പോയസ് ഗാര്‍ഡന്‍ ജയയുടെ സ്മാരകമാക്കുമെന്ന് പനീര്‍ശെല്‍വം

Posted on: February 9, 2017 12:15 pm | Last updated: February 9, 2017 at 3:54 pm

ചെന്നൈ: തമിഴക രാഷ്ട്രീയത്തില്‍ ശശികലയും പനീര്‍ശെല്‍വവും തമ്മില്‍ പോര് മുറുകുന്നു. ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വീട് ജയയുടെ സ്മാരകമാക്കുമെന്ന് പനീര്‍ശെല്‍വം പറഞ്ഞു. ഇതിനായി സര്‍ക്കാര്‍ ഉത്തരവിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ജയലളിതയുടെ മരണശേഷം അവരുടെ വീട്ടില്‍ ശശികലയാണ് താമസിക്കുന്നത്. ശശികലക്ക് കനത്ത തിരിച്ചടിയാണ് പനീര്‍ശെല്‍വത്തിന്റെ പുതിയ നീക്കം.

ജയലളിത മരിക്കുമ്പോള്‍ വില്‍പത്രമൊന്നും എഴുതിയിരുന്നില്ല. അതുകൊണ്ട് തന്നെ ജയയുടെ 117.13 കോടിയുടെ സ്വത്തുക്കള്‍ അനന്തരാവകാശികളില്ലാതിരിക്കുകയാണ്. ജയയുടെ ഉടമസ്ഥതയിലുള്ള പോയസ് ഗാര്‍ഡനിലെ 24000 ചതുരശ്ര അടിയിലുള്ള ആഡംബര വസതി വേദനിലയത്തിന് വിലമതിക്കുന്നത് 43.96 കോടി രൂപയാണ്.

അതിനിടെ ശശികലയുടെ നിര്‍ദേശപ്രകാരം പുറത്താക്കിയിരുന്ന ചീഫ് സെക്രട്ടറി ജ്ഞാനദേശികനേയും ഐഎഎസ് ഉദ്യോഗസ്ഥന്‍ അബ്ദുല്‍ ആനന്ദിനേയും സര്‍ക്കാര്‍ തിരിച്ചെടുത്തു.

ശശികല വൈകീട്ട് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കും. 131 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ശശികലയുടെ അവകാശവാദം. പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്ത് നിന്ന് ശശികല പുറത്താക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ട്രഷറര്‍ താന്‍ തന്നെയാണെന്നും പണം പിന്‍വലിക്കാന്‍ മറ്റാരേയും അനുവദിക്കരുതെന്ന് പനീര്‍ശെല്‍വം ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.

പാര്‍ട്ടി ഭരണഘടനയിലെ നിയമം 20, ക്ലോസ് 5 പ്രകാരം ജയലളിത തന്നെ ട്രഷറര്‍ സ്ഥാനത്തു നിയമിച്ചതാണ്. അതിനാല്‍ തന്റെ കത്തോ നിര്‍ദേശമോ ഇല്ലാതെ അണ്ണാ ഡിഎംകെയുടെ അക്കൗണ്ട് ഉപയോഗിക്കാന്‍ ആരെയും അനുവദിക്കരുതെന്നാണ് പനീര്‍സെല്‍വം കാരൂര്‍ വൈസ്യബാങ്കിനും ബാങ്ക് ഓഫ് ഇന്ത്യയ്ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതിനിടെ ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നാരോപിച്ച് എഐഎഡിഎംകെ അംഗങ്ങള്‍ പാര്‍ലമെന്റില്‍ ബഹളം വെച്ചു. വൈകീട്ട് എഐഎഡിഎംകെ അംഗങ്ങള്‍ രാഷ്ട്രപതിയെ കാണും.