Connect with us

Gulf

അപകടത്തില്‍ രക്ഷകനായ ഖത്വരി പൗരന് യു എ ഇയുടെ മരണാനന്തര ബഹുമതി

Published

|

Last Updated

സാദ് മുബാറക് അബ്ദുര്‍റഹ്മാന് വേണ്ടി
സഹോദരന്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നു

ദോഹ: നിയന്ത്രണം വിട്ട് കടലിലേക്ക് മറിഞ്ഞ് മുങ്ങിക്കൊണ്ടിരുന്ന കാറില്‍ നിന്നും സിറിയന്‍ പൗരനെ സാഹസികമായി രക്ഷിച്ച ഖത്വരി പൗരന് യു എ ഇയുടെ മരണാനന്തര ബഹുമതി. അഞ്ചു വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് സാദ് മുബാറക് അബ്ദുര്‍റഹ്മാന്‍ എന്ന ഖത്വരി പൗരന് യു എ ഉപപ്രധാനമന്ത്രി ആദരിച്ചത്. മരണപ്പെട്ട സാദ് അബ്ദുര്‍റഹ്മാനു വേണ്ടി സഹോദരനാണ് പുരസ്‌കാരം സ്വീകരിച്ചത്.

2011 ജനുവരിയില്‍ റാസല്‍ഖൈമ കോര്‍ണിഷിലാണ് സംഭവം നടന്നത്. അലി അല്‍ ഖദ്‌രി എന്നു പേരുള്ള സിറിയന്‍ പൗരന്‍ സഖര്‍ ഹോസ്പിറ്റലിലെ ടെക്‌നീഷ്യന്‍ ജോലിക്കു പോകുന്നതിനിടെയാണ് കാര്‍ നിയന്ത്രണം വിട്ട് വെള്ളത്തിലേക്കു മറിഞ്ഞത്.

കണ്ടു നിന്ന സാദ് അബ്ദുര്‍റഹ്മാന്‍ ഓടിയെത്തി കടലില്‍ ചാടി അലി അല്‍ ഖദ്‌രിയെ രക്ഷപ്പെടുത്തുകയായിരുന്നു. സഹജീവിയുടെ ജീവന്‍ രക്ഷിക്കുന്നതിനായി നടത്തിയ സാഹസിക പ്രവര്‍ത്തനം അന്നും മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.

കഴിഞ്ഞ ദിവസം ദോഹയില്‍ നടന്ന സുരക്ഷയ്ക്കായുള്ള യു എ ഇ-ഖത്വര്‍ സംയുക്ത സമിതിയുടെ സംഗമത്തില്‍ വെച്ചാണ് സാദ് അബ്ദുര്‍റഹ്മാന്റെ സേവനത്തെ അനുസ്മരിച്ച് ആദരവ് നടന്നത്. യു എ ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ പുരസ്‌കാരം ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ സെയ്ഫ് അബ്ദുല്ലാ അല്‍ ശാഫര്‍ ആണ് സാദ് അബ്ദുര്‍റഹ്മാന്റെ സഹോദരന് സമ്മാനിച്ചത്.