ഖത്വറില്‍ അരി വിലയില്‍ മാറ്റമില്ല; വിപണിയില്‍ ക്ഷാമവുമില്ല

Posted on: March 1, 2017 7:15 pm | Last updated: March 1, 2017 at 6:47 pm

ദോഹ: കേരളത്തില്‍ അരി വില വര്‍ധിച്ചതായ വാര്‍ത്തകള്‍ പ്രവാസികള്‍ക്കിടയിലും ആശങ്ക പരത്തുമ്പോള്‍ ഖത്വറിലെ റീട്ടെയില്‍ മാര്‍ക്കറ്റില്‍ അരി വിലയില്‍ മാറ്റമില്ല. വില വര്‍ധിപ്പിക്കാന്‍ കമ്പനികളില്‍ നിന്ന് സമ്മര്‍ദമുണ്ടെങ്കിലും വാണിജ്യ മന്ത്രാലയത്തിന്റെ നിയന്ത്രണമുള്ളതിനാല്‍ വില കൂടിയിട്ടില്ലെന്ന് റീട്ടെയില്‍ സ്ഥാപനങ്ങള്‍ വ്യക്തമാക്കി. അതേസമയം വില വര്‍ധന സൃഷ്ടിക്കുന്ന ക്ഷാമവും വിപണിയിലില്ല. സ്ഥാപനങ്ങളിലെല്ലാം അരി യഥേഷ്ടം സ്റ്റോക്കുണ്ട്.

പാലക്കാടന്‍ മട്ട, കുറുവ തുടങ്ങി മലയാളികള്‍ സാധാരണയി ഉപയോഗിക്കുന്ന അരികള്‍ക്ക് അഞ്ചു കിലോയ്ക്ക് 19 മുതല്‍ 24 റിയാല്‍ വരെയാണ് വില. വിവിധ കമ്പനികളുടെ അരിക്ക് വ്യത്യസ്ത വിലയാണ് ഈടാക്കുന്നത്. കമ്പനികളുടെ പേരില്‍ തന്നെ വാണിജ്യ മന്ത്രാലയം അംഗീകരിച്ച വിലയില്‍ വില്‍പ്പന നടത്തണമെന്ന് നിബന്ധനയുള്ളതിനാല്‍ റീട്ടെയില്‍ സ്ഥാപനങ്ങള്‍ക്ക് വില കൂട്ടി വില്‍ക്കുക സാധ്യമല്ല. ഏതാനും മാസങ്ങളായി വിപണിയില്‍ വിലയില്‍ വലിയ വ്യത്യാസമില്ലാതെ തുടരുകയാണ്. അതേസമയം, അരി വിതരണം ചെയ്യുന്ന ബ്രാന്‍ഡഡ് കമ്പനികള്‍ വില വര്‍ധിപ്പിച്ചു തരണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും എന്നാല്‍ വില വര്‍ധിക്കാത്ത സാഹചര്യത്തിലും വിതരണം കുറക്കാന്‍ ആരും തയാറായിട്ടില്ലെന്നും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പ്രതിനിധി രാജേഷ് പറഞ്ഞു.

മൊത്ത വിതരണക്കാര്‍ അരിക്ഷാമം ചൂണ്ടിക്കാട്ടി വില കൂടുതല്‍ ചോദിക്കുന്നുണ്ട്. എന്നാല്‍, നേരിട്ടു വാങ്ങുന്നതുള്‍പ്പെടെ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും വില വര്‍ധിപ്പിക്കേണ്ട സാഹചര്യമില്ലെന്നും മൊത്ത വിതരണക്കാര്‍ അരി നല്‍കുന്നതില്‍ കുറവു വരുത്താന്‍ ഇതുവരെ തയാറായിട്ടില്ലും അദ്ദേഹം പറഞ്ഞു. നാട്ടിലെ അരി വില വര്‍ധനയുടെ സൂചന ഖത്വര്‍ വിപണിയിലില്ലെന്നും ആവശ്യത്തിന് അരി പഴയ വിലയില്‍ തന്നെ ലഭ്യമാകുന്നുണ്ടെന്നും ക്വാളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റ് പ്രതിനിധി ഫൈസല്‍ ബാബു പറഞ്ഞു. മന്ത്രാലയത്തിന്റെ നിയന്ത്രണം തന്നെയാണ് വില വര്‍ധിക്കാതിരിക്കുന്നതിന് മുഖ്യ കാരണമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, പ്രമോഷനുകള്‍ അവതരിപ്പിച്ച് കുറഞ്ഞ വിലക്ക് വിപണിയില്‍ അരി വിതരണം ചെയ്യാനും കമ്പനികള്‍ തയാറാകുന്നുണ്ട്.
അരി വില വര്‍ധിച്ചതായി വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ് വിപണിയിലും വില ഉയര്‍ത്താന്‍ വിതരണക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് റീട്ടെയില്‍ മേഖല സൂചിപ്പിക്കുന്നു. അതേസമയം, അരി ലഭ്യതയിലും ഇറക്കുമതിയിലും കുറവു വരാത്തത് വിലക്കയറ്റം യഥാര്‍ഥമല്ലെന്ന സംശയവും ജനിപ്പിക്കുന്നതായി അവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രമോഷനുകള്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ചാണ് കമ്പനികള്‍ അരി വിപണിയിലെത്തിക്കുന്നത്. മൊത്തവിതരണക്കാരും നഷ്ടക്കണക്ക് പറഞ്ഞ് സമ്മര്‍ദം ചെലുത്തുന്നുവെങ്കിലും വില കൂടുതല്‍ കിട്ടാതിരുന്നിട്ടും വിതരണം കുറക്കാന്‍ അവര്‍ തയാറായിട്ടില്ല. സമീപഭാവിയിലൊന്നും ഖത്വര്‍ വിപണിയില്‍ അരി വിലയില്‍ മാറ്റം വരില്ലെന്നും വ്യാപാരികള്‍ പറയുന്നു.

അതിനിടെ കേരളത്തില്‍ ബ്രാന്‍ഡഡ് അരികള്‍ക്കാണ് വിലക്കൂടുതലെന്നും പ്രാദേശിക വിപണിയില്‍ ചില്ലറയായി വില്‍ക്കു സാധാരണ കുറുവ അരിക്ക് കിലോക്ക് 32 രൂപയും ആന്ധ്ര കുറുവ അരിക്ക് 36 രൂപയാണ് വിലയെന്നും കച്ചവടക്കാര്‍ പറഞ്ഞു. ബ്രാന്‍ഡഡ് അരി ഉപയോഗിക്കുന്ന പ്രവണത ഉയരുകയും ഇതു മുതലെടുത്ത് കുത്തക കമ്പനികള്‍ വില ഉയര്‍ത്തുകയും ചെയ്യുന്നു. വിപണിയില്‍ അരിവില വര്‍ധന നിയന്ത്രിക്കാന്‍ ഗള്‍ഫിലേതു പോലെ കേരള സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതാണ് അനിയന്ത്രിത വില വര്‍ധനക്കു കാരണം. അരിവില വര്‍ധനയുണ്ടെന്നും ഇല്ലെന്നും സ്ഥാപിച്ച് സോഷ്യല്‍ മീഡിയയില്‍ ഭരണാനുകൂലികളും വിരുദ്ധരും പ്രചാരണം ശക്തമാക്കി. വിലക്കൂടുതല്‍ ഫേസ്ബുക്കില്‍ മാത്രമേയുള്ളൂ എന്നും കടയില്‍ നിന്നു വാങ്ങുമ്പോള്‍ 35 രൂപക്ക് അരി കിട്ടുമെന്നും ഒരു വിഭാഗം പോസ്റ്ററിറക്കുമ്പോള്‍ ഫേസ്ബുക്കില്‍ മാത്രമാണ് അരിക്കു വിലക്കുറവെന്നും നേരിട്ടു കടയില്‍ പോയാല്‍ 45 ഉം 50ഉം കൊടുക്കണമെന്നും അതേ നാണയത്തില്‍ മറുപടിയും വരുന്നു.