പാര്‍ലിമെന്റ്-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതിനെ കുറിച്ചാലോചിക്കണം : രാഷ്ട്രപതി

Posted on: January 31, 2017 11:58 pm | Last updated: January 31, 2017 at 11:58 pm
SHARE

ന്യൂഡല്‍ഹി: പാര്‍ലിമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒന്നിച്ചു തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ചു ദേശീയ സംവാദം നടത്തണമെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. തിരഞ്ഞെടുപ്പില്‍ പണത്തിന്റെ സ്വാധീനമില്ലാതാക്കുന്നതിന് സര്‍ക്കാര്‍ തന്നെ തിരഞ്ഞെടുപ്പ് ചെലവ് വഹിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും ഈ വര്‍ഷത്തെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാര്‍ലിമെന്റില്‍ നയപ്രഖ്യാപന പ്രസംഗം നടത്തവെ പ്രണാബ് മുഖര്‍ജി പറഞ്ഞു.

നോട്ട് അസാധുവാക്കല്‍ ചരിത്രപരമായ തീരുമാനമായിരുന്നു കള്ളപ്പണത്തെയും അഴിമതിയെയും വ്യാജ നോട്ടുകളെയും ഭീകരവാദത്തെയും നേരിടാനാണ് 2016 നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും, ഇതുവഴി രാജ്യത്ത് കറന്‍സി ഇതര ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ കേന്ദ്രസര്‍ക്കാരിന്റെ നീക്കം പ്രശംസനീയമാണ്.

2.1 കോടി ജനങ്ങള്‍ സ്വമേധയാ എല്‍ പി ജി സബ്‌സിഡി ഉപേക്ഷിച്ചു, പാവപ്പെട്ടവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി 2.6 കോടി ജന്‍ ധന്‍ അക്കൗണ്ടുകള്‍ ആരംഭിച്ചു, ധാന്യങ്ങളുടെ വിലക്കയറ്റം നിയന്ത്രണവിധേയമാക്കി, ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി നടപ്പാക്കി, പ്രസവാവധി മൂന്നില്‍നിന്ന് ആറ് മാസമാക്കി ഉയര്‍ത്തി, പ്രധാന്‍മന്ത്രി മുദ്ര യോജനയുടെ കീഴില്‍ രണ്ടു ലക്ഷം കോടി രൂപ ലോണ്‍ അനുവദിച്ചു, യുവാക്കളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താന്‍ പദ്ധതികള്‍ കൊണ്ടുവന്നു, 20 കോടിയിലധികം റുപെ കാര്‍ഡുകള്‍ വിതരണം ചെയ്തു, വനിതകള്‍ക്ക് ഒരു കോടി തൊഴിലവസരം ഉറപ്പാക്കി, ഏഴാമത് പേ കമ്മിഷന്‍ നടപ്പാക്കിയത് 50 ലക്ഷം തൊഴിലാളികള്‍ക്കും 35 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പ്രയോജനപ്പെട്ടു, പട്ടികജാതി-വര്‍ഗ വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതി നടപ്പാക്കി, സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിച്ചു, 73,000 കിലോ മീറ്ററില്‍ പുതിയ റോഡ് നിര്‍മിച്ചു, ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി പ്രാവര്‍ത്തികമാക്കി, വ്യോമസേനയില്‍ വനിതാ പൈലറ്റുമാരെ ഉള്‍പ്പെടുത്തി, ഭീകരരെ നേരിടാന്‍ പ്രതിരോധസേന മിന്നലാക്രമണത്തിലൂടെ കടന്നുകയറ്റത്തിന് ശക്തമായ മറുപടി നല്‍കി, ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴിയുണ്ടാകുന്ന പണത്തിന്റെ ചോര്‍ച്ച തടയാനായി. 36,000 കോടി രൂപ സംരക്ഷിക്കാനായി, ദരിദ്രര്‍ 13 കോടി ആളുകള്‍ക്ക് വിവിധ സാമൂഹിക സുരക്ഷാ പദ്ധതികള്‍ ഏര്‍പ്പെടുത്തി തുടങ്ങിയ കാര്യങ്ങളാണ് രാഷ്ട്രപതി പ്രസംഗത്തില്‍ പ്രധാനമായും പരാമര്‍ശിച്ചത്. ‘എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികാസം’ എന്നതാണ് സര്‍ക്കാറിന്റെ മുദ്രാവാക്യമെന്നും രാഷ്ട്ര നിര്‍മാണത്തിനായി സര്‍ക്കാര്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

അതേസമയം, ബജറ്റ് സമ്മേളനം ഫലപ്രദമായി നടക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ജനതാത്പര്യം മുന്‍നിര്‍ത്തിയാകും സമ്മേളനമെന്നും, പ്രതിപക്ഷം ഉന്നയിക്കുന്ന ഏതുവിഷയവും പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here