന് ബി ജെ പി സ്ഥാനാര്‍ഥിയായി കുമാര്‍ ബംഗാരപ്പ മത്സരിച്ചേക്കുമെന്ന് ഉറപ്പായിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ് അദ്ദേഹം ബി ജെ പിയില്‍ ചേരാന്‍ സമ്മതം മൂളിയത്. സഹോദരനും ദള്‍ നേതാവുമായ മധു ബംഗാരപ്പയാണ് സൊറാബയിലെ നിലവിലെ എം എല്‍ എ. ഇരുവരും കര്‍ണാടക മുന്‍മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മക്കളാണ്. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്നു കുമാര്‍ ബംഗാരപ്പ. കോണ്‍ഗ്രസില്‍ നിന്ന് വേണ്ടത്ര പരിഗണന കിട്ടാത്തതിലും സിദ്ധരാമയ്യ സര്‍ക്കാറിന്റെ അഴിമതി നിറഞ്ഞ ഭരണത്തിലും പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് കുമാര്‍ ബംഗാരപ്പ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ദിനേശ് ഗുണ്ട റാവുവിന്റെ നേതൃത്വത്തില്‍ കുമാര്‍ ബംഗാരപ്പയെ കോണ്‍ഗ്രസ് വിട്ടുപോകുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വടക്കന്‍ കര്‍ണാടകത്തിലെ ജനതാദള്‍- എസിന്റെ മുതിര്‍ന്ന നേതാവും മുന്‍ എം എല്‍ എയുമായ ദിനകര്‍ ഷെട്ടി കഴിഞ്ഞ ദിവസമാണ് ബി ജെ പിയില്‍ ചേര്‍ന്നത്.

അടുത്ത് തന്നെ നഞ്ചന്‍കോട് മണ്ഡലത്തില്‍ നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വേണ്ടി ശ്രീനിവാസ പ്രസാദിനെ ഗോദയിലിറക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എസ് എം കൃഷ്ണ കോണ്‍ഗ്രസ് പ്രാഥമികാംഗത്വം രാജിവെച്ചത് സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തിലുണ്ടാക്കിയ ആഘാതം ചെറുതായിരുന്നില്ല.
സംസ്ഥാന നേതാക്കളും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കൃഷ്ണയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജനാര്‍ദ്ദന്‍പൂജാരി, സി കെ ജാഫര്‍ ഷെരീഫ്, എച്ച് വിശ്വനാഥ് തുടങ്ങിയവരും പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

 

---- facebook comment plugin here -----

Latest