ട്രംപിനെ പാര്‍ലിമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് ബ്രിട്ടന്‍ സ്പീക്കര്‍

Posted on: February 8, 2017 12:45 am | Last updated: February 8, 2017 at 12:30 am

ലണ്ടന്‍: ബ്രിട്ടീഷ് സന്ദര്‍ശനത്തിനൊരുങ്ങുന്ന അമേിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കടുത്ത വിമര്‍ശനവുമായി ബ്രിട്ടന്‍ പാര്‍ലിമെന്റ് സ്പീക്കര്‍ ജോണ്‍ ബെര്‍കോവ്. ട്രംപിനെ പാര്‍ലിമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സ്പീക്കര്‍ പ്രസംഗിക്കാനുള്ള അവസരം ട്രംപിന് സ്വയമേ കിട്ടുന്ന അവകാശമല്ലെന്നും ആര്‍ജ്ജിച്ചെടുക്കേണ്ട ആദരവാണെന്നും ബെര്‍കോവ് പ്രതികരിച്ചു. ട്രംപിന്റെ ബ്രിട്ടീഷ് സന്ദര്‍ശനത്തിനെതിരെ വ്യാപകമായ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് സ്പീക്കര്‍ നിലപാട് വ്യക്തമാക്കിയത്.

അപമാനിതനാകാതിരിക്കാന്‍ ബ്രിട്ടീഷ് സന്ദര്‍ശനം ട്രംപ് മാറ്റിവെച്ചേക്കും. രണ്ടാഴ്ച മുമ്പ് അമേരിക്ക സന്ദര്‍ശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ആയിരുന്നു ട്രംപിനെ രാജ്യത്തേക്ക് ക്ഷണിച്ചത്. എന്നാല്‍, എന്നാണ് യാത്രയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സാധാരണ ബ്രിട്ടന്‍ സന്ദര്‍ശിക്കുന്ന രാഷ്ട്രതലവന്മാര്‍ പാര്‍ലിമെന്റില്‍ സംസാരിക്കാറുണ്ട്. ഈ കീഴ്‌വഴക്കം ട്രംപിന്റെ കാര്യത്തിലുണ്ടാകില്ലെന്നാണ് നല്ലൊരു വിഭാഗം ജനപ്രതിനിധികളും നിലപാടെടുത്തത്. സ്പീക്കറിന്റെ നിലപാടിന് പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ട്.