Connect with us

From the print

സിംഹങ്ങൾക്കു നടുവിലും ഉദാസീനനാകാതെ ഒരു വോട്ടർ

സിംഹങ്ങളുടെ വിഹാരകേന്ദ്രമായ ഗീർ വനത്തിലാണ് ഈ ബൂത്ത് എന്നതൊന്നും ഇതിന് തടസ്സമാകില്ല

Published

|

Last Updated

ബനേജ് | ഇതിനകം തിരഞ്ഞെടുപ്പ് പൂർത്തിയായ സ്ഥലങ്ങളിൽ പൊതുവേ വോട്ടർമാരുടെ വരവ് കുറവാണെങ്കിലും നൂറ് ശതമാനം പോളിംഗ് നടക്കുമെന്ന് ഉറപ്പുള്ള ഒരു ബൂത്തുണ്ട് ഗുജറാത്തിൽ.
സിംഹങ്ങളുടെ വിഹാരകേന്ദ്രമായ ഗീർ വനത്തിലാണ് ഈ ബൂത്ത് എന്നതൊന്നും ഇതിന് തടസ്സമാകില്ല. അതിന് കാരണമുണ്ട്- ഈ ബൂത്തിൽ രജിസ്റ്റർ ചെയ്തത് ഒരേയൊരു വോട്ടറാണ്. അദ്ദേഹമാകട്ടെ, ഒരു തരത്തിലും ഉദാസീനത കാട്ടാതെ ഇന്നലെ ഉച്ചക്ക് മുന്പ് തന്നെ ബൂത്തിലെത്തി വോട്ട് ചെയ്തു.

വനത്തിലെ ക്ഷേത്രത്തിൽ പൂജാരിയായ മഹന്ത് ഹരിദാസ് ഉദാസീനാണ് “വി ഐ പി വോട്ടർ’. 2019ലാണ് ഇദ്ദേഹം ഇവിടെയെത്തിയത്. അന്ന് മുതൽ എല്ലാ തിരഞ്ഞെടുപ്പിലും ഗീർ വനത്തിലെ ബനേജിലെ ബൂത്തിൽ ഉദാസീൻ വോട്ട് ചെയ്യുന്നു.

വനം വകുപ്പ് ഓഫീസിലാണ് ബൂത്ത്. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ 40 ഡിഗ്രി ചൂടിൽ മൂന്ന് മണിക്കൂർ യാത്ര ചെയ്ത് വേണം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ സംഘത്തിന് ഇവിടെയെത്താൻ. ഏക വോട്ടർ ഉച്ചക്ക് മുന്പ് തന്നെ വോട്ട് ചെയ്തു മടങ്ങുമെങ്കിലും, മൊബൈൽ ഫോൺ സിഗ്നൽ പോലും ലഭിക്കാത്ത ബൂത്തിൽ ഉദ്യോഗസ്ഥർക്ക് പിന്നെയും ഏറെ നേരം കാത്തിരിക്കണം. വോട്ടിംഗ് സമയം അവസാനിക്കാതെ അവർക്ക് നടപടികൾ പൂർത്തിയാക്കി മടങ്ങാൻ കഴിയില്ലല്ലോ.
വനത്തിലെ ഒറ്റപ്പെട്ട വോട്ടർ എന്ന നിലയിൽ ലഭിക്കുന്ന മാധ്യമശ്രദ്ധ ഇഷ്ടപ്പെടുന്നുണ്ടെന്നും ജനാധിപത്യത്തിന്റെ ശക്തി ലോകത്തിന് മുന്നിൽ കാണിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നുമാണ് 42കാരനായ ഉദാസീനിന്റെ പ്രതികരണം.

Latest