തിരിച്ചുവരവിന് രോഹിത്

Posted on: March 2, 2017 5:25 am | Last updated: March 2, 2017 at 12:26 am
രോഹിത് ശര്‍മ

ന്യൂഡല്‍ഹി: നാല് മാസത്തെ ഇടവേളക്ക് ശേഷം രോഹിത് ശര്‍മ ക്രീസിലേക്ക് തിരിച്ചെത്തുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ നാലിന് ആന്ധ്രക്കെതിരെയും ആറിന് ഗോവക്കെതിരെയും മുംബൈക്ക് വേണ്ടി കളിക്കുമെന്ന് രോഹിത് ശര്‍മ വ്യക്തമാക്കി.

ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് രോഹിത് വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റിനിറങ്ങുന്നത്. പരുക്കേറ്റ് ടീമില്‍ നിന്ന് വിട്ടു നിന്നവര്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫിറ്റ്‌നെസ് തെളിയിക്കേണ്ടതുണ്ട്. കുംബ്ലെ കോച്ചായതിന് ശേഷം ഇത് കര്‍ക്കശമാണ്. ന്യൂസിലാന്‍ഡിനെതിരെ വിശാഖപട്ടണത്ത് ഏകദിന മത്സരം കളിക്കവെയാണ് രോഹിത് പരുക്കേറ്റ് പുറത്തായത്. ലണ്ടനില്‍ ശസ്ത്രക്രിയക്ക് വിധേയനായി. തുടര്‍ന്ന് ബെംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ റിഹാബിലിറ്റേഷനിലായിരുന്നു.
വിജയ് ഹസാരെ ട്രോഫിയില്‍ മികവറിയിച്ചാല്‍ ആസ്‌ത്രേലിയക്കെതിരെ റാഞ്ചിയിലും ധര്‍മശാലയിലും നടക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമിലേക്ക് രോഹിതിന് ക്ഷണം വന്നേക്കും. സെലക്ഷന്‍ ലഭിച്ചില്ലെങ്കില്‍ രോഹിതിന്റെ അടുത്ത ചാമ്പ്യന്‍ഷിപ്പ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗാണ്. മുംബൈ ഇന്ത്യന്‍സിന്റെ നേതൃസ്ഥാനത്താണ് രോഹിത്.