Connect with us

Gulf

സഊദി അറേബ്യ തണുത്തു വിറക്കുന്നു

Published

|

Last Updated

ദമ്മാം: കടുത്ത മഞ്ഞുവീഴ്ചയും കാറ്റുമായി സഊദി അറേബ്യ തണുത്തു വിറക്കുന്നു. പല പ്രദേശങ്ങളിലും താപനില പൂജ്യം ഡിഗ്രിക്കും താഴെയാണ്. പ്രത്യേകിച്ച് വടക്ക് പ്രവിശ്യയില്‍ അല്‍ഖസീം, മധ്യ സഊദി റിയാദ്, കിഴക്കന്‍ പ്രവിശ്യകളിലും റോഡില്‍ മഞ്ഞ് വീഴ്ചയും തണുപ്പും തുടരുന്നു. ചിലയിടങ്ങളില്‍ മൂടല്‍ മഞ്ഞും പൊടിക്കാറ്റും അന്തരീക്ഷത്തെ കൂടുതല്‍ ദൃശ്യപരമല്ലാതാക്കി. ഞായറാഴ്ച വരെ അതിശൈത്യം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഞാറാഴ്ച വരെ ഒരു കിലോമീറ്ററിലധികം ദൃശ്യപരത കുറയുന്ന തരത്തില്‍ പൊടിക്കാറ്റിനു സാധ്യതയുണ്ടെന്ന് അന്തരീക്ഷ നിരീക്ഷക വിഭാഗം മുന്നറിയിപ്പ് നല്‍കി. സൈബേരിയന്‍ മലമടക്കുകളില്‍ നിന്ന് അടിച്ചു വീശുന്ന തണുത്ത കാറ്റിനനുസരിച്ച് അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ കാലാവസ്ഥാവ്യതിയാനമുണ്ടാക്കും. യാദൃശ്ചികമായ മഞ്ഞു വീഴ്ചയോടെ ഇത് മൂന്നു മാസത്തോളം തുടരുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.

കിഴക്കന്‍ പ്രവിശ്യയിലും സഊദിയുടെ വടക്ക് ഭാഗമായ അറാര്‍, തുറൈഫ്, റഫ്ഹ എന്നിവിടങ്ങളിലും നേരിയ തോതിലുള്ള മഴക്ക് സാധ്യതയുണ്ട്. ഉത്തര അതിര്‍ത്തി പ്രവിശ്യയിലും ഹായിലിലും താപനില മൈനസ് എട്ടു ഡിഗ്രി വരെയായി കുറയും. റിയാദില്‍ രണ്ടു ഡിഗ്രി വരെയായി താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വക്താവ് ഹുസൈന്‍ അല്‍ഖഹ്ത്താനി പറഞ്ഞു. പ്രദേശത്തെ താമസക്കാര്‍ ഇത് രസകരമായി ആസ്വദിക്കുന്നുണ്ട്. വടക്കന്‍ ഗോളര്‍ദ്ധത്തില്‍ ഈ വര്‍ഷം തണുപ്പ് കാലം ആരംഭിച്ചത് ഡിസംബര്‍ 22 ന് ആണെന്ന് വാനഗോളശാസ്ത്ര അറബ് യൂനിയന്‍ മെമ്പര്‍ അബ്ദുല്‍ അസീസ് അല്‍ മിര്‍മിഷ് അല്‍ ശമ്മാരി പറഞ്ഞു. ഇത് മാര്‍ച്ച് 21 വരെ നീളും. ഉത്തര സഊദിയിലെ അറാര്‍, ഖുറയ്യാത്ത്, അല്‍ ജൗഫ്, ജലാമിദ്, റഫ്ദ, ഹായില്‍, തബൂക്ക് എന്നിവിടങ്ങളില്‍ സൈബീരിയന്‍ തണുത്ത കാറ്റ് തുടരും. കേന്ദ്ര പട്ടണമായ സകാകയിലും ഉത്തര പടിഞ്ഞാറന്‍ പട്ടണമായ തബൂക്കിലും നല്ല മഞ്ഞു വീഴ്ചയുമനുഭവപ്പെട്ടു. തുറൈഫില്‍ മഞ്ഞു പാളികള്‍ അധികം നീണ്ടു നിന്നില്ല. എമര്‍ജന്‍സി ടീമുകള്‍ റോഡില്‍ നിന്ന് മഞ്ഞു കട്ടകള്‍ നീക്കം ചെയ്യുന്നതിന് സജീവമായി രംഗത്തുണ്ട്. ഐസ് കട്ടകളില്‍ കുടുങ്ങിയ വാഹനങ്ങളെ െ്രെകന്‍ ഉപയോഗിച്ച് നീക്കുകയും ചെയ്യുന്നു.

Latest