Connect with us

International

റഫ അതിർത്തി ഇസ്റാഈൽ കൈകളിൽ; മഹാദുരന്തം അരികെ

ടാങ്കുകൾ ഗസ്സയിൽ • സഹായ വിതരണം നിലച്ചു

Published

|

Last Updated

ഗസ്സ/ തെൽ അവീവ് | ഗസ്സയിൽ വെടിനിർത്തൽ ചർച്ചകൾക്കിടെ ആക്രമണം ശക്തമാക്കി ഇസ്‌റാഈൽ. ഗസ്സയെയും ഈജിപ്തിനെയും ബന്ധിപ്പിക്കുന്ന റഫ അതിർത്തി ക്രോസ്സിംഗിന്റെ നിയന്ത്രണം ഇസ്‌റാഈൽ പിടിച്ചെടുത്തു. ഇസ്‌റാഈൽ ടാങ്കുകൾ തെക്കൻ ഗസ്സ നഗരമായ റഫ ക്രോസ്സിംഗ് കടന്ന് നിലയുറപ്പിച്ചതോടെ ഇതുവഴിയുള്ള സഹായ വിതരണം നിലച്ചു.
ഗസ്സ ഭാഗത്തുള്ള അതിർത്തി പോസ്റ്റിന്റെ നിയന്ത്രണം പിടിച്ചെടുത്തതായി സ്ഥിരീകരിച്ച ഇസ്‌റാഈൽ, സൈനിക വാഹനങ്ങൾ അതിർത്തി കടന്ന് മുന്നേറുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു. റഫയിൽ കരയാക്രമണം നടത്തുന്നതിന്റെ ഭാഗമായി മേഖലയിൽ നിന്ന് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് നടപടി. റഫ ക്രോസ്സിംഗ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നാണ് ഇസ്‌റാഈലിന്റെ ആരോപണം. ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തെ തുടർന്ന് കരീം അബൂ സലീം അതിർത്തി നേരത്തേ അടച്ചിരുന്നു.
ആക്രമണം ശക്തമാക്കി ഈജിപ്ത് തലസ്ഥാനമായ കൈറോയിൽ നടന്ന ചർച്ച അട്ടിമറിക്കാനാണ് ഇസ്‌റാഈൽ ശ്രമമെന്ന് ഹമാസ് ആരോപിച്ചു. ഈജിപ്തും ഖത്വറും മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ അംഗീകരിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ഹമാസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. കരീം അബൂ സലീം അതിർത്തിക്ക് പിന്നാലെ റഫാ ക്രോസ്സിംഗും അടച്ചതോടെ ഗസ്സയിലേക്കുള്ള സഹായം പൂർണമായും നിലയ്ക്കുമെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾ പറഞ്ഞു. നിലവിൽ അവശ്യ വസ്തുക്കൾക്ക് ക്ഷാമം നേരിടുന്നുണ്ട്.

റഫയിൽ കരയാക്രമണം നടത്തരുതെന്ന അന്താരാഷ്ട്ര സമ്മർദം അവഗണിച്ചാണ് ഇസ്‌റാഈൽ നീക്കം. ഹമാസ് ഉപയോഗിക്കുന്ന സൗകര്യങ്ങൾ ഇല്ലാതാക്കാനുള്ള നിയന്ത്രിതമായ ആക്രമണമാണ് റഫയിൽ നടത്തുന്നതെന്നാണ് ഇസ്‌റാഈൽ സൈന്യത്തിന്റെ വാദം. 24 മണിക്കൂറിനിടെ ഇസ്‌റാഈൽ നടത്തിയ ആക്രമണത്തിൽ 54 ഫലസ്തീനികളാണ് കൊല്ലപ്പെട്ടതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയ അധികൃതർ പറഞ്ഞു.

പത്ത് ലക്ഷത്തിലധികം അഭയാർഥികളാണ് റഫയിലെ താത്കാലിക കൂടാരങ്ങളിൽ കഴിയുന്നത്. കരയാക്രമണം നടത്തുന്നതിന്റെ ഭാഗമായി കിഴക്കൻ റഫയിൽ നിന്നുള്ളവരോട് ഖാൻ യൂനുസിന്റെ പടിഞ്ഞാറൻ മേഖലയിലെയും മെഡിറ്ററേനിയൻ കടലിനോട് ചേർന്നുള്ള അൽ മവാസ്വിയിലെയും അഭയാർഥി ക്യാമ്പുകളിലേക്ക് മാറാനാണ് ഇസ്‌റാഈൽ ഡിഫൻസ് ഫോഴ്‌സിന്റെ നിർദേശം.
സഖ്യരാഷ്ട്രങ്ങൾ ഇടപെടണം
ആക്രമണം അവസാനിപ്പിക്കാൻ ഇസ്‌റാഈലിന്റെ സഖ്യ രാഷ്ട്രങ്ങൾ ഇടപെടണമെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.
വെടിനിർത്തൽ ശ്രമങ്ങൾക്കും ഉപാധികളില്ലാതെ ബന്ദികളുടെ മോചനത്തിനും അന്താരാഷ്ട്ര സമൂഹം ശ്രമിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
ഏഴ് മാസം പിന്നിട്ട ഇസ്‌റാഈൽ അധിനിവേശത്തിനിടെ ഇതുവരെ 37,789 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇവരിൽ ഭൂരിഭാഗവും കുട്ടികളാണ്.

Latest