ട്രംപിനെ പഠിപ്പിക്കാനില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി

Posted on: February 15, 2017 9:00 am | Last updated: February 14, 2017 at 11:59 pm
വൈറ്റ് ഹൗസിലെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോയും ട്രംപും09

വാഷിംഗ്ടണ്‍: അഭയാര്‍ഥികളോട് മനുഷ്യത്വരഹിതമായ സമീപനം സ്വീകരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തത്കാലം ക്ലാസെടുക്കാനില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ. യു എസ് സന്ദര്‍ശനത്തിനെത്തിയ ട്രുഡോ, ട്രംപുമായുള്ള ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ശക്തമായ പരിഹാസവുമായി രംഗത്തെത്തിയത്.

നേരത്തെ ട്രംപിന്റെ അഭയാര്‍ഥിവിരുദ്ധ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച ട്രുഡോ, അമേരിക്ക പുറത്താക്കുന്ന അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ചര്‍ച്ചക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ട്രംപ് തന്റെ അഭയാര്‍ഥിവിരുദ്ധ നിലപാട് ആവര്‍ത്തിച്ചു. എന്നാല്‍ ഇത് സംവാദത്തിനുള്ള വേദിയല്ലെന്നും ഇവിടെ ട്രംപിനെ പഠിപ്പിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ട്രുഡോ പറഞ്ഞു.
ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായാണ് ട്രുഡോ അമേരിക്കയിലെത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, സുരക്ഷാ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം നടന്നത്.