മണിപ്പൂരില്‍ അങ്കം മുറുകും വലിയ ദൗത്യങ്ങളുമായി കുഞ്ഞു പാര്‍ട്ടികള്‍

Posted on: March 1, 2017 8:53 am | Last updated: March 1, 2017 at 12:55 am

ഇംഫാല്‍: മണിപ്പൂരില്‍ കോണ്‍ഗ്രസും ബി ജെ പിയും ശക്തമാണെങ്കിലും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ചെറു പാര്‍ട്ടികള്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തല്‍. ആറ് മാസത്തിനിടെ നിരവധി ചെറു പാര്‍ട്ടികളാണ് ഇവിടെ ഉദയം ചെയ്തത്. സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ നീണ്ട നിര വേറെയും.

ഇതില്‍ ഏറ്റവും ഇളയത് ഇറോം ശര്‍മിളയുടെ പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് (പ്രജ) ആണ്. മാസങ്ങള്‍ നീണ്ട സാമ്പത്തിക ഉപരോധം, അഫ്‌സ്പ തുടങ്ങിയ വിഷയങ്ങളില്‍ ബി ജെ പിയും കോണ്‍ഗ്രസും ഒന്നും ചെയ്യുന്നില്ലെന്ന പൊതു വികാരത്തിന്റെ ചുവടുപിടിച്ചാണ് ഈ പാര്‍ട്ടികളെല്ലാം വരുന്നത്. പ്രജ മൂന്ന് സ്ഥാനാര്‍ഥികളെയാണ് രംഗത്തിറക്കിയിട്ടുള്ളത്. തംഗ്മീബാന്‍ഡില്‍ നിന്ന് പാര്‍ട്ടിയുടെ കണ്‍വീനര്‍ എറന്‍ഡ്രോ ലീച്ചോംബാം മത്സരിക്കുന്നു. തൗബാലില്‍ നിന്ന് മുഖ്യമന്ത്രി ഒക്രാം ഇബോബിക്കെതിരെയാണ് ഇറോം ശര്‍മിള മത്‌സരിക്കുന്നത്. വബ്ഗായിയില്‍ നിന്ന് ജനവിധി തേടുന്ന നജ്മാ ബിബിയാണ് മൂന്നാമത്തെ സ്ഥാനാര്‍ഥി. ഇവര്‍ മൂന്ന് പേരും 45 വയസ്സിന് താഴെ പ്രായമുള്ളവരാണ്.
ഒരു മാസം മുമ്പ് രജിസ്റ്റര്‍ ചെയ്യപ്പെട്ട പാര്‍ട്ടി ഈ തിരഞ്ഞെടുപ്പില്‍ സാനിനിധ്യമറിയിക്കുക മാത്രമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍, അഫ്‌സ്പ പിന്‍വലിക്കുകയടക്കമുള്ള മുദ്രാവാക്യങ്ങളും ഇറോം ശര്‍മിളയുടെ പോരാട്ട ചരിത്രവും പാര്‍ട്ടിക്ക് വലിയ സ്വീകാര്യത നല്‍കുന്നുണ്ടെന്നാണ് പ്രജാ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്.

‘ഞങ്ങള്‍ക്ക് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാമായിരുന്നു. പക്ഷേ ദീര്‍ഘകാല കാഴ്ചപ്പാടുകളാണ് ഞങ്ങള്‍ക്ക് ഉള്ളത്. അതുകൊണ്ട് പാര്‍ട്ടിയുടെ പേരില്‍ തന്നെ മത്സരിക്കുന്നു’ – ലീച്ചോംബാം പറഞ്ഞു. കോണ്‍ഗ്രസും ബി ജെ പിയും ദേശീയ പാര്‍ട്ടികളാണ്. അവരുടെ നേതാക്കള്‍ ഡല്‍ഹിയിലാണ് ഇരിക്കുന്നത്. അവര്‍ക്ക് മണിപ്പൂരിന്റെ യഥാര്‍ഥ പ്രശ്‌നത്തിലേക്ക് ശ്രദ്ധ ചെലുത്താനാകില്ല. വിദ്യാസമ്പന്നരായ ചെറുപ്പക്കാരാണ് പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്നത്. എട്ട് ലക്ഷം യുവാക്കളാണ് ഇവിടെ തൊഴിലില്ലായ്മ അനുഭവിക്കുന്നത്. അഫ്‌സ്പക്ക് പുറമേ പാര്‍ട്ടി ഉയര്‍ത്തുന്ന പ്രധാന മുദ്രാവാക്യം തൊഴിലില്ലായ്മ പരിഹരിക്കുക എന്നതാണ്. കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും വിഭജന രാഷ്ട്രീയമാണ് മറ്റൊരു വിഷയമെന്നും അദ്ദേഹം പറഞ്ഞു.

ഇതേ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പുതുതായി രൂപവത്കൃതമായ മറ്റൊരു പാര്‍ട്ടിയാണ് മണിപ്പൂര്‍ നാഷനല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി. മുന്‍ ഇബോബി സര്‍ക്കാറിലെ മന്ത്രിയായിരുന്ന ബിജോയ് അകോയിജാം ആണ് ഈ പാര്‍ട്ടിയുടെ മേധാവി. 13 സ്ഥാനാര്‍ഥികളെയാണ് ഈ പാര്‍ട്ടി മത്സരിപ്പിക്കുന്നത്. മൂന്ന് പേര്‍ പര്‍വത ജില്ലകളില്‍ മത്സരിക്കുന്നു. മണിപ്പൂരിന്റെ അഖണ്ഡതക്ക് വേണ്ടിയാണ് തന്റെ പാര്‍ട്ടി നിലകൊള്ളുന്നതെന്ന് അകോയിജാം പറയുന്നു. യുനൈറ്റഡ് നാഗാ കൗണ്‍സിലിനെതിരെയാണ് അവരുടെ പ്രധാന പ്രചാരണം.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 60ല്‍ ഏഴ് സീറ്റില്‍ വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് പ്രചാരണത്തില്‍ ശക്തമായ സാന്നിധ്യമായി തുടരുന്നുണ്ട്. പി എ സാംഗ്മയുടെ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടിയും ജനതാദള്‍ യുവും ഗോദയിലുണ്ട്. ബി ജെ പിയും കോണ്‍ഗ്രസും സീറ്റ് നിഷേധിച്ച ഏതാനും നേതാക്കള്‍ ചെറു പാര്‍ട്ടികളില്‍ ചേക്കേറിയിട്ടുണ്ട്. അകോയിജാമിന്റെ പാര്‍ട്ടിയില്‍ ഇത്തരത്തില്‍ ബി ജെ പിയില്‍ നിന്ന് വന്ന മൂന്ന് പേരും കോണ്‍ഗ്രസില്‍ നിന്ന് വന്ന ഒരാളുമുണ്ട്. ഈ നേതാക്കള്‍ക്ക് വ്യക്തിപരമായുള്ള സ്വാധീനം ഈ ചെറുപാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്.
പ്രചാരണത്തിന്റെ സ്വഭാവത്തിലും ഊന്നലിലും ഇത്തരം പാര്‍ട്ടികള്‍ വലിയ സ്വാധീനമാണ് ഉണ്ടാക്കുന്നത്. ദേശീയ പാര്‍ട്ടികള്‍ എടുക്കാന്‍ മടിക്കുന്ന നിരവധി വിഷയങ്ങള്‍ ഉന്നയിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു.