ഇന്ത്യന്‍ എന്‍ജിനീയറുടെ കൊലപാതകം; ട്രംപ് അപലപിച്ചു

Posted on: March 1, 2017 9:45 am | Last updated: March 1, 2017 at 7:24 pm
യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അഭിസംബോധന ചെയ്യുന്നു

വാഷിംഗ്ടണ്‍: യുഎസിലെ കന്‍സാസില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ വെടിയേറ്റു മരിച്ച സംഭവത്തെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപലപിച്ചു. അധികാരത്തിലേറിയ ശേഷം ആദ്യമായി യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു ട്രംപിന്റെ പ്രതികരണം. കന്‍സാസ് വെടിവെപ്പും ജൂതന്‍മാര്‍ക്ക് എതിരായ അക്രമങ്ങളും ഉള്‍പ്പെടെ വിദ്വേഷം പരത്തുന്ന എല്ലാത്തിനേയും തങ്ങള്‍ അപലപിക്കുന്നുവെന്നും വംശീയ വിദ്വേഷം യുഎസിന്റെ നയമല്ലെന്നും ട്രംപ് വ്യക്തമാക്കി.

വിസാ നിരോധനത്തിനായി ഏതറ്റം വരേയും പോകുമെന്നും ട്രംപ് പറഞ്ഞു. പരിശോധന അസാധ്യമായ രാജ്യങ്ങളില്‍ നിന്ന് വിസ അനുവദിക്കാന്‍ സാധിക്കില്ല. നിലവിലെ കുടിയേറ്റ നിയമങ്ങള്‍ കാലഹരണപ്പെട്ടതാണ്. അമേരിക്കയെ ഭീകരരില്‍ നിന്ന് രക്ഷിക്കാനാണ് വിസാ നിരോധനം ഏര്‍പ്പെടുത്തിയത്. അമേരിക്കയില്‍ എത്തുന്നവര്‍ രാജ്യത്തെ ശക്തിപ്പെടുത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കക്കാരുടെ തൊഴില്‍ അവസരങ്ങള്‍ കുറയ്ക്കുന്ന കരാറുകളില്‍ നിന്ന് പിന്‍മാറും, ഒബാമ കെയര്‍ പദ്ധതി നിര്‍ത്തലാക്കി കൂടുതല്‍ മെച്ചപ്പെട്ട ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി കൊണ്ടുവരും തുടങ്ങിയ പ്രഖ്യാപനങ്ങളും ട്രംപ് നടത്തി.