കടകംപള്ളിക്കെതിരെ വിജിലന്‍സ് അന്വേഷണം

Posted on: February 1, 2017 6:58 am | Last updated: February 1, 2017 at 12:00 am

തിരുവനന്തപുരം: സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ വിജിലന്‍സ് ഡയറക്ടര്‍ ത്വരിതപരിശോധനക്ക് ഉത്തരവിട്ടു. കടകംപള്ളി സുരേന്ദ്രന്‍ വൈദ്യുതി മന്ത്രിയായിരിക്കെ മാനദണ്ഡങ്ങള്‍ ലംഘിച്ച് അനര്‍ട്ട് ഡയറക്ടറെ നിയമിച്ചുവെന്ന കോവളം എം എല്‍ എ എം വിന്‍സന്റ് നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം. വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയതിനെ കൂടാതെ പരാതിക്കാരന്‍ വിജിലന്‍സ് പ്രത്യേക കോടതിയെയും സമീപിച്ചിരുന്നു. അനര്‍ട്ട് ഡയറക്ടറായി ഡോ. ഹരികുമാറിനെ നിയമിച്ചത് ചട്ടവിരുദ്ധമായാണെന്നും, നിയമന ക്രമക്കേടിനെക്കുറിച്ച് അന്വേഷണം വേണമെന്നും നിയമനത്തിന് പിന്നില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും കോടതിയില്‍ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ത്വരിതാന്വേഷണം നടത്താന്‍ ഡയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ടെന്നു വിജിലന്‍സ് കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് നാലിന് റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിന് പ്രത്യേക കോടതി ജഡ്ജ് ബദറുദ്ദീന്‍ നിര്‍ദേശം നല്‍കി. കടകംപള്ളി സുരേന്ദ്രന്‍ വൈദ്യുതി വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് അനര്‍ട്ട് ഡയറക്റ്ററായി ഡോ. ഹരികുമാറിനെ നിയമിച്ചത്. ന ിയമനത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും ഹരികുമാറിന് യോഗ്യതയില്ലന്നുമാണു പരാതി. അനെര്‍ട്ടിന്റെ കീഴിലുള്ള ടെസ്സം എന്ന പദ്ധതിയുടെ പ്രൊജക്ട് ഡയറകടറായിരുന്നു ഹരികുമാര്‍. ഹരികുമാര്‍ പാരമ്പര്യേതര ഊര്‍ജവകുപ്പ് പദ്ധതി ഡയറക്ടറായിരിക്കെ 2007-10 ലെ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് നടത്തിയതായി ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. 14.50 കോടിയുടെ നഷ്ടം പൊതുഖജനാവിനുണ്ടായതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ഇതേ തുടര്‍ന്നാണ് ഹരികുമാറിനെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ചട്ടങ്ങള്‍ പാലിക്കാതെ നിയമനം നടത്തിയതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.