സംസ്ഥാനത്ത് ഗുണ്ടാവേട്ടക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

Posted on: February 20, 2017 1:24 pm | Last updated: February 20, 2017 at 9:33 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാവേട്ട ആരംഭിക്കാന്‍ പൊലീസിന് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം. 2010 ഗുണ്ടകളുടെ പട്ടികയാണ് ഇതിനായി ഇന്റലിജന്‍സ് തയാറാക്കിയത്. ജില്ലാ കലക്ടര്‍മാര്‍ക്കും റേഞ്ച് ഐജിമാര്‍ക്കും എസ്പിമാര്‍ക്കും പട്ടിക കൈമാറി. പട്ടികയില്‍ ഉള്ളവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന് മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കൊച്ചിയില്‍ യുവനടിയെ തട്ടികൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ പങ്ക് വ്യക്തമായതിന് പിന്നാലെയാണ് ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഗുണ്ടകളുടെ പട്ടിക ഇന്റലിജന്‍സ് ഡിജിപി ബിഎസ് മുഹമ്മദ് യാസീന്റെ മേല്‍നോട്ടത്തിലാണ് തയാറാക്കിയത്.

ആലപ്പുഴയിലാണ് ഏറ്റവുമധികം ഗുണ്ടകള്‍ ഉള്ളത്. ആലപ്പുഴയില്‍ 336 കണ്ണൂരില്‍ 305, തിരുവനന്തപുരം സിറ്റിയില്‍ 266, എറണാകുളം സിറ്റിയില്‍ 85 പേരും ഉണ്ട്. 30 ദിവസത്തിനകം പട്ടികയില്‍ ഉള്‍പ്പെട്ടവരെ പിടികൂടണമെന്ന് ഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.