Connect with us

From the print

15 ലക്ഷം ഫലസ്തീനികളുടെ ജീവൻ അപകടത്തിൽ

മനുഷ്യർക്ക് വായുവിൽ അപ്രത്യക്ഷമാകാൻ കഴിയില്ലെന്ന് ജർമനി

Published

|

Last Updated

ഗസ്സ | യു എൻ ഏജൻസികളടക്കമുള്ള അന്താരാഷ്ട്ര സന്നദ്ധ സംഘടനകളെ റഫയിൽ നിന്ന് തുരത്തിയോടിക്കാനൊരുങ്ങി ഇസ്റാഈൽ ഭരണകൂടം. ലോകരാഷ്ട്രങ്ങളുടെ എതിർപ്പുകൾ അവഗണിച്ച് കരയാക്രമണത്തിന് യുദ്ധടാങ്കുകൾ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി റഫയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പ്. അതിനിടെ, റഫയിലെ സൈനിക നീക്കം ആറ് ലക്ഷം കുട്ടികൾ ഉൾപ്പെടെ 15 ലക്ഷം ഫലസ്തീനികളുടെ ജീവിതം അപകടത്തിലാക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു എച്ച് ഒ) കിഴക്കൻ മെഡിറ്ററേനിയൻ റീജ്യനൽ ഡയറക്ടർ ഹനാൻ ബാൽക്കി പറഞ്ഞു.

ലോകാരോഗ്യ സംഘടനയും അനുബന്ധ യു എൻ ഏജൻസികളും റഫയിൽ സേവനത്തിന് പ്രതിജ്ഞാബദ്ധരാണെങ്കിലും അതിർത്തി കവാടങ്ങൾ അടച്ചതിനാൽ നിസ്സഹായാവസ്ഥയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാനുഷിക സഹായങ്ങൾ ലഭ്യമാക്കണമെങ്കിൽ അതിർത്തി ഉടൻ തുറക്കണമെന്നും മനുഷ്യരാശിക്ക് വേണ്ടി ഗസ്സയിൽ അടിയന്തര വെടിനിർത്തൽ അനിവാര്യമാണെന്നും ഹനാൻ ബാൽക്കി പറഞ്ഞു.
അതേസമയം, ഗസ്സക്കെതിരായ വംശഹത്യാനീക്കം മനപ്പൂർവം ശക്തമാക്കുകയാണെന്ന് റഫ അധിനിവേശം ചൂണ്ടിക്കാട്ടി ബ്രസീൽ ആരോപിച്ചു. ഇത് തുടർച്ചയായ വെടിനിർത്തൽ ചർച്ചകളെ പരാജയപ്പെടുത്തുമെന്നും ബ്രസീലിയൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. റഫക്കെതിരായ കൂടുതൽ ആക്രമണം തടയാൻ യു കെ സർക്കാർ അടിയന്തരമായി പ്രവർത്തിക്കണമെന്ന് അഭ്യർഥിച്ച് 30ലധികം ബ്രിട്ടീഷ് എൻ ജിഒകൾ സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചു. മരണവും നാശവും തടയാനും കൂടുതൽ സഹായം ലഭ്യമാക്കാനും ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കാനുമുള്ള ഒരേയൊരു മാർഗമാണ് വെടിനിർത്തലെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

15 ലക്ഷം മനുഷ്യർക്ക് വായുവിൽ അപ്രത്യക്ഷമാകാൻ കഴിയില്ലെന്ന് ജർമനി പറഞ്ഞു. അവർക്ക് സംരക്ഷണം ആവശ്യമാണ്. കൂടുതൽ അടിയന്തര മാനുഷിക സഹായം ആവശ്യമാണ്. റഫ, കരെം ശാലോം അതിർത്തികൾ ഉടൻ വീണ്ടും തുറക്കണം. റഫക്കെതിരായ വലിയ ആക്രമണത്തിനെതിരെ ഞാൻ മുന്നറിയിപ്പ് നൽകുന്നു- ജർമൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് എക്സിൽ പറഞ്ഞു.

അതിനിടെ, ആദ്യ ഘട്ടത്തിൽ മോചിപ്പിക്കാനിരിക്കുന്ന ബന്ദികളിൽ ചിലർ ജീവനോടെ ഉണ്ടാകണമെന്നില്ലെന്നാണ് ഹമാസ് പറയുന്നതെന്ന് ഇസ്റാഈൽ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടത്തിൽ ഹമാസിന്റെ കൈവശമുള്ള 132 ബന്ദികളിൽ നിന്ന് 40 പേരെ ജീവനോടെ വിട്ടയക്കണമെന്നായിരുന്നു ഇസ്റാഈലിന്റെ ആവശ്യം. വനിതകൾ, കുട്ടികൾ, മുതിർന്നവർ, രോഗികൾ എന്നിവരെ ആദ്യം വിട്ടയക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കരാറിലെ നിബന്ധനകൾ മയപ്പെടുത്തിയിട്ടുണ്ടെന്നും ഇത് അംഗീകരിക്കാനാകില്ലെന്നുമാണ് നിലപാട്.

ഇസ്റാഈലിനെ അറിയിക്കാതെയാണ് മാറ്റങ്ങൾ വരുത്തിയതെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കാര്യങ്ങൾ അമേരിക്കക്ക് അറിയാമായിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. ബന്ദി മോചനശേഷം സൈനിക നടപടി പുനരാരംഭിക്കുമെന്ന് ഇസ്റാഈൽ ആവർത്തിക്കുന്നുണ്ട്. ഹമാസിന്റെ സൈനിക, ഭരണശേഷി നശിപ്പിക്കുന്നത് വരെ ആക്രമണം തുടരുമെന്നാണ് ഇസ്റാഈൽ വാദം.

ഹമാസ് അംഗീകരിച്ച കരാറിലെ നിർദേശങ്ങൾ ഇസ്റാഈലിന്റെ ആവശ്യങ്ങളിൽ നിന്ന് ഏറെ ദൂരെയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. അതിനിടെ അമേരിക്ക, ഈജിപ്ത്, ഖത്വർ മധ്യസ്ഥരുമായി ചർച്ചകൾ തുടരാൻ പ്രതിനിധികളെ അയക്കുമെന്നും കൂട്ടിച്ചേർത്തു. ചർച്ചകൾ പുനരാരംഭിക്കാൻ ഖത്വറിൽ നിന്നുള്ള പ്രതിനിധി സംഘം ഇന്നലെ വീണ്ടും കൈറോയിലെത്തിയിട്ടുണ്ട്. അതേസമയം, ആക്രമണത്തിൽ ഇതുവരെ 34,789 പേർ കൊല്ലപ്പെടുകയും 78,204 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Latest