ജിഷ്ണുവിന്റെ മരണം: കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബന്ധുക്കള്‍

Posted on: January 20, 2017 3:05 pm | Last updated: January 20, 2017 at 3:05 pm

നാദാപുരം: പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഇനിയും കെട്ട് കഥ ഉണ്ടാക്കി കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കാതെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബന്ധുക്കള്‍.
ശാരീരികമായും മാനസികമായും ജിഷ്ണുവിന് പീഡനമേല്‍ക്കേണ്ടി വന്നുവെന്ന് മരിച്ച ദിവസം തന്നെ ബന്ധുക്കള്‍ പാരാതിപ്പെട്ടിരുന്നു. ജിഷ്ണുവിന്റെ മൃതദേഹത്തില്‍ മൂക്കിന് മുകളിലുണ്ടായിരുന്ന മുറിവ് മരണത്തിന് മുമ്പ് ഉണ്ടായതാണെന്നും പി ജി വിദ്യാര്‍ഥിയാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതെന്നും വ്യക്തമായിരിക്കയാണ്.

ജിഷ്ണുവിന്റെ റൂമിലെ ചുമരില്‍ രക്തപാടുണ്ടായിരുന്നെന്നും എ എസ് പി അന്വേഷണ ചുമതല ഏല്‍ക്കുന്നതിനിടെ കഴുകി വൃത്തിയാക്കിയെന്നും ജിഷ്ണുവിന്റെ റൂം പൂട്ടി സീല്‍ ചെയ്‌തെന്നും പോലീസ് പറയുന്നത് കളവാണ്. റൂമിന് മൂന്ന് താക്കോലുകളുണ്ടെന്നും രണ്ട് താക്കോല്‍ പോലീസിന്റെ കൈവശവും ഒരു താക്കോല്‍ വാര്‍ഡന്റെ കൈവശവും ഉണ്ടെന്നും തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് പോലീസിന്റെ പിന്തുണ ഉണ്ടായിട്ടുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.