Connect with us

Articles

ലോ അക്കാദമി സമരത്തിന്റെ രാഷ്ട്രീയമാനങ്ങള്‍

Published

|

Last Updated

ഓരോ ദിവസവും മലയാളിയുടെ മുന്നിലെത്തുന്ന സ്വാശ്രയവാര്‍ത്തകള്‍ സ്വാശ്രയ കോളജുകളെ വിചാരണ ചെയ്യേണ്ട ഇടങ്ങളാണ് എന്ന് സ്ഥാപിച്ചെടുത്തുകൊണ്ടിരിക്കുകയാണ്. മനുഷ്യ നിര്‍മാണപുരകളാകേണ്ട കോളജുകള്‍ മനുഷ്യത്വ നിര്‍മാര്‍ജന കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങളുടെയും ശാരീരികാക്രമണങ്ങളുടെയും ജയില്‍മുറികളായി ക്യാമ്പസുകള്‍ മാറുമ്പോള്‍ അവിടെ വിദ്യാര്‍ഥികളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ഇടിമുറികള്‍ ഉണ്ടാകുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലും മധ്യകാലത്തിന്റെ ഇരുണ്ട ലോകങ്ങളെ പ്രത്യുത്പാദിപ്പിക്കുന്ന പീഡന കേന്ദ്രങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് പൊതുസമൂഹത്തിന്റെ മനോരോഗനിലയെയും ഭരണകൂടത്തിന്റെ മര്‍ദനോന്മാദത്തെയും ഊര്‍ജമായി സ്വാംശീകരിച്ചു കൊണ്ടാണ്.
രാഷ്ട്രീയം സമൂഹത്തിന്റെ രോഗങ്ങളെ ചികിത്സിക്കാനുള്ള ഒരു ഉപകരണം കൂടിയാണ്. അതുകൊണ്ടാണ് മുന്‍കാലങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ പല സമൂഹങ്ങള്‍ക്കും വിമോചനം സാധ്യമായിരുന്നത്. എന്നാല്‍ ചില കാലങ്ങളില്‍ ചികിത്സാ ഉപകരണങ്ങള്‍ക്കും രോഗബാധയേല്‍ക്കും. അപ്പോള്‍ സമൂഹം അനാഥമാകും. കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. കേരളത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് രോഗബാധയുണ്ടായികൊണ്ടിരിക്കുകയാണ്. സ്വാശ്രയ വിദ്യാഭ്യാസത്തെ ഇത്രമാത്രം മലീമസമാക്കിയത് യു ഡി എഫ് രാഷ്ട്രീയമാണ്. പൊതുസമൂഹം അറിയാതെ സ്വാശ്രയ വിദ്യാഭ്യാസത്തില്‍ ഒരുപാട് വിദ്യാര്‍ഥിവിരുദ്ധ നിയമങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ അവര്‍ താത്പര്യമെടുത്തു. അതിലൊന്നാണ് സ്വാശ്രയ മെഡിക്കല്‍ കോളജില്‍ പ്രവേശനത്തിന് ബേങ്ക് ഗ്യാരന്റിയും ഡെപ്പോസിറ്റും ഏര്‍പ്പെടുത്തിയത്. കേരളത്തില്‍ മാത്രമുള്ള ഈ നിയമം കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ നിന്ന് മെറിറ്റ് വിദ്യാര്‍ഥികളെ ആട്ടിയോടിക്കാന്‍ മാനേജ്‌മെന്റ് ഒരു ചാട്ടവാറായി ഉപയോഗിക്കുന്നു. ഇപ്പോള്‍ മെഡിക്കല്‍ പ്രവേശനം തേടുന്ന ഒരു വിദ്യാര്‍ഥി 11 ലക്ഷം രൂപ വാര്‍ഷിക ഫീസും 11 ലക്ഷം രൂപ ഫിക്‌സഡ് ഡെപ്പോസിറ്റും 44 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റിയും നല്‍കണം. ഇത് വിദ്യാര്‍ഥിയെ നിശ്ശബ്ദനാക്കുന്ന സാമ്പത്തിക ക്ലോറോഫോമാണ്. ഇതിനു വിധേയനായ ഒരു വിദ്യാര്‍ഥി പിന്നെ അനീതിക്കെതിരെ ശബ്ദിക്കില്ല. ക്യാമ്പസില്‍ ഫാസിസം വരുന്ന വഴിയാണ് ഇത്.
ഇതിന്റെ ചെറു രൂപങ്ങളാണ് എന്‍ജിനീയറിംഗ് കോളജുകളിലും ലോ കോളജുകളിലും നടക്കുന്നത്. സമ്പത്ത് എല്ലാം നിയന്ത്രിക്കുന്ന ഇടങ്ങളില്‍ സര്‍ഗാത്മകത ശ്വാസംമുട്ടി മരിക്കും. സ്വാശ്രയ കോളജുകള്‍ സ്വയം ഭരണ കേന്ദ്രങ്ങളാണ്. അവര്‍ക്ക് അവരുടെ നിയമം. അവരുടെ സ്വന്തം റിപ്പബ്ലിക്കില്‍ ആര്‍ക്കും ഇടപെടാന്‍ അവകാശമില്ല. എല്ലാം കൈപ്പിടിയില്‍ ഒതുക്കാന്‍ മാനേജ്‌മെന്റിന്റെ കൈയിലുള്ള ഉപകരണമാണ് ഇന്റേണല്‍ മാര്‍ക്ക്.
തിരുവനന്തപുരം ലോ കോളജില്‍ ഉണ്ടായ പ്രശ്‌നവും ഇന്റേണല്‍ മാര്‍ക്കിന്റെ മൂര്‍ച്ചയില്‍ തലയരിഞ്ഞുപോയ വിദ്യാര്‍ഥികളുടെ നിലവിളികളില്‍ നിന്നാണ് ഉയര്‍ന്നത്. ഇരുപത്തൊന്നു വിദ്യാര്‍ഥികള്‍ക്ക് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ കടുത്ത വിദ്യാര്‍ഥിവിരുദ്ധ നിലപാടിന്റെ ഫലമായി ഒരു വര്‍ഷം നഷ്ടപ്പെട്ടിടത്തു നിന്നാണ് ലോ അക്കാദമി സമരം ആരംഭിക്കുന്നത്.
സ്വാശ്രയ കോളജ് മാനേജ്‌മെന്റ് അധ്യാപകര്‍ക്ക് കൊടുക്കുന്ന നിര്‍ദേശം അനുസരണയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് കൊടുക്കരുത്, അവരെ പരീക്ഷക്ക് തോല്‍പ്പിക്കണമെന്നാണ്. അനുസരണക്കേട് കാണിക്കുന്നവര്‍ക്ക് ഫൈനും മറ്റു ശിക്ഷാ മാര്‍ഗങ്ങളും വേറെയുണ്ട്. എന്നാല്‍ ഇന്റേണല്‍ മാര്‍ക്ക് ആയുധമാണ്. അത് നല്‍കിയില്ലെങ്കില്‍ വിദ്യാര്‍ഥി ഒരിക്കലും പരീക്ഷ പാസ്സാകില്ല. ലക്ഷ്മി നായരുടെ നിര്‍ദേശ പ്രകാരം 21 വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടപ്പെട്ടു. ഇതു കൂടാതെ ലോ അക്കാദമിയില്‍ ദളിത് വിദ്യാര്‍ഥി പീഡനം, ജാതിപ്പേര് വിളിച്ചുള്ള ആക്ഷേപം, വിദ്യാര്‍ഥികളെക്കൊണ്ടുള്ള ഹോട്ടല്‍ ജോലി ചെയ്യിക്കല്‍, സി സി ടി വി വെച്ച് വിദ്യാര്‍ഥികളുടെ ചലനങ്ങള്‍ രേഖപ്പെടുത്തല്‍ തുടങ്ങിയ നിരവധി ആരോപണങ്ങള്‍ വിദ്യാര്‍ഥികള്‍ എഴുതി നല്‍കി. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ പരാതി നല്‍കിയവര്‍ക്കെതിരെ പ്രതികാര നടപടികള്‍ ആരംഭിച്ചു. അതിന്റെ അവസാനത്തിലാണ് സമരം തുടങ്ങുന്നത്.
കുട്ടികള്‍ എങ്ങനെ വസ്ത്രം ധരിക്കണം എന്തു കഴിക്കണം എങ്ങനെ പെരുമാറണം എന്നത് കോളജ് മാനേജ്‌മെന്റ് തീരുമാനിക്കുന്നതാണ് സംഘര്‍ഷത്തിന് കാരണമാകുന്നത്. കോളജ് ക്യാമ്പസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ല എന്നത് സ്വാശ്രയ മാനേജ്‌മെന്റിന്റെ പ്രഖ്യാപിത അജന്‍ഡയാണ്. അരാഷ്ട്രീയവത്കരിക്കപ്പെട്ട വിദ്യാര്‍ഥികളെ എളുപ്പത്തില്‍ ചങ്ങലക്കിടാം എന്ന ചിന്തയാണ് ഇതിനു പിന്നിലുള്ളത്. അതുകൊണ്ടാണ് ലക്ഷ്മി നായര്‍ക്ക് ജാതിപ്പേര് വിളിച്ച് വിദ്യാര്‍ഥികളെ ആക്ഷേപിക്കാന്‍ കഴിയുന്നത്. സദാചാര ഗുണ്ടകളുടെ കേന്ദ്രമായി കോളജുകള്‍ മാറുന്നതും അതുകൊണ്ടാണ്. മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ മഹാരാജാസ് സ്വയം ഭരണ കോളജ് ആയി മാറിയപ്പോള്‍, പറഞ്ഞത് പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ ചൂടുപറ്റാനാണ് കോളജില്‍ വരുന്നതെന്നാണ്. ദളിത് സമൂഹത്തിന്റെ അഭിമാന പ്രതീകമാണ് ആ പ്രിന്‍സിപ്പല്‍. ലോ അക്കാദമിയില്‍ ലക്ഷ്മി നായര്‍ ഒരു നായര്‍ പെണ്‍കുട്ടിയോട് ചോദിച്ചു: ചോന്‍ ചെക്കനോട് നായരു കുട്ടി സംസാരിക്കുന്നതെന്തിനാണെന്ന്. പല കോളജിലും പ്രിന്‍സിപ്പല്‍മാര്‍ അഹങ്കാരത്തിന് കൈയും കാലും കണ്ണടയും വെച്ചു വരുന്നതുകൊണ്ടാണ് ക്യാമ്പസുകള്‍ സംഘര്‍ഷമേഖലകളായി മാറുന്നത്. വിദ്യാര്‍ഥികള്‍ കാട്ടുന്ന കുസൃതികള്‍ അവര്‍ കുട്ടികളായതുകൊണ്ട് കൂടിയാണ്. ഇത് തിരിച്ചറിയാനുള്ള വകതിരിവും വലിപ്പവും പ്രിന്‍സിപ്പല്‍മാര്‍ കാണിക്കാതെ വരുമ്പോള്‍ പ്രശ്‌നം കൈവിടുകയും അതു കോടതി കയറുകയും ചെയ്യും. നമ്മുടെ കാലത്തിന്റെ ഒരു പ്രധാന പ്രശ്‌നം പഠിക്കാന്‍ കൊള്ളാത്ത കുട്ടികളും പഠിപ്പിക്കാന്‍ കൊള്ളാത്ത അധ്യാപകരും ക്യാമ്പസില്‍ കടന്നുവരുന്നതു കൂടിയാണ്. ഇവരെ കച്ചവടത്തട്ടില്‍ ചുട്ടെടുക്കാന്‍ വണിക്കുകളായ പണച്ചാക്കുകള്‍ ഒരുങ്ങുന്നത് പ്രശ്‌നത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. ഇന്ന് കോളജുകള്‍ നടത്തുന്നത് വിദ്യാഭ്യാസ വിചക്ഷരരല്ല; അവര്‍ വെറും കച്ചവടക്കാരാണ്. അവരുടെ ഏകലക്ഷ്യം പണമാണ്.
ജ്ഞാനോത്പാദന കേന്ദ്രങ്ങളായി വളരേണ്ട സര്‍വകലാശാലാ ക്യാമ്പസുകളെ ലിംഗവിവേചനത്തിന്റെയും ജാതീയതയുടെയും സദാചാര ഗുണ്ടായിസത്തിന്റെയും മൃഗശിക്ഷണത്തിന്റെയും കേന്ദ്രങ്ങളാക്കി മാറ്റുന്നതില്‍ സ്വാശ്രയ വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ വലിയ പങ്കാണ് വഹിക്കുന്നത്. സമ്പത്തിന്റെ നിയന്ത്രണത്തില്‍ നടക്കുന്ന വിദ്യാഭ്യാസം മര്യാദയുടെ എല്ലാ അതിര്‍ത്തികളും കടന്ന് അക്രമണോത്സുകമായി മാറിയ അന്തരീക്ഷത്തിലാണ് ക്യാമ്പസുകളില്‍ നിന്ന് ആത്മഹത്യകളുടെ വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയത്. രജനി എസ് ആനന്ദിന്റെയും ജിഷ്ണു പ്രണോയിയുടെയും ആത്മഹത്യകള്‍ സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ ഇരുണ്ട ഉള്ളറകളിലേയ്ക്ക് വെളിച്ചം വീഴ്ത്തുകയായിരുന്നു. ടോംസ് എന്‍ജിനീയറിംഗ് കോളജിലെ അഴുക്കൊഴുകിയ മാനേജ്‌മെന്റിലേക്കും നെഹ്‌റു കോളജിലെ ഇടിമുറിയിലേക്കും പൊതു ചര്‍ച്ചകളെത്തിയത് അങ്ങനെയാണ്.
സ്വാശ്രയ കോളജിനുമേല്‍ ഒരു പരുന്തും പറക്കില്ല എന്നു കരുതിയ ഘട്ടത്തിലാണ് തിരുവനന്തപുരം ലോ അക്കാദമിയില്‍ വിദ്യാര്‍ഥികളുടെ സമരം പൊട്ടിപ്പുറപ്പെട്ടത്. എല്ലാ വിദ്യാര്‍ഥി സംഘടനകളും ഒരുമിച്ച് ചേര്‍ന്ന് ആരംഭിച്ച ആ സമരം സ്വാശ്രയത്തിന് മൂക്ക് കയറിടുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ, കക്ഷി രാഷ്ട്രീയം അവിടെയും വിദ്യാര്‍ഥികളെ ചതിച്ചു. ഓരോ വിദ്യാര്‍ഥി സംഘടനക്കും അവരുടെ സ്വന്തം അജന്‍ഡയുണ്ട്. അതുകൊണ്ട് ചര്‍ച്ചക്ക് വിളിച്ച പല സംഘടനകളും ചര്‍ച്ച ബഹിഷ്‌കരിച്ചു. പിന്നീട് എസ് എഫ് ഐ ഒറ്റയ്ക്ക് ചര്‍ച്ചയ്ക്കു പോയി. അവര്‍ സമരത്തില്‍ നിന്ന് പിന്മാറി. ലക്ഷ്മി നായര്‍ അഞ്ച് വര്‍ഷം പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും അധ്യാപകപദവിയില്‍ നിന്നും മാറി നില്‍ക്കും എന്നതായിരുന്നു സമരം പിന്‍വലിക്കാനുള്ള വ്യവസ്ഥ. പക്ഷേ, സമരത്തിലുള്ള കെ എസ് യു, എ ഐ എസ് എഫ്, എം എസ് എഫ്, എ ബി വി പി എന്നീ സംഘടനകള്‍ക്ക് അത് അംഗീകരിക്കാനായില്ല. അവര്‍ ഒരുമിച്ച് പറഞ്ഞു; എസ് എഫ് ഐ സമരത്തെ ഒറ്റുകൊടുത്തു.
ഈ സാഹചര്യമാണ് കേരള സമൂഹം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ടത്. സമരത്തിലെ കക്ഷിരാഷ്ട്രീയം സമരത്തിന്റെ സര്‍ഗാത്മകതയ്ക്ക് തുരങ്കം വെക്കുന്നു. സമരത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാന്‍ എസ് എഫ് ഐ നടത്തിയ നീക്കമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത്. എസ് എഫ് ഐക്ക് സ്വന്തം സംഘടനാ താത്പര്യം മാത്രമല്ല ഉണ്ടായിരിക്കേണ്ടത്. വിദ്യാര്‍ഥികളുടെ വിശാല താത്പര്യം അവരെ നയിക്കേണ്ടതാണ്. സ്വാശ്രയ മാനേജ്‌മെന്റിനെതിരെ എല്ലാ വിദ്യാര്‍ഥി സംഘടനകളെയും ഒരുമിപ്പിച്ച് നിര്‍ത്തി സമരം ചെയ്യാന്‍ കഴിയുന്നതാണ് എസ് എഫ് ഐയുടെ രാഷ്ട്രീയ വിജയം. ആ വിജയം ആണ് അവര്‍ ഇവിടെ വലിച്ചെറിഞ്ഞത്. അതാകട്ടെ സ്വാശ്രയ മാനേജ്‌മെന്റിനെതിരെയുള്ള സമരത്തെയാണ് ദുര്‍ബലപ്പെടുത്തുന്നത്.
സ്വാശ്രയ മാനേജ്‌മെന്റിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളെ ചെറുക്കാന്‍ ഇടതുപക്ഷം ഉണ്ടായിരിക്കും എന്നത് പൊതുസമൂഹത്തിന്റെ പ്രതീക്ഷയാണ്. പക്ഷേ, ആ പ്രതീക്ഷകള്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായതു മുതല്‍ തകര്‍ന്നു വീണു കൊണ്ടിരിക്കയാണ്. കഴിഞ്ഞ വര്‍ഷം നടന്ന മെഡിക്കല്‍ സ്വാശ്രയ സമരത്തില്‍ സര്‍ക്കാറിന്റെ നിലപാട് സ്വാശ്രയ മാനേജ്‌മെന്റിനെ സഹായിക്കുന്നതായിരുന്നു. അന്യായമായ ഫീസ് വര്‍ധന നടപ്പിലാക്കിയ സര്‍ക്കാറായിരുന്നു അത്. അന്ന് അതിനെ ന്യായീകരിക്കാനാണ് എസ് എഫ് ഐ ശ്രമിച്ചത്. മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അവര്‍ കേരള വിദ്യാര്‍ഥി സമൂഹത്തില്‍ നോക്കുകുത്തികള്‍ മാത്രമായിരുന്നു.
ഇപ്പോള്‍ കേരളത്തിന്റെ മുന്നിലുള്ള ചോദ്യം ഇടതുപക്ഷം സ്വാശ്രയ സംവിധാനത്തെ നിയന്ത്രിച്ച് ആരോഗ്യകരമായ ഒരു വിദ്യാഭ്യാസ സംവിധാനത്തിന് കളമൊരുക്കുമോ എന്നതാണ്. സമരത്തില്‍ എസ് എഫ് ഐ എടുത്ത നിലപാട് വഞ്ചനാപരമാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടാല്‍ സ്വാശ്രയ വിഷയത്തില്‍ സമൂഹത്തിന് പ്രതീക്ഷ വേണ്ട. മറ്റ് സ്വാശ്രയ കോളജുകളില്‍ നിന്ന് വ്യത്യസ്തമായ ഒരു വസ്തുത തിരുവനന്തപുരം ലോ അക്കാദമിയുടെ കാര്യത്തിലുണ്ട്. ആ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണ്. സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കി ബിസിനസ്സ് നടത്തുന്നത് കോര്‍പറേറ്റുകളുടെ പ്രഖ്യാപിത അജന്‍ഡയാണ്. അതിന് സൗകര്യം ചെയ്തത് മുന്‍ സര്‍ക്കാറുകളാണെങ്കില്‍ ആ തെറ്റ് തിരുത്താനുള്ള ചുമതലയാണ് പിണറായി വിജയന്‍ സര്‍ക്കാറിനുള്ളത്.
ഇത് എത്രമാത്രം നിര്‍വഹിക്കപ്പെടും? പൊതുസമൂഹം എത്രനാള്‍ ഈ സര്‍ക്കാറില്‍ പ്രതീക്ഷ അര്‍പ്പിക്കും? ഇടതുപക്ഷ രാഷ്ട്രീയം പറഞ്ഞയവിറക്കാനുള്ളതല്ല. അത് സാമൂഹിക അജന്‍ഡയില്‍ പ്രാവര്‍ത്തികമാക്കാനുള്ളതാണ്. അതിനുള്ള ആര്‍ജവം ഈ സര്‍ക്കാറും അതിനെ പിന്തുണയ്ക്കുന്ന വിദ്യാര്‍ഥി സംഘടനയായ എസ് എഫ് ഐയും കാണിച്ചില്ലെങ്കില്‍ ചരിത്രത്തില്‍ അവര്‍ മാഞ്ഞു പോകുന്ന സിന്ദൂരപ്പൊട്ടായിത്തീരും.