അടിവസ്ത്രം ധരിപ്പിച്ച് ലോക്കപ്പിലിട്ട സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Posted on: February 15, 2017 8:56 am | Last updated: February 15, 2017 at 10:58 am

കൊച്ചി: പൊതുസ്ഥലത്ത് കാറിലിരുന്ന് മദ്യപിച്ചെന്നതിന്റെ പേരില്‍ മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്ത് അടി വസ്ത്രം ധരിപ്പിച്ച് ലോക്കപ്പിലടച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. എറണാകുളം ജില്ലാ പോലീസ് മേധാവി മൂന്നാഴ്ചക്കകം അനേ്വഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സന്‍ പി മോഹനദാസ് നിര്‍ദേശം നല്‍കി. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്.

മദ്യപിച്ച് വാഹനം ഓടിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ് നടന്നതെങ്കിലും കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നില്ലെന്ന് കണ്ടെത്തിയതായി കമ്മീഷന്‍ നിരീക്ഷിച്ചു. പോലീസ് തന്നെ നിയമം നടപ്പാക്കിയതായും കമ്മീഷന്‍ നടപടിക്രമത്തില്‍ പറഞ്ഞു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. മൂന്നാഴ്ചയ്ക്കകം അനേ്വഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് എറണാകുളത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.