ഒരിടത്തും കാലുകുത്തിക്കില്ലെന്നത് ഗീര്‍വാണം മാത്രമെന്ന് മുഖ്യമന്ത്രി

Posted on: February 27, 2017 10:37 am | Last updated: February 27, 2017 at 1:47 pm

തിരുവനന്തപുരം: കേരളത്തിന് പുറത്ത് തന്നെ കാലുകുത്തിക്കില്ലെന്ന ആര്‍എസ്എസ് ഭീഷണി കാലില്ലാത്തയാള്‍ ചവിട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നത് പോലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് ഭീഷണി വെറും ഗീര്‍വാണം മാത്രമാണ്. ആര്‍എസ്എസ് കൊലപാതകം നടത്തിയിട്ടുണ്ടെന്ന കെ സുരേന്ദ്രന്റെ പ്രസംഗത്തില്‍ നിയമനടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഭയില്‍ നിന്ന് ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ മുഖ്യമന്ത്രി പരിഹസിച്ചു. ആര്‍എസ്എസ് അക്രമങ്ങളെ കുറിച്ചുള്ള ഉപചോദ്യങ്ങളില്‍ നിന്നും ബാര്‍കോഴയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടാനാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. പലകാര്യങ്ങളിലും കുമ്മനത്തിന്റേയും സുധീരന്റേയും വാക്കുകള്‍ സമാനമാണെന്നും പിണറായി പറഞ്ഞു.

കേരളത്തില്‍ ഒരു കൊലപാതകവും സംഭവിക്കാന്‍ പാടില്ല. കൊലപാതകത്തില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണം. ഇനി രാഷ്ട്രീയപാര്‍ട്ടികള്‍ ആണെങ്കില്‍ അവരുടെ പ്രവര്‍ത്തകരെ തടയുകയും ബോധവല്‍ക്കരണം നടത്തുകയും വേണം. സമാധാനപ്രക്രിയ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.