Connect with us

Editorial

അഭയാര്‍ഥി വിലക്ക് ഒരു തുടക്കം മാത്രം

Published

|

Last Updated

ഇസ്‌ലാമോ ഫോബിയ ഡൊണാള്‍ഡ് ട്രംപിന് കേവലം തിരഞ്ഞെടുപ്പ് പ്രചാരണായുധം മാത്രമല്ല, ഭരണ, നയപരിപാടികളുടെ സുപ്രധാന ഭാഗം തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് ഏഴ് മുസ്‌ലിം രാജ്യങ്ങളിലുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ നടപടി. സിറിയ, ഇറാന്‍, ഇറാഖ്, ലിബിയ, യെമന്‍, സുഡാന്‍, സൊമാലിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം താത്കാലികമായി വിലക്കുന്നതും സിറിയന്‍ അഭയാര്‍ഥികള്‍ക്ക് അനിശ്ചിതകാല നിരോധം ഏര്‍പ്പെടുത്തിക്കൊണ്ടുമുള്ള ഉത്തരവില്‍ ട്രംപ് വെള്ളിയാഴ്ച രാത്രി ഒപ്പ് വെക്കുകയുണ്ടായി. “ഭീകരതയുടെ താവളങ്ങളായ പ്രദേശങ്ങളാണ്” അദ്ദേഹത്തിന് ഈ രാജ്യങ്ങള്‍. സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിക്കാനായി ഒബാമ സര്‍ക്കാര്‍ നടപ്പാക്കിയിരുന്ന യു എസ് റെഫ്യൂജി അഡ്മിഷന്‍ പദ്ധതി നിര്‍ത്തിവെച്ചിട്ടുമുണ്ട്. അമേരിക്കയെ ഭീകരവാദികളില്‍ നിന്ന് സുരക്ഷിതമാക്കാനാണാത്രെ നടപടി. യു എസിനെ പിന്തുണക്കുകയും അമേരിക്കന്‍ ജനതയെ അഗാധമായി സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമേ ഇനി പ്രവേശനം നല്‍കൂവെന്നും ട്രംപ് പറയുന്നു. സിറിയ അടക്കമുള്ള മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ക്രിസ്ത്യന്‍ പൗരന്മാരെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കുകയുണ്ടായി.
ട്രംപിന്റെ ഈ നടപടിയെ ഫെഡറല്‍ കോടതി ഭാഗികമായി സ്റ്റേ ചെയ്തിട്ടുണ്ട്. ശരിയായ വിസയുമായി അമേരിക്കയിലെത്തിയവര്‍ക്ക് രാജ്യത്ത് തുടരാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്. ട്രംപ് ഉത്തരവില്‍ ഒപ്പ് വെച്ചതോടെ മേല്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കരെ വിമാനത്താവളങ്ങളില്‍ തടയുകയും പ്രവേശനം നിഷേധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂനിയന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഫെഡറല്‍ കോടതി ഇടപ്പെട്ടത്. അഭയാര്‍ഥികളെ തടയാനുള്ള ട്രംപിന്റെ ഉത്തരവ് ഭരണഘടന വിരുദ്ധമാണെന്നും താത്കാലിക സ്റ്റേക്ക് പകരം ട്രംപിന്റെ ഉത്തരവ് പൂര്‍ണമായി റദ്ദാക്കണമെന്നും ലിബര്‍ട്ടീസ് യൂനിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുടിയേറ്റ പ്രശ്‌നത്തില്‍ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിനെതിരെ വിവേചനം അരുതെന്ന 1965ലെ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ തീരുമാനത്തിന്റെ ലംഘനമാണ് പുതിയ ഉത്തരവ്. ചൈനീസ് കുടിയേറ്റക്കാരെ നിയന്ത്രിക്കാനായി രാജ്യം നേരത്തെ ഏര്‍പ്പെടുത്തിയ നിയമം വിവേചനങ്ങള്‍ക്കിടയാക്കുകയും അതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് 1965ല്‍ കോണ്‍ഗ്രസ് അത് തിരുത്തിയത്.
ഹിറ്റ്‌ലറെ പോലെ ഒരു തീവ്ര ഫാസിസ്റ്റാണ് ട്രംപെന്ന് നേരത്തെ ബോധ്യമായതാണ്. കുടിയേറ്റ വിരുദ്ധവികാരവും മുസ്‌ലിംവിരുദ്ധതയും മുഖ്യ പ്രചാരണായുധമാക്കിയാണ് വംശവെറിയുടെ ആള്‍രൂപമായ ട്രംപ് തിരഞ്ഞെടുപ്പിനെ നേരിട്ടതും അധികാരത്തിലെത്തിയതും. അഭയാര്‍ഥികള്‍ക്ക് മാത്രമല്ല അമേരിക്കയിലെ പരമ്പരാഗത മുസ്‌ലിംകള്‍ക്കും ദുരിതത്തിന്റെതായിരിക്കും വരും നാളുകളെന്നാണ് വിലയിരുത്തപ്പെടുന്നത്. മുസ്‌ലിംകള്‍ അക്രമിക്കപ്പെടുകയും മസ്ജിദുകള്‍ തകര്‍ക്കപ്പെടുകയും ചെയ്യുന്ന കാലത്തെ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഇനി രാജ്യത്ത് പതിവ് സംഭവമായി മാറുമെന്ന ആശങ്ക അമേരിക്കന്‍ മുസ്‌ലിംകളെ വേട്ടയാടുന്നുണ്ട്. റിപ്പബ്ലികന്‍ സ്ഥാനാര്‍ഥിയായി ട്രംപ് രംഗത്ത് വരികയും പ്രചാരണ വേദികളിലെല്ലാം മുസ്‌ലികളെ കടന്നാക്രമിക്കുകയും ചെയ്തതോടെ രാജ്യത്ത് മുസ്‌ലിംകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. ഭീകരവാദ ചിന്തകള്‍ തുടച്ചു മാറ്റാനെന്ന പേരില്‍ അമേരിക്കന്‍ മുസ്‌ലിംകള്‍ കടുത്ത നിരീക്ഷണത്തിന് വിധേയമാക്കപ്പെടാനും കൂടുതല്‍ മുസ്‌ലിംവിരുദ്ധ നിയമങ്ങള്‍ നിലവില്‍ വരാനും സാധ്യതയുമുണ്ട്. ഇസ്‌ലാമിക അനുഷ്ഠാനങ്ങള്‍ക്ക് പോലും കര്‍ശന നിയന്ത്രണങ്ങള്‍ പ്രതീക്ഷിക്കേണ്ടതുണ്ട്.
ആടിനെ പട്ടിയാക്കി പിന്നീട് പേപ്പട്ടിയാക്കി തല്ലിക്കൊല്ലുകയെന്ന പ്രയോഗത്ത അനുസ്മരിപ്പിക്കുന്നതാണ് ഭീകരത ആരോപിച്ചു അറബ് രാജ്യങ്ങളെ അക്രമിക്കുകയും മുസ്‌ലിം അഭയാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്യുന്ന നടപടി. സമാധാനത്തില്‍ കഴിയുന്ന മുസ്‌ലിം രാജ്യങ്ങളില്‍ ആഭ്യന്തര കുഴപ്പം സൃഷ്ടിക്കുന്നതും ഭരണ കൂടത്തിനെതിരെ പോരാടാന്‍ വിമതര്‍ക്കും ഛിദ്ര ശക്തികള്‍ക്കും ആയുധമുള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുന്നതും അമേരിക്കയാണ്. ഇറാഖ്, സിറിയ, ലബനാന്‍ തുടങ്ങി രാജ്യങ്ങളിലെ സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിട്ടത് അമേരിക്കയും പാശ്ചാത്യ ശക്തികളുമാണെന്ന് വെളിപ്പെട്ടുകഴിഞ്ഞതാണ്. ആയുധ വിപണി വിപുലപ്പെടുത്തുന്നതോടൊപ്പം മുസ്‌ലംകളെക്കുറിച്ചു തെറ്റിദ്ധാരണ പരത്തുകയും മുസ്‌ലിം രാഷ്ട്രങ്ങളെ ഛിന്ന ഭിന്നമാക്കുകയുമാണ് താത്പര്യം. മുസ്‌ലം അഭയാര്‍ഥികള്‍ക്ക് പ്രവേശം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവും ഈ അജന്‍ഡയുടെ തുടര്‍ച്ചയാണ്. പക്ഷേ, കണ്ടറിഞ്ഞില്ലെങ്കിലും കൊണ്ടറിയാനുള്ള വിവേകം പോലും പല മുസ്‌ലിം രാജ്യങ്ങളും ഇപ്പോഴും പ്രകടിപ്പിക്കുന്നില്ല. പുതിയ സംഭവ വികാ സങ്ങളുടെ പശ്ചാത്തലത്തിലെങ്കിലും അമേരിക്കയുടെ ഇസ്‌ലാമികവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ശക്തിയായി പ്രതികരിക്കാനും വൈറ്റ് ഹൗസുമായുള്ള നയപരിപാടികളില്‍ പുനര്‍വിചിന്തനം നടത്താനും മുസ്‌ലിം രാഷ്ട്രങ്ങള്‍ സന്നദ്ധമായെങ്കില്‍.

Latest