കുവൈത്തില്‍ കഫാല സിസ്റ്റം അവസാനിക്കുന്നു; വിദേശികള്‍ക്ക് പ്രതീക്ഷയും ആശങ്കയും

Posted on: February 15, 2017 1:02 pm | Last updated: June 30, 2017 at 2:46 pm

കുവൈത്ത് സിറ്റി: രാജ്യത്തെ തൊഴില്‍ മേഖലയില്‍ പുനഃക്രമീകരണം വരുത്തുന്നതിന്റെ ഭാഗമായി നിലവിലെ വ്യക്തിഗത സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം അവസാനിപ്പിക്കാനും പകരം മാന്‍പവര്‍ അതോറിറ്റിയെ തൊഴിലാളികളുടെ പൊതു സ്‌പോണ്‍സറായി നിശ്ചയിക്കാനും പഠനസമിതി നിര്‍ദേശം.

ശുഊന്‍, മാന്‍പവര്‍ അതോറിറ്റി, ആഭ്യന്തരമന്ത്രാലയം, ബന്ധപ്പെട്ട മറ്റു മന്ത്രാലയങ്ങള്‍ എന്നിവയിലെ അംഗങ്ങളുള്‍പ്പെടുന്ന സര്‍ക്കാര്‍ സമിതിയാണ് ദീര്‍ഘനാളത്തെ പഠനത്തിന് ശേഷം റിപ്പോര്‍ട്ട് തയാറാക്കിയത്. സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ താമസ അനുമതി രേഖ (അഖാമ) മാന്‍പവര്‍ അതോറിറ്റിയുടെ കീഴിലായിരിക്കുകയെന്നതാണ് ഇതിലെ പ്രധാന മാറ്റം. തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ കരാറിലൊപ്പിടുന്നതിലൂടെയാണ് അതോറിറ്റി സ്‌പോണ്‍സറായി മാറുക. വ്യക്തികളോ കമ്പനികളോ സ്ഥാപനങ്ങളോ തൊഴിലുടമകളായി വരുന്ന ഘട്ടത്തിലും തൊഴിലാളിയുടെ യഥാര്‍ഥ ഉത്തരവാദിത്തം അതോറിറ്റിയില്‍തന്നെയായിരിക്കും. സിവില്‍ ഐഡിയില്‍ തൊഴിലുടമയുടെ പേരിന് പകരം മാന്‍പവര്‍ അതോറിറ്റി എന്നായിരിക്കും എഴുതുക.

ഇതോടെ തൊഴിലുടമയും തൊഴിലാളിയും ഈ രംഗത്തെ നിയമങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതരാകും. തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് തൊഴിലുടമ കസ്റ്റഡിയില്‍വെക്കുന്ന രീതി ഇതോടെ ഇല്ലാതാകും. ഒരാളുടെ തൊഴിലാളിയായി അതോറിറ്റിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത കാലത്തോളം തൊഴിലാളിക്ക് മറ്റൊരാളിലേക്ക് ഇഖാമ മാറ്റാന്‍ സാധിക്കില്ല. ഇതുകാരണം തൊഴിലെടുക്കാന്‍ സാധ്യമല്ലാത്ത ഘട്ടത്തില്‍ ഇഖാമ റദ്ദാക്കി നാട്ടിലേക്ക് മടങ്ങേണ്ടിവരും. തൊഴിലാളിയുടെ പേരിലുള്ള റസിഡന്‍ഷ്യല്‍ കാര്‍ഡ് സ്‌പോണ്‍സറുടെ പക്കല്‍ സൂക്ഷിക്കും. രാജ്യത്തിന് പുറത്തേക്ക് പോകുന്ന ഘട്ടത്തില്‍ ഈ കാര്‍ഡ് ബന്ധപ്പെട്ട ഇടങ്ങളില്‍ കാണിക്കല്‍ നിര്‍ബന്ധമാക്കുകയാണ് ചെയ്യുക. പാസ്‌പോര്‍ട്ട് മാത്രം കൈവശമുണ്ടായാല്‍ രാജ്യംവിടാന്‍ സാധിക്കുന്ന നിലവിലെ അവസ്ഥക്ക് ഇതോടെ മാറ്റമുണ്ടാകും.

അതിനിടെ, ജനസംഖ്യാ ക്രമീകരണവിഷയം പഠിക്കുന്നതിനായി പ്രത്യേക സമിതി രൂപവത്കരിക്കണമെന്ന് 10 പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ജംആന്‍ അല്‍ ഹര്‍ബശ്, അബ്ദുല്‍ കരീം അല്‍ കന്ദരി, എന്നിവരുടെ നേതൃത്വത്തിലാണ് അംഗങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ സമിതി തയാറാക്കുന്ന റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാന്‍ മാര്‍ച്ച് 30ന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ ഇല്ലാതാക്കുന്ന കാര്യം പഠിക്കുന്ന സര്‍ക്കാര്‍ സമിതിയുടെ തീരുമാനങ്ങള്‍ എങ്ങനെ പ്രയോഗവത്കരിക്കാം എന്നതും നിര്‍ദിഷ്ട സമിതിയുടെ വിഷയമായിരിക്കണം. തൊഴിലാളിയുടെയും തൊഴിലുടമയുടെയും രാജ്യത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലും അന്താരാഷ്ട്ര രംഗത്ത് കുവൈത്തിന്റെ സല്‍പേരിന് കളങ്കംവരാത്ത രീതിയിലുമായിരിക്കണം തീരുമാനങ്ങളെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു.