യു എ ഇയിലുള്ളവര്‍ക്ക് ഇന്ത്യയിലേക്ക് അഞ്ച് വര്‍ഷത്തെ മള്‍ടിപ്പിള്‍ എന്‍ട്രി ബിസിനസ് വിസ

Posted on: March 3, 2017 9:40 pm | Last updated: March 3, 2017 at 9:37 pm

ദുബൈ: ഇന്ത്യയിലേക്ക് യു എ ഇയില്‍നിന്ന് അഞ്ച് വര്‍ഷത്തെ ബിസിനസ് മള്‍ടിപ്പിള്‍ എന്‍ട്രി വിസാ സംവിധാനം അടുത്ത മാസം ആരംഭിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിംഗ് സൂരി. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഇന്നലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. യു എ ഇയില്‍ വ്യാപാര സംരഭങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഏതു രാജ്യക്കാര്‍ക്കും വിസ ലഭിക്കും.

സമീപ ഭാവിയില്‍ മള്‍ടിപ്പിള്‍ എന്‍ട്രിയോടെ അഞ്ച് വര്‍ഷത്തെ ടൂറിസ്റ്റ് വിസയും ഏര്‍പെടുത്തുന്നതിന് പദ്ധതിയുണ്ട്. ഇന്ത്യയിലേക്ക് കൂടുതല്‍ വാണിജ്യ വിനോദ സംരംഭകരെ ആകര്‍ഷിക്കുന്നതിനാണ് ഈ സൗ കര്യം ഏര്‍പെടുത്തുന്നത്. പ്രത്യേകം തയ്യാറാക്കിയിട്ടുള്ള വ്യക്തിഗത അഭിമുഖങ്ങള്‍ വഴിയും ബയോമെട്രിക് സംവിധാനത്തിലൂടെയുള്ള പരിശോധനകളിലൂടെയും തീര്‍പ്പ് കല്‍പിക്കുന്ന അപേക്ഷകര്‍ക്കായിരിക്കും വിസ അനുവദിക്കുക. യു എ ഇയില്‍ നിന്ന് വിസക്ക് അപേക്ഷിക്കുന്നതിന് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സാക്ഷ്യപത്ര പകര്‍പ്പ്, കമ്പനിയുടെ അനുമതിപത്രം തുടങ്ങിയവ അപേക്ഷയോടൊപ്പം സമര്‍പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
യു എ ഇയും ഇന്ത്യയും തമ്മില്‍ പുരാതന കാലം തൊട്ടെ ഊഷ്മളമായ ബന്ധമാണ് നില നില്‍ക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധം ഈടുറ്റതാണ്. അതിനാല്‍ തന്നെ തനിക്ക് പുതിയ ദൗത്യം ഏറ്റെടുക്കുന്നതിന് പ്രയാസം നേരിട്ടിരുന്നില്ല. ഒരു വര്‍ഷത്തിനിടെ അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയത് മികച്ച ബന്ധത്തിന്റെ തെളിവാണ്. കഴിഞ്ഞ ഐഡെക്‌സില്‍ യു എ ഇ പ്രധിരോധ മന്ത്രി മുഹമ്മദ് അഹ്മദ് അല്‍ ബവാര്‍ദി ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചത് ഇന്ത്യന്‍ പ്രധിരോധ നയതന്ത്ര മേഖലയില്‍ മികച്ച നേട്ടമാണ്. പ്രതിരോധ രംഗത്ത് യു എ ഇയുമായി മികച്ച സഹകരണമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ വന്‍ നിക്ഷേപങ്ങളാണ് ഈ മേഖലയില്‍ യു എ ഇ ഒരുക്കിയിട്ടുള്ളത്. ഇന്ത്യയും യു എ ഇയും തമ്മില്‍ സയുക്ത സൈനികാഭ്യാസങ്ങള്‍ ലക്ഷ്യമിടുന്നുണ്ട്. അദ്ദേഹം വ്യക്തമാക്കി.

120 രാജ്യങ്ങളില്‍ നിന്നായി വിവിധ സംരംഭകര്‍ എത്തിയ ഗള്‍ഫുഡ് പ്രദര്‍ശനത്തില്‍ 284 ഇന്ത്യന്‍ കമ്പനികളാണ് പങ്കെടുത്തത്. ഗള്‍ഫ് മേഖലയില്‍ ഇന്ത്യന്‍ ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ഏറെ ആവശ്യമുയരുന്നുണ്ട്. സമീപ ഭാവിയില്‍ ഇന്ത്യന്‍ സമ്പദ് ഘടനക്ക് ഏറെ കരുത്തു പകരുന്ന മേഖലയായി ഗള്‍ഫ് വിപണി വളരും. യു എ ഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ക്ഷണപ്രകാരം അടുത്ത ആഴ്ച കേന്ദ്ര മന്ത്രി സുരേഷ് പ്രഭു യു എ ഇയില്‍ എത്തുന്നുണ്ട്. യു എ ഇയുമായുള്ള ഇന്ത്യയുടെ ഇഴയടുപ്പത്തിന് വഴിയൊരുക്കുന്നതാകും മന്ത്രിയുടെ സന്ദര്‍ശനമെന്ന് അദ്ദേഹം അടിവരയിട്ടു.

ഇന്ത്യന്‍ പൗരന്മാര്‍ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടരുത്. ഇന്ത്യയുടെ സല്‍പേര് മറ്റുള്ള രാജ്യങ്ങള്‍ക്കിടയില്‍ കളങ്കിതമാകുന്നതിന് ഇത് വഴിയൊരുക്കും. ഇന്ത്യ തീവ്രവാദത്തിനെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നവര്‍ക്ക് സ്വാ
ഭാവികമായ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് അപ്രാപ്യമാണ്. മികച്ച ജീവിത രീതിയാണ് ഇന്ത്യക്കാര്‍ക്കായി ഗള്‍ഫ് രാജ്യങ്ങളില്‍ പ്രധാനം ചെയ്യുന്നത്. ഇത് ചൂഷണം ചെയ്തു വിധ്വംസക പ്രവര്‍ത്തനത്തിലേക്ക് മറ്റ് രാജ്യങ്ങളില്‍ എത്തിപ്പെടുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്. കുടുംബത്തിനും സമൂഹത്തിനും അതിലുപരി രാജ്യത്തിനും മുതല്‍കൂട്ടാകുന്ന പ്രവാസി സമൂഹം തീവ്രവാദ ബന്ധത്തില്‍ ഏര്‍പെടുന്നവരെ പിന്തിരിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തില്‍ യു എ ഇ കോണ്‍സുലേറ്റ് ആരംഭിച്ച മുറക്ക് യു എ ഇയിലും ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികമായി ആരംഭിക്കാന്‍ നിയമപരമായ സാധുതയുണ്ടെങ്കിലും നിലവില്‍ അങ്ങിനെ പദ്ധതിയില്ല. 800 ഐ എഫ് എസ് ഉദ്യോഗസ്ഥരാണ് വിദേശ രാജ്യങ്ങളില്‍ സേവനമനുഷ്ഠിക്കുന്നത്. ജീവനക്കാരുടെ ലഭ്യതയാണ് പുതിയ കോണ്‍സുലേറ്റ് ആരംഭത്തിന് വിലങ്ങുതടിയാകുന്നത്. ദുബൈ വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് സ്ലോട്ട് ലഭിക്കുന്നതിനുള്ള തടസമാണ് ഈ സെക്ടറില്‍ കൂടുതല്‍ ഇന്ത്യന്‍ വിമാനങ്ങള്‍ ഏര്‍പെടുത്തുന്നതിന് പ്രതികൂലമായിട്ടുള്ളത്. വിമാനക്കമ്പനികളുടെയും സര്‍ക്കാരിന്റെയും നയങ്ങള്‍ സമരസപ്പെട്ടു പോകുന്ന സാഹചര്യത്തില്‍ മാത്രമേ കൂടുതല്‍ സീറ്റുകള്‍ ഗള്‍ഫ് സെക്ടറില്‍ ഏര്‍പെടുത്താന്‍ കഴിയുകയുള്ളൂ.
വിദേശ രാജ്യങ്ങളില്‍ തടവിലുള്ള ഇന്ത്യക്കാരായ ജയില്‍ പുള്ളികളുടെ വ്യക്തമായ ഡാറ്റ കൈവശമില്ലാത്തതാണ് ഈ മേഖലയിലെ സുഗമമായ നയതന്ത്ര ഇടപെടലുകള്‍ക്ക് വെല്ലുവിളിയാകുന്നത്. അദ്ദേഹം ചൂണ്ടിക്കാട്ടി. വാര്‍ത്താസമ്മേളനത്തില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷന്‍, പ്രസ് കമ്യൂണിക്കേഷന്‍ കോണ്‍സുല്‍ സുമതി വാസുദേവ് എന്നിവര്‍ സംബന്ധിച്ചു.