സൗജന്യ ആപ്പുകളെ അവസരങ്ങളായി കണ്ട് രാജ്യത്തെ മൊബൈല്‍ കമ്പനികള്‍

Posted on: February 2, 2017 9:40 pm | Last updated: February 2, 2017 at 9:22 pm

ദോഹ: രാജ്യത്തെ ടെലികോം സേവന ദാതാക്കള്‍ക്ക് സൗജന്യ മൊബൈല്‍ ആപ്പുകള്‍ വെല്ലുവിളിയല്ല പകരം വളര്‍ച്ചക്കുള്ള പ്രേരകമാണെന്ന് ഉരീദുവിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. ടെലികോം കമ്പനികളുടെ വ്യവസായത്തിന്റെ വലിയൊരു പങ്ക് കൈയാളുന്ന സൗജന്യ ആപ്പുകളെ ബ്ലോക്ക് ചെയ്യണമെന്ന നിലപാട് കമ്പനിക്കില്ലെന്നും ഉരീദു ഗ്രൂപ്പ് ഡെപ്യൂട്ടി സി ഇ ഒയും ഉരീദു ഖത്വര്‍ സി ഇ ഒയുമായ വലീദ് അല്‍ സയീദ് ഖത്വര്‍ ടി വിയിലെ പരിപാടിയില്‍ പറഞ്ഞു.

ടെലികോം കമ്പനികള്‍ക്ക് വെല്ലുവിളിയല്ല മൊബൈല്‍ ആപ്പുകള്‍. മുന്‍കാലങ്ങളില്‍ ഇത് ആശങ്കക്കിടയാക്കിയിരുന്നു. എന്നാല്‍ അതിനെ മറികടന്നിട്ടുണ്ട്. ഇവയെ വെല്ലുവിളിയായി കാണുന്നതിന് പകരം സേവനങ്ങള്‍ പരിഷ്‌കരിച്ച് അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് വേണ്ടത്. കാള്‍ അടിസ്ഥാനത്തിലുള്ള പരമ്പരാഗത സേവനങ്ങളില്‍ മാത്രം ശ്രദ്ധയൂന്നുന്നതിന് പകരം മൊബൈല്‍ ഡാറ്റയുടെ വേഗത വര്‍ധിപ്പിക്കുന്നതിലേക്കെത്തണം. അപ്പോള്‍ ആപ്പുകള്‍ പ്രതിസന്ധിയായി തോന്നുന്നില്ല. പകരം അവസരമായി മാറും. നിരവധി ആപ്പുകള്‍ വന്നത് വരും വര്‍ഷങ്ങളില്‍ ഡാറ്റ സേവനത്തില്‍ നിന്നുള്ള വരുമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ടെലികോം കമ്പനികളുടെ വരുമാനത്തിന്റെ 60 ശതമാനവും ഡാറ്റയില്‍ നിന്നാണ്. മറ്റ് രാഷ്ട്രങ്ങളിലെ കമ്പനികള്‍ക്ക് ഡാറ്റ വില്‍പ്പനയില്‍ നിന്ന് വരുമാനത്തിന്റെ 20- 30 ശതമാനമാണ് ലഭിക്കുന്നത്. അതിവേഗ ഇന്റര്‍നെറ്റ് ആവശ്യമുള്ള വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം മുതലായവയുടെ ജനകീയത വര്‍ധിക്കുമെന്നതിനാല്‍ വരുമാന തോതും കൂടും.

കുടുംബങ്ങളും വ്യക്തികളും ഉള്‍പ്പെടുന്ന സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും കമ്പനിയുടെ സേവനം വിപുലീകരിക്കേണ്ടതുണ്ട്. ആപ്പുകളെ നിരോധിക്കണമോ വേണ്ടയോ എന്നത് രാജ്യത്തെ ടെലികോം നിയന്ത്രിക്കുന്നവരാണ് തീരുമാനിക്കേണ്ടത്. ലോകത്തെ പുതിയ വികസനങ്ങള്‍ക്കെതിരെ പോരാടാന്‍ സാധ്യമല്ല. കുറച്ചു സമയത്തേക്ക് മാത്രമെ ഇവ തടയാന്‍ സാധിക്കൂ. ദീര്‍ഘകാലത്തേക്ക് നടക്കില്ല. ഒരുനാള്‍ നിയന്ത്രണങ്ങള്‍ ഉയര്‍ത്തേണ്ടി വരും. സാറ്റലൈറ്റ് ഡിഷ് അതിന് ഉദാഹരണമാണ്. ടെലികോം കമ്പനികള്‍ പദ്ധതികള്‍ മാറ്റുകയും പ്രതിസന്ധികള്‍ മറികടക്കുന്നതിന് വരുമാന സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കുകയും വേണം. സേവനങ്ങളുടെ വില തീരുമാനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. നിക്ഷേപ വലുപ്പം, നികുതി, തരംഗ നിരക്ക്, ഉപഭോക്താക്കളുടെ എണ്ണം തുടങ്ങിയവ അതില്‍പെട്ടതാണ്. ഇതെല്ലാം പ്രവര്‍ത്തന ചെലവിനെ സ്വാധീനിക്കും. പ്രവര്‍ത്തന ചെലവ് വര്‍ധിക്കുന്നതിന്റെ തോതില്‍ സേവന വിലയും വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.