Connect with us

Malappuram

ആയിരങ്ങള്‍ക്കാശ്വാസമായി; എസ് വൈ എസ് സാന്ത്വന വാരത്തിന് പ്രോജ്ജ്വല സമാപനം

Published

|

Last Updated

കൊണ്ടോട്ടി ചിറയില്‍ കൈതക്കോട് കടൂരന്‍ സലീമിന്റെ കുടുംബത്തിന് ദാറുല്‍ ഖൈറിന്റെ
താക്കോല്‍ ദാനം സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി നിര്‍വഹിക്കുന്നു

മലപ്പുറം: നിരാലംബരായ ആയിരങ്ങള്‍ക്കാശ്വാസമായി എസ് വൈ എസ് സാന്ത്വന വാരാചരണത്തിന് ജില്ലയില്‍ പ്രോജ്ജ്വല സമാപനം. “വേദനിക്കുന്നവര്‍ക്ക് താങ്ങായി കൂടെയുണ്ട് ഞങ്ങള്‍” എന്ന സന്ദേശത്തിലാണ് എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ഒരാഴ്ച നീണ്ടു നിന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നേരത്തേ പ്രത്യേക പരിശീലനം നല്‍കിയ സാന്ത്വനം ക്ലബ് അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയിലൂടെ കണ്ടെത്തിയ നിര്‍ധനരും നിരാലംബരുമായ കുടുംബങ്ങള്‍ക്കും കിടപ്പിലായ രോഗികള്‍ക്കുമാണ് ഇതിലൂടെ ആശ്വാസം നല്‍കിയത്.

ആശുപത്രി ദിനം, ബോധവത്കരണ ദിനം, വിഭവ വിതരണ ദിനം, ഡ്രൈ ഡേ, രോഗീ പരിചരണ ദിനം, വസ്ത്ര വിതരണ ദിനം, മെഡിക്കല്‍ ഉപകരണ ദിനം തുടങ്ങിയ വൈവിധ്യമാര്‍ന്ന സേവന ദിനങ്ങളായാണ് വാരാചരണം പൂര്‍ത്തിയാക്കിയത്. ആശുപത്രി ദിനാചരണ ഭാഗമായി സാധാരണക്കാരന്റെ അഭയ കേന്ദ്രമായ ജില്ലയിലെ മെഡിക്കല്‍ കോളജ്, ജില്ല-താലൂക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുകയും ശുചീകരിക്കുകയും ഉപകരണങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു. ഓക്‌സിജന്‍ സിലിണ്ടര്‍, ഗ്ലൂക്കോ മീറ്റര്‍, നെബുലൈസര്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, ഗ്ലൂക്കോസ് സ്റ്റാന്റുകള്‍, അപ്പാരറ്റസ്, വാട്ടര്‍ പ്യൂരിഫയര്‍, വീല്‍ ചെയറുകള്‍, സ്‌ട്രെച്ചെറുകള്‍, ബെഡ് ഷീറ്റുകള്‍ തുടങ്ങിയവയാണ് ഈ ദിനത്തില്‍ ലഭ്യമാക്കിയത്. നിര്‍ധനരും കിടപ്പിലുമായ രോഗികള്‍ക്ക് ആവശ്യമായ മരുന്നും മെഡിക്കല്‍ കാര്‍ഡുകളും പുറമെ ഭക്ഷ്യ കിറ്റുകളും വസ്ത്രങ്ങളും ജില്ലയിലെ യൂനിറ്റ്, സര്‍ക്കിള്‍, സോണ്‍ കമ്മിറ്റികളിലൂടെ വിപുലമായി വിതരണം ചെയ്തു.
ഡ്രൈ ഡേ ദിനാചരണത്തിന്റെ ഭാഗമായി റോഡുകളും കുളങ്ങളും മറ്റു പൊതു സ്ഥാപനങ്ങളും അങ്ങാടികള്‍, അങ്കണ്‍വാടികള്‍, സ്‌കൂളുകള്‍ തുടങ്ങിയവയും ശുചീകരിച്ചു. രോഗീ പരിചരണത്തോടനുബന്ധിച്ച് ജില്ലയിലെ മുതിര്‍ന്ന പണ്ഡിതരും നേതാക്കളും കിടപ്പിലായ രോഗികളെ ആശ്വസിപ്പിക്കാനും പരിചരിക്കാനും മുന്നിട്ടിറങ്ങി.

പ്രാര്‍ഥനകള്‍ നടത്തിയും സാമ്പത്തിക സഹായം ചെയ്തും മുതിര്‍ന്ന പണ്ഡിതര്‍ തന്നെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയത് സാന്ത്വനം ക്ലബ് പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ഏറെ ആശ്വാസമായി. ജില്ലയിലെ ഇരുപത് സോണുകളിലായി നടന്ന വാരാചരണത്തില്‍ നാല്‍പത് ലക്ഷത്തിലധികം രൂപയുടെ സാന്ത്വന പ്രവര്‍ത്തനങ്ങളാണ് ഇതിനോടകം പൂര്‍ത്തിയാക്കിയത്. കൂടാതെ നാല്‍പത് സാന്ത്വന കേന്ദ്രങ്ങളുടെയും എടപ്പാളില്‍ വിപുലമായ സൗകര്യങ്ങളുള്ള മെഡിക്കല്‍ സെന്ററും മെഡിക്കല്‍ ഷോപ്പും സമര്‍പ്പണവും നടത്തി. കൊണ്ടോട്ടി ചിറയില്‍ കൈതക്കോട് കടൂരന്‍ സലീമിന്റെ അനാഥ കുടുംബത്തിന് ദാറുല്‍ ഖൈര്‍ സമര്‍പ്പിച്ചു കൊണ്ടാണ് ജില്ലയിലെ വാരാചരണത്തിന് സമാപനം കുറിച്ചത്.
നിര്‍ധനര്‍ക്ക് നല്‍കുന്ന ഭവന പദ്ധതിയാണ് ദാറുല്‍ ഖൈര്‍. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ സമാപന സംഗമം ഉദ്ഘാടനം ചെയ്തു. വീടിന്റെ താക്കോല്‍ ദാനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരിയും കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലേക്കുള്ള മെഡിക്കല്‍ ഉപകരണ വിതരണോദ്ഘാടനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും നിര്‍വഹിച്ചു.
ചടങ്ങില്‍ എസ് വൈ എസ് കൊണ്ടോട്ടി സോണ്‍ പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ദീന്‍ അഹ്‌സനി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം അബൂബക്കര്‍ പടിക്കല്‍, കെ പി ജമാല്‍ കരുളായി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, അഡ്വ. കെ കെ അബ്ദുസ്സ്വമദ് , എ പി അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സയ്യിദ് ജലാലുദ്ദീന്‍ ജമലുല്ലൈലി, അസൈനാര്‍ സഖാഫി കുട്ടശ്ശേരി, എ പി ബശീര്‍ ചെല്ലക്കൊടി, സി കെ യു മൗലവി മോങ്ങം, കുഞ്ഞീതു മുസ്‌ലിയാര്‍, സി കെ എം ഫാറൂഖ്, തറയിട്ടാല്‍ ഹസന്‍ സഖാഫി, ഉമര്‍ കൊട്ടുക്കര, പി എ ലത്വീഫ് സംബന്ധിച്ചു. വിവിധ സോണുകളിലായി നടന്ന സമാപന സംഗമത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥ മേധാവികളും സംബന്ധിച്ചു. സാന്ത്വന വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയ അയ്യായിരം സാന്ത്വനം ക്ലബ് അംഗങ്ങളെ നാടിന് സമര്‍പ്പിച്ചു.
തുടര്‍ന്നുള്ള ദിനങ്ങളില്‍ കിടപ്പിലായ രോഗികള്‍ക്കാവശ്യമായ ശുശ്രൂഷയും പരിചരണവും മെഗാ മെഡിക്കല്‍ ക്യാമ്പുകളും നടത്തും. ഇതിനായി സാന്ത്വനം ക്ലബ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങും.