ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചു

Posted on: February 6, 2017 8:33 am | Last updated: February 6, 2017 at 11:35 am

തിരുവനന്തപുരം: വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് അധ്യയനം തടസ്സപ്പെട്ട തിരുവനന്തപുരം ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചു. ക്ലാസ് തുടങ്ങിയാല്‍ ഇപ്പോള്‍ സമരത്തിലുള്ള വിദ്യാര്‍ഥികളില്‍ നിന്ന് ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് മനസ്സിലാക്കിയാണ് അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള നടപടി. ലോ അക്കാദമി വിഷയത്തില്‍ ഇന്ന് അടിയന്തര സിന്‍ഡിക്കറ്റ് ചേരാനിരിക്കെയാണ് മാനേജ്‌മെന്റ് ഇത്തരത്തില്‍ തീരുമാനമെടുത്തത്. അക്കാദമിയിലെ ഭൂമി പ്രശ്‌നം സംബന്ധിച്ച് റവന്യൂ സെക്രട്ടറിയും ഇന്ന് അക്കാദമിയില്‍ പരിശോധന നടത്തുന്നുണ്ട്.
വിദ്യാഭ്യാസ മന്ത്രിയുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചക്ക് ശേഷം പോലീസ് സംരക്ഷണത്തില്‍ ഇന്ന് മുതല്‍ ക്ലാസ് ആരംഭിക്കുമെന്നാണ് മാനേജ്‌മെന്റ് അറിയിച്ചിരുന്നത്. എന്നാല്‍, ക്ലാസുകള്‍ ആരംഭിക്കാനുള്ള മാനേജ്‌മെന്റ് നീക്കം ചെറുക്കുമെന്ന് നിരാഹാര സമരം തുടരുന്ന കെ മുരളീധരന്‍ എം എല്‍ എയും വിദ്യാര്‍ഥി സംഘടനകളും അറിയിച്ചിരുന്നു. സമര ഭൂമിയെ സര്‍ക്കാര്‍ കലാപഭൂമിയാക്കരുതെന്നും പോലീസ് നടപടിയിലൂടെ ക്ലാസ് നടത്താന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കാതെ യാതൊരു തരത്തിലുള്ള ഒത്തുതീര്‍പ്പുമില്ലെന്ന കര്‍ശന നിലപാടിലാണ് സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍. വിദ്യാഭ്യാസമന്ത്രി വിളിച്ച യോഗവും ഇതേ കാരണത്താലാണ് പരാജയപ്പെട്ടത്.
26 ദിവസം പിന്നിടുന്ന സമരത്തിന് പിന്തുണയുമായി കൂടുതല്‍ രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തുന്നതിന്റെ ആവേശത്തിലാണ് വിദ്യാര്‍ഥി സംഘടനകള്‍.
സമരത്തില്‍ നിന്ന് പിന്മാറിയ എസ് എഫ് ഐ ഇന്ന് കോളജ് തുറന്നാല്‍ ക്ലാസിലെത്തുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരമാവധി കുട്ടികളെ ക്ലാസിലെത്തിക്കാന്‍ എസ് എഫ് ഐയും ശ്രമിച്ചിരുന്നു. എന്നാല്‍, ഇതിലും ഫലമുണ്ടാകില്ലെന്ന് കണ്ടതോടെയാണ് അനിശ്ചിതകാലത്തേക്ക് അടച്ചിടാം എന്ന തീരുമാനത്തില്‍ മാനേജ്‌മെന്റ് എത്തിയത്. ഇന്ന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് മാര്‍ച്ച് നടത്താനാണ് എ ബി വി പിയുടെ തീരുമാനം. കെ എസ് യുവിന്റെ നേതൃത്വത്തില്‍ ഇന്ന് ജില്ലയില്‍ പഠിപ്പുമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്.