സഊദിയില്‍ 2016 ല്‍ ആയിരം സൈബര്‍ ആക്രമണങ്ങള്‍

Posted on: March 1, 2017 6:50 pm | Last updated: March 1, 2017 at 6:08 pm

ദമ്മാം: സഊദി അറേബ്യയിലെ സ്ഥാപനങ്ങളിലും സവിധാനങ്ങളിലും 2016ല്‍ ഹാക്കര്‍മാരില്‍ നിന്ന് 1000 സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടതായി നാഷനല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ ഡയറക്ടര്‍ ജനറല്‍ സാലിഹ് ഇബ്‌റാഹിം അല്‍ മുത്വൈരി പറഞ്ഞു. സേവനങ്ങള്‍ മുടക്കുക, ഡാറ്റകള്‍ മോഷ്ടിക്കുക, ഘടനകള്‍ തകരാറിലാക്കുക എന്നിവ ലക്ഷ്യം വെച്ചാണ് ആക്രമണങ്ങള്‍. ഈയിടെ നടന്ന കൂടുതല്‍ സൈബര്‍ ആക്രമണങ്ങളും ഒരേ മതൃകയിലുള്ളതും നാലു വര്‍ഷം മുമ്പ് സഊദിയില്‍ ചില കമ്പനികളില്‍ ഉണ്ടായ അതേ സ്വഭാവമാണെന്നും സാങ്കേതിക കാര്യ ചുമതലയുള്ള അഭ്യന്തര സഹമന്ത്രി പ്രിന്‍സ് ബന്ദര്‍ അബ്ദുല്ല അല്‍ മിഷ്അരി അല്‍ സഊദ് പറഞ്ഞു.

റിയാദില്‍ നടന്ന രണ്ടാമത് സൈബര്‍ സെക്യൂരിറ്റി സമ്മേളനത്തില്‍ രാജ്യത്തെ സൈബര്‍ സുരക്ഷാ സംവിധാനം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രിന്‍സ് ബന്ദര്‍ നിര്‍ദ്ദേശം നല്‍കി. കോര്‍പറേറ്റ് ഓഫീസര്‍മാര്‍, ഐ.ടി, സുരക്ഷാ മാനേജര്‍മാര്‍ എന്നിവരടങ്ങുന്ന 1000 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. വിഷന്‍ 2030 അനുസരിച്ച് സഊദിയുടെ പുതിയ സാമ്പത്തിക പദ്ധതിയിലെ പ്രധാന ഘടകം വിവര സാങ്കേതിക വിനിമയമാണ്. വ്യാപകമായ വിവരസാങ്കേതിക ഉപയോഗങ്ങള്‍ ഹാക്കര്‍മാരുടെയും ഹാക്കിവിസ്റ്റുകളുടെയും സംഘടിത കുറ്റവാളികളുടെയും വിദേശ സര്‍ക്കാറുകളുടെയും സുരക്ഷാ ആക്രമണങ്ങള്‍ നേരിടാം.

ഇതിനെ വിജയകരമായി നേരിടുന്നതിനായി നിലപാടുകളും നയങ്ങളും നിയമചട്ടക്കൂടുകളും രാജ്യം വികസിപ്പിക്കും. പ്രശ്‌നകരമായ വിവരങ്ങള്‍, മുന്നറിയിപ്പുകള്‍ എന്നിവ പങ്കുവെക്കുകയും പ്രചരിപ്പിക്കുകയും ചെയ്യും. സൈബര്‍ വിദ്യാഭ്യാസം നല്‍കുകയും കമ്പനികള്‍ക്കിടയില്‍ സൈബര്‍ സുരക്ഷയെ സംബന്ധിച്ച് ബോധവല്‍കരണം നടത്തുകയും ചെയ്യും. 2016 ല്‍ 992 ഹാകിംഗ് ശ്രമങ്ങളും ഹാക്കിംഗ് നടന്നതായി 124 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1865 ആസൂത്രിത അക്രമണങ്ങളുടെ മുന്നറിയിപ്പും ലഭിച്ചു. സൈബര്‍ ഇടങ്ങള്‍ നിരീക്ഷിക്കുന്നതിന് ദിനം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ദേശീയ അടിത്തറ ഈയടുത്തായി വികസിപ്പിച്ചതായി അല്‍ മുത്വൈരി പറഞ്ഞു. രാജ്യത്തെ കമ്പ്യൂട്ടര്‍ ശൃംഖലയിലും സാങ്കേതിക സംവിധാനങ്ങളിലും ഉള്ള അപകട സാധ്യതയും ഭീഷണിയും തിരിച്ചറിയുന്നതിന് സര്‍ക്കാര്‍ ദേശീയ സാങ്കേതിക മികവ് കൈവരിച്ചതായും അദ്ദേഹം പറഞ്ഞു.