മെസി വിലപേശുന്നു !

Posted on: March 2, 2017 6:55 am | Last updated: March 2, 2017 at 12:23 am

ബാഴ്‌സലോണ: അര്‍ജന്റീനയുടെ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി ബാഴ്‌സലോണ ക്ലബ്ബില്‍ തുടരുന്നത് സംബന്ധിച്ചുള്ള അവ്യക്തത തുടരുകയാണ് ! ചൈനീസ് ക്ലബ്ബുകളില്‍ നിന്നുള്ള വന്‍ ഓഫറുകള്‍ നിരസിച്ച് ബാഴ്‌സയില്‍ തുടരണമെങ്കില്‍ മെസി ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയില്‍ നിന്ന് മെസിക്ക് നൂറ് ദശലക്ഷം യൂറോയുടെ ലോക റെക്കോര്‍ഡ് ഓഫറാണ് ലഭിച്ചിട്ടുള്ളത്. എന്നാല്‍ യൂറോപ്യന്‍ ഫുട്‌ബോളില്‍ തുടരുക എന്ന ലക്ഷ്യമാണ് മെസിക്കുള്ളത്. സ്പാനിഷ് ജേര്‍ണലിസ്റ്റ് എഡ്വോര്‍ഡോ ഇന്‍ഡ പറയുന്നത് ചൈനീസ് ഓഫര്‍ ഉപയോഗിച്ച് മെസി ബാഴ്‌സ മാനേജ്‌മെന്റിന് മുന്നില്‍ തന്റെ ചില താത്പര്യങ്ങള്‍ നടപ്പിലാക്കാനുള്ള വിലപേശല്‍ നടത്തുകയാണ്.

മെസിയുടെ നിര്‍ദേശങ്ങള്‍ പ്രധാനമായും മൂന്നെണ്ണമാണ്. നിലവിലെ കോച്ച് ലൂയിസ് എന്റിക്വെക്ക് കീഴില്‍ ഇനിയും കളിക്കുവാന്‍ മെസിക്ക് താത്പര്യമില്ല. മുന്‍ ചിലി കോച്ച് ജോര്‍ജ് സംപോളിയെ പുതിയ കോച്ചായി നിയമിക്കണമെന്നതാണ് മെസിയുടെ ആവശ്യം. അതല്ലെങ്കില്‍ പെപ് ഗോര്‍ഡിയോളയെ തിരിച്ചു കൊണ്ടു വരണം. ബാഴ്‌സ മാനേജ്‌മെന്റുമായി ഉടക്കിയാണ് പെപ് പോയത്. ഇപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലുള്ള പെപിനെ മെസി ഫോണില്‍ ബന്ധപ്പെട്ടെന്നും തിരിച്ചുവരവിന് ആവശ്യപ്പെട്ടെന്നും സൂചനയുണ്ട്.

ഏതാനും കളിക്കാരെ ബാഴ്‌സ വിറ്റൊഴിവാക്കണമെന്നതാണ് മെസിയുടെ അടുത്ത ആവശ്യം. ആന്ദ്രെ ഗോമസ്, പാചോ അല്‍കാസര്‍, ലുകാസ് ഡിഗ്നെ, ജെറെമി മാത്യു എന്നിവരെയാണത്രെ മെസി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കളിക്കാരുടെ പ്രകടനത്തില്‍ മെസി ഒട്ടും സംതൃപ്തനല്ല.
അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തില്‍ കോച്ച് ആന്ദ്രെ ഗോമസിനെ ബെഞ്ചിലിരുത്തി റാഫീഞ്ഞക്ക് ഇടം നല്‍കിയത് മെസിയുടെ ഈ ഇടപെടലിന്റെ അനുരണനമായി കാണുന്നവരുണ്ട്.
യൂറോപ്പില്‍ കരുത്തറിയിക്കാന്‍ മികച്ച കളിക്കാരെ എത്രയും വേഗം ടീമിലെത്തിക്കണം.
റയലില്‍ നിന്ന് ഇസ്‌കോ, പി എസ് ജിയില്‍ നിന്ന് ഏഞ്ചല്‍ ഡി മരിയ എന്നിവരെയാണ് മെസി നിര്‍ദേശിച്ചിരിക്കുന്നത്. കൂടാതെ ഒരു ലോകോത്തര ഡിഫന്‍ഡറെയും വേണം.
മെസിയുടെ ഈ ആവശ്യങ്ങള്‍ ബാഴ്‌സ അംഗീകരിക്കുമോ ? നിലവിലെ സ്ഥിതിയില്‍ ബാഴ്‌സക്ക് മെസിയെ ഒഴിച്ചു നിര്‍ത്താനാവില്ല. മെസിക്ക് മുന്നില്‍ വലിയ സാധ്യതകളുണ്ട് താനും.