മാന്യത നടിച്ച് യു എസ് കോണ്‍ഗ്രസില്‍ ട്രംപ്

Posted on: March 2, 2017 7:38 am | Last updated: March 1, 2017 at 11:40 pm
യു എസ് കോണ്‍ഗ്രസിനെ അഭിമുഖീകരിക്കുന്ന ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: പ്രകോപനത്തിന്റെയും ആക്രോശത്തിന്റെയും പതിവ് ശൈലി മാറ്റി യു എസ് കോണ്‍ഗ്രസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കന്നി പ്രസംഗം. വിവാദ വിഷയങ്ങളില്‍ ഇടപെടാതെ ദേശീയത ഉയര്‍ത്തിക്കാട്ടി ജനകീയനാകാനുള്ള ശ്രമമാണ് ട്രംപ് നടത്തുന്നത്. മുസ്‌ലിം, കുടിയേറ്റവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭത്തെ തണുപ്പിക്കാനാണ് പുതിയ തന്ത്രവുമായി ട്രംപ് കോണ്‍ഗ്രസിലെത്തിയതെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നു.

‘അമേരിക്കക്ക് വേണ്ടി’യെന്ന ദേശീയത നിറഞ്ഞ പ്രയോഗം ഉയര്‍ത്തി മാനുഷികവിരുദ്ധ നിലപാടുകളെ ന്യായീകരിക്കാന്‍ പ്രസംഗത്തിലൂടെ ട്രംപ് ശ്രമിച്ചു. കന്‍സാസില്‍ യു എസ് പൗരന്റെ വെടിയേറ്റ് ഇന്ത്യന്‍ എന്‍ജിനീയര്‍ കൊല്ലപ്പെട്ട സംഭവത്തെ ട്രംപ് അപലപിച്ചു. രാജ്യ സുരക്ഷക്ക് വേണ്ടി കുടിയേറ്റക്കാരെ നിയന്ത്രിക്കുന്ന നടപടിയുമായി മുന്നോട്ടുപോകുമെന്നും ഇതിനായി വലിയ മതില്‍ പണിയുമെന്നും ട്രംപ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തും ഉദ്ഘാടന പ്രസംഗത്തിലും ട്രംപ് നടത്തിയ പ്രസംഗങ്ങളുടെ ശൈലിയില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഇന്നലെ യു എസ് കോണ്‍ഗ്രസില്‍ നടന്നത്. അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരെ പ്രകോപനപരമായ പ്രഖ്യാപനങ്ങള്‍ നടത്താതെ പരോക്ഷമായ കൂരമ്പുകള്‍ എയ്താണ് ട്രംപ് സംസാരിച്ചത്. വിവാദങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറിയുള്ള ട്രംപിന്റെ വാക്കുകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംതൃപ്തി പ്രകടിപ്പിച്ചെങ്കിലും പെട്ടെന്നുള്ള ഈ മനംമാറ്റത്തില്‍ ആശങ്കപ്പെടേണ്ടതുണ്ടെന്ന് ഡെമോക്രാറ്റിക് പ്രതിനിധികള്‍ പ്രതികരിച്ചു.
എതിരാളികള്‍ക്കെതിരെ അസഭ്യം കലര്‍ന്നതും വാസ്തവവിരുദ്ധവുമായ ആക്ഷേപങ്ങള്‍ ഉന്നയിക്കാറുണ്ടായിരുന്ന ട്രംപ് മാന്യതയുടെ ഭാഷയിലാണ് കോണ്‍ഗ്രസില്‍ പ്രസംഗം നടത്തിയത്. തന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഡെമോക്രാറ്റിക്കുകളുടെയും റിപ്പബ്ലിക്കന്മാരുടെയും പിന്തുണ വേണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുന്ന കുടിയേറ്റ, മുസ്‌ലിംവിരുദ്ധ നിയമങ്ങള്‍ പ്രഖ്യാപിക്കുമെന്ന സൂചനയും ട്രംപിന്റെ പ്രസംഗത്തിലുണ്ട്. കുടിയേറ്റക്കാരായ കുറ്റവാളികളുടെ ആക്രമണങ്ങളില്‍ ഇരയാകുന്നവരെ സഹായിക്കാനായി പ്രത്യേക ഓഫീസ് ഉണ്ടാക്കുമെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. കോടതി വിലക്ക് നേരിടുന്ന മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ യാത്രാ നിരോധ നിയമം പുതിയ രീതിയില്‍ കൊണ്ടുവരുമെന്നും അമേരിക്കയില്‍ തീവ്രവാദം വളര്‍ത്താന്‍ അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇസ്‌ലാമിക തീവ്രവാദമെന്ന പ്രയോഗത്തിലൂടെ ഇസ്‌ലാമോഫോബിയ രാജ്യത്ത് പടര്‍ത്താന്‍ ട്രംപ് പ്രസംഗത്തിലൂടെ ശ്രമിച്ചു. ഇസ്‌ലാമിക തീവ്രവാദത്തില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുമെന്നും ഇതിന് മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വദേശീവത്കരണം വ്യാപിപ്പിക്കാന്‍ യു എസ് പൗരന്മാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതും കുടിയേറ്റ നിരോധം നടപ്പാക്കുന്നതും അമേരിക്കക്ക് വേണ്ടിയാണ്. എല്ലാ വിഷയത്തിലും യു എസ് പൗരന്മാര്‍ക്കാണ് പ്രാഥമിക പരിഗണന നല്‍കുന്നത്. ഇങ്ങനെ മാത്രമേ അമേരിക്കയെ മഹത്തായ രാജ്യമാക്കാന്‍ കഴിയു. അമേരിക്കക്കാര്‍ക്ക് ജോലിയില്ലാതാക്കുന്ന കരാറുകളില്‍ നിന്ന് പിന്മാറും. നിലവിലുളള ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ ഒബാമ കെയര്‍ നിര്‍ത്തലാക്കും. കുറഞ്ഞ ചെലവില്‍ പുതിയ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കും. അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ പ്രസംഗം കൈയടിയോടെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ സ്വീകരിച്ചപ്പോള്‍ ഡെമോക്രാറ്റിക്കുകളില്‍ കാര്യമായ ചലനം ഉണ്ടായില്ല. ട്രംപിന്റെ സ്ത്രീവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് വെള്ള വസ്ത്രം ധരിച്ചായിരുന്നു ഡെമോക്രാറ്റുകളായ വനിതാ അംഗങ്ങള്‍ കോണ്‍ഗ്രസില്‍ ഹാജരായത്.