Connect with us

Gulf

ശമ്പളമില്ല; കുവൈത്തില്‍ തൊഴിലാളികള്‍ പരാതിയുമായി എംബസിയില്‍

Published

|

Last Updated

കുവൈത്ത് സിറ്റി: ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് മലയാളികളടക്കമുള്ള തൊഴിലാളികള്‍ കൂട്ടത്തോടെ ഇന്ത്യന്‍ എംബസിയില്‍ പരാതിയുമായെത്തി. കുവൈത്തിലെ പ്രമുഖ കമ്പനിയായ ഖറാഫി നാഷനല്‍ കമ്പനിയിലെ തൊഴിലാളികളാണ് ആറുമാസമായി ശമ്പളം കിട്ടുന്നില്ലെന്ന പരാതിയുമായി ബുധനാഴ്ച രാവിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിയത്.

കമ്പനിയുടെ ശുഐബ ക്യാമ്പിലുള്ള 200 ഓളം ഇന്ത്യന്‍ തൊഴിലാളികളാണ് എംബസിയില്‍ പരാതി ബോധിപ്പിക്കാനത്തെിയത്. കമ്പനി യൂനിഫോമില്‍ മൂന്ന് ബസുകളിലായാണ് ഇവര്‍ എത്തിയത്. ശമ്പളം നല്‍കാത്തതിനോടൊപ്പം ശുചീകരണപ്രവൃത്തികള്‍ മുടങ്ങിയതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും തൊഴിലാളികള്‍ എംബസി അധികൃതരെ ബോധിപ്പിച്ചു. വിവിധ രാജ്യക്കാരായ 1500ഓളം തൊഴിലാളികള്‍ ക്യാമ്പില്‍ ദുരിത ജീവിതം നയിക്കുകയാണെന്ന് തൊഴിലാളികള്‍ പറഞ്ഞു. പരാതി രേഖപ്പെടുത്തിയ എംബസി കമ്പനി അധികൃതരെ വിളിപ്പിക്കുകയും തൊഴിലാളികളുമായി ചര്‍ച്ചക്ക് അവസരമൊരുക്കുകയും ചെയ്തു. മുടങ്ങിയ ശമ്പളം കുടിശ്ശിക ഉള്‍പ്പെടെ ഈ മാസം 22നും മാര്‍ച്ച് ഒന്നിനും നല്‍കാമെന്ന് കമ്പനി അധികൃതര്‍ ഉറപ്പുനല്‍കിയതോടെയാണ് തൊഴിലാളികള്‍ പിരിഞ്ഞുപോയത്.

ഇതിനിടെ ജോലി രാജിവെച്ച് പോയവരുടെ ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ അറിയിക്കണമെന്നും എംബസി കമ്പനി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥാനപതി സുനില്‍ ജെയിന്‍, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുബാഷിഷ് ഗോള്‍ഡര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഒരാഴ്ചക്കുള്ളില്‍ എംബസി പ്രതിനിധികള്‍ ക്യാമ്പ് സന്ദര്‍ശിക്കുമെന്ന് തൊഴിലാളികള്‍ക്ക് സ്ഥാനപതി ഉറപ്പുനല്‍കിയിട്ടുണ്ട്.

അതിനിടെ, ഖറാഫി കമ്പനി പുതിയ തൊഴിലാളികള്‍ക്കായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് റിക്രൂട്ട്‌മെന്റിനായി പുറപ്പെട്ടിട്ടുണ്ടെന്നും ,ഇന്നത്തെ അവസ്ഥയില്‍ ഈ കമ്പനിയില്‍ വന്നു ആരും വഞ്ചിതരാവരുതെന്നും ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കി.