ലോ അക്കാദമി സമരം: കോ ലീ ബി സഖ്യത്തിന് നീക്കമെന്ന് കോടിയേരി

Posted on: February 11, 2017 8:52 am | Last updated: February 11, 2017 at 12:01 pm

തിരുവനന്തപുരം: ലോ അക്കാദമി കോളജിലെ വിദ്യാര്‍ഥികളുടെ സമരം കോ ലീ ബി സഖ്യത്തിനുള്ള നീക്കമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുഐക്യത്തെ ദുര്‍ബലപ്പെടുത്തരുതെന്ന് സമരത്തില്‍ അണി ചേര്‍ന്ന സി പി ഐയെയും പേരെടുത്ത് പറയാതെ കോടിയേരി ഓര്‍മിപ്പിക്കുന്നു. ‘മുന്നണിയും ഭരണവും’ എന്ന തലക്കെട്ടോടെയുള്ള ലേഖനത്തിലെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് വന്നു.
സമരം നീട്ടിക്കൊണ്ടുപോയതിലൂടെ ബി ജെ പി ഒരുക്കിയ രാഷ്ട്രീയ കെണിയില്‍ മറ്റ് പാര്‍ട്ടികള്‍ വീണു. ഇത് മനസ്സിലാക്കി നിലപാടെടുക്കാന്‍ എല്‍ ഡി എഫിനെ സ്‌നേഹിക്കുന്നവര്‍ക്കും കഴിഞ്ഞില്ലെന്ന് സി പി ഐയെ പേരെടുത്ത് പറയാതെ കുറ്റപ്പെടുത്തുന്നു. ബി ജെ പിയോടും ആര്‍ എസ് എസിനോടും എത്രമാത്രം മൃദുത്വമാണ് കോണ്‍ഗ്രസ് -മുസ്‌ലിംലീഗ് കക്ഷികളും അവരുടെ നേതാക്കളും കാണിക്കുന്നതെന്ന് പേരൂര്‍ക്കടയിലെ സമരസ്ഥലത്തെ ഐക്യദാര്‍ഢ്യപ്രകടനങ്ങള്‍ വ്യക്തമാക്കിയെന്ന് കോടിയേരി ചോദിക്കുന്നു. വിദ്യാര്‍ഥി സമരത്തെ ആദ്യം തന്നെ കോണ്‍ഗ്രസും ബി ജെ പിയും ചേര്‍ന്ന് തകിടംമറിച്ചു. അതിന്റെ പ്രകടമായ തെളിവാണ് ബി ജെ പി നേതാവ് വി മുരളീധരന്റെ നിരാഹാരം. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും അത് പിന്തുടര്‍ന്നു.

എ കെ ആന്റണിയും മുസ്‌ലിം ലീഗ് നേതാവ് ഹൈദരാലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും ബി ജെ പിയെ ആശീര്‍വദിക്കാനെത്തി. മോദി സര്‍ക്കാര്‍ സൃഷ്ടിച്ച നോട്ട് പ്രതിസന്ധിക്കെതിരെ എല്‍ ഡി എഫുമായി ചേര്‍ന്ന് സമരം നടത്താന്‍ വിസമ്മതിച്ച വി എം സുധീരനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും മുസ്‌ലിം ലീഗിനും ബി ജെ പിയുമായി കൂട്ടുകൂടി സമരം നടത്തുന്നതിന് ഒരു മടിയുമുണ്ടായില്ല. ലോ അക്കാദമി സമരത്തെ ഇക്കൂട്ടര്‍ സംസ്ഥാന സര്‍ക്കാറിനെതിരായ രാഷ്ട്രീയ സമരമാക്കി മാറ്റിയിരുന്നു.
എല്‍ ഡി എഫിനെ ഒറ്റപ്പെടുത്താനും മുന്നണിയുടെ ഗവണ്‍മെന്റിനെ അസ്ഥിരപ്പെടുത്താനും കോ ലീ ബി കൂട്ടുകെട്ട് ഏത് ഘട്ടത്തിലും പ്രത്യക്ഷപ്പെടാമെന്നതാണ് ലോ അക്കാദമി സമരവും അനുബന്ധ സംഭവങ്ങളും ജാഗ്രതപ്പെടുത്തുന്നത്.

എന്നാല്‍, ബി ജെ പിയും കോണ്‍ഗ്രസും മുസ്‌ലിം ലീഗുമെല്ലാം കൈകോര്‍ത്തുപിടിച്ച് മഹാസഖ്യമുണ്ടാക്കിയാലും എല്‍ ഡി എഫിനെ തോല്‍പ്പിക്കാനും എല്‍ ഡി എഫ് സര്‍ക്കാറിനെ അട്ടിമറിക്കാനും കഴിയില്ലെന്ന് പ്രബുദ്ധകേരളം ആവര്‍ത്തിച്ച് തെളിയിക്കുകയാണെന്നും കോടിയേരി വ്യക്തമാക്കി. അതേസമയം, കോടിയേരി ബാലകൃഷ്ണന്‍ എഴുതിയ കോലീ ബി സഖ്യത്തില്‍ സി പി ഐയെ ഉള്‍പ്പെടുത്തേണ്ടെന്ന് കാനം രാജേന്ദ്രന്‍ കൊല്ലത്ത് പറഞ്ഞു. വഴിയില്‍ കിടക്കുന്ന തൊപ്പി എടുത്ത് തലയില്‍ വെക്കുന്ന സ്വഭാവം സി പി ഐക്കില്ലെന്ന് പറഞ്ഞ കാനം തങ്ങള്‍ക്ക് ആരുടെയും ഉപദേശം വേണ്ടെന്നും വ്യക്തമാക്കി.
ലോ അക്കാദമിയില്‍ സമരം ചെയ്തത് സി പി ഐ അല്ല, എ ഐ എസ് എഫാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.