ട്രംപ്‌വിരുദ്ധ പ്രക്ഷോഭം: കുറ്റം ഒബാമക്ക്

Posted on: March 1, 2017 7:40 am | Last updated: March 1, 2017 at 12:41 am

വാഷിംഗ്ടണ്‍: തന്റെ ജനവിരുദ്ധവും പ്രതിഷേധാര്‍ഹവുമായ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ബരാക് ഒബാമയെ പഴിചാരി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റിന്റെ മുസ്‌ലിം വിലക്ക്, വര്‍ണ വിവേചനം, സ്ത്രീവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ മുന്‍ പ്രസിഡന്റ് ഒബാമയും അദ്ദേഹത്തിന്റെ കൂട്ടാളികളുമാണെന്നാണ് ട്രംപിന്റെ വിശദീകരണം. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കെതിരെ നടന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഒബാമയോട് കലിതുള്ളിയുള്ള ട്രംപിന്റെ പ്രസ്താവന.

ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഡൊണാള്‍ഡ് ട്രംപ് ഒബാമക്കെതിരെ ആരോപണം ഉന്നയിച്ചത്. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ഒബാമയാണ്. തികച്ചും രാഷ്ട്രീയപരമാണ് ഈ പ്രക്ഷോഭങ്ങള്‍. എന്നാല്‍ ഇതിന് തന്റെയടുത്ത് തെളിവുകളൊന്നും ഹാജരാക്കാനില്ലെന്ന് ട്രംപ് വിശദീകരിച്ചു. ട്രംപ് പ്രസിഡന്റായ ശേഷം നടക്കാനിരിക്കുന്ന ആദ്യ ബജറ്റിലെ തീരുമാനത്തെ കുറിച്ചും അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.