Connect with us

Kerala

വ്യാജ കള്ള് വര്‍ധിക്കുന്നു; മുന്നറിയിപ്പ് നല്‍കി അധികൃതര്‍

Published

|

Last Updated

പാലക്കാട്: ചൂടിന്റെ തീഷ്ണതയില്‍ കള്ളിന്റെ ഉത്പാദനം പ്രതിദിനം കുറഞ്ഞ് കൊണ്ടിരിക്കുമ്പോഴും വില്‍പ്പനയില്‍ റെക്കോര്‍ഡ്. കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് നാളികേരത്തിന്റെ ഉത്പാദനം നന്നേ കുറവാണ്. അതോടൊപ്പം ചെത്ത് തെങ്ങിന്റെ എണ്ണവും പ്രതിവര്‍ഷം കുറഞ്ഞ് വരുകയാണ്. ഇതിനെ തുടര്‍ന്ന് കള്ളിന്റെ ഉത്പാദനവും സ്വാഭാവികമായും കുറയേണ്ടതാണ്. എന്നാല്‍ കള്ള് വില്‍പ്പനയില്‍ യാതൊരു കുറവുമില്ലെന്ന് കള്ള് വില്‍പ്പന കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് സംസ്ഥാനത്തെ വ്യാജ കള്ളിന്റെ ഉത്പാദനമാണ്.

മയക്കു ഗുളിക മുതല്‍ സ്പിരിറ്റും പഞ്ചസാരയും വരെ ചേര്‍ത്താണ് കൃത്രിമക്കള്ള് തയ്യാറാക്കുന്നത്. കള്ളിന്റെ പ്രധാന ഉത്പാദന കേന്ദ്രം ചിറ്റൂരാണ്. ജില്ലക്ക് പുറത്തേക്ക്് കള്ളുകൊണ്ടുപോകാന്‍ പെര്‍മിറ്റുള്ള സംസ്ഥാനത്തെ രണ്ട് റെയ്ഞ്ചുകളാണ് ചിറ്റൂരും കൊല്ലങ്കോടും.
ചിറ്റൂര്‍ മേഖലയില്‍ അതീവ രഹസ്യമായി വിഷമയമായ കള്ളിന്റെ ഉത്പാദനം നടക്കുന്നുണ്ട്. തൊഴിലാളികള്‍ക്ക് പോലും പ്രവേശനമില്ലാത്ത പ്രത്യകം ഷെഡ്ഡുകളിലാണ് കള്ള് നിര്‍മാണം. തെങ്ങിന്റെ കണക്ക് അനുസരിച്ചാണ് കള്ള് ഉത്പാദനത്തിനുള്ള ലൈസന്‍സ് നല്‍കുന്നത്. എന്നാല്‍ ഇല്ലാത്ത തെങ്ങുകള്‍ ചെത്തുന്നതായി കാട്ടിയാണ് പലരും പെര്‍മിറ്റെടുക്കുന്നത്. സമാന്തര ചെറുകിട മാഫിയകളായി പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സംവിധാനങ്ങളില്ലെന്ന് ഉദ്യോഗസ്ഥരും രഹസ്യമായി പറയുന്നു. വിഷാദ രോഗത്തിനുപയോഗിക്കുന്ന മയക്കു ഗുളികയുടെ അമിതോപയോഗം മരണത്തിനു വരെ കാരണമായേക്കാമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. കരള്‍, രോഗം മുതല്‍ വിഷാദം വരെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും, വന്‍ മദ്യ ദുരന്തത്തിനുമൊക്കെ കാരണമാകുന്ന ഈ വ്യാജ കള്ള് നിര്‍മാണം തടയാന്‍ അടിയന്തിര നടപടികളുണ്ടാകാത്ത പക്ഷം വ്യാജ കള്ളിന്റെ ഉത്പാദനം വന്‍ദുരന്തത്തിലേക്ക് തള്ളി വിടുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

 

Latest