പൂട്ടിക്കിടക്കുന്ന സ്വകാര്യ പെട്രോള്‍ സ്റ്റേഷനുകള്‍ തുറക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് സി എം സി

Posted on: January 19, 2017 8:36 pm | Last updated: January 19, 2017 at 8:36 pm

ദോഹ: വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന സ്വകാര്യ പെട്രോള്‍ സ്റ്റേഷന്‍ വീണ്ടും തുറക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ (സി എം സി) അംഗങ്ങള്‍ ആവശ്യപ്പെട്ടു. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ദോഹയിലും പുറത്തും നിരവധി സ്വകാര്യ പെട്രോള്‍ സ്റ്റേഷനുകളാണ് പൂട്ടിക്കിടക്കുന്നത്. വഖൂദിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന രീതിയില്‍ നവീകരണം നടത്താന്‍ പെട്രോള്‍ സ്റ്റേഷന്‍ നടത്തിപ്പുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

താന്‍ താമസിക്കുന്ന പ്രദേശത്ത് രണ്ട് പെട്രോള്‍ സ്റ്റേഷനുകള്‍ പൂട്ടിയിട്ട് എട്ട് വര്‍ഷത്തോളമായെന്നും ഇത് വലിയ അസൗകര്യമാണ് സൃഷ്ടിക്കുന്നതെന്നും സി എം സി അംഗമായ ഹമദ് ബിന്‍ ഖാലിദ് അല്‍ കുബൈസി ചൂണ്ടിക്കാട്ടി. പൂട്ടിക്കിടക്കുന്ന സ്റ്റേഷനുകള്‍ വീണ്ടും തുറക്കുന്നതിന് നിശ്ചിത സമയം വെക്കുകയും അല്ലാത്തപക്ഷം ലൈസന്‍സ് പിന്‍വലിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യ പെട്രോള്‍ സ്റ്റേഷനുകള്‍ നവീകരിക്കുന്നതിന് ദീര്‍ഘകാലമെടുക്കുന്നതിനെ മറ്റ് അംഗങ്ങളും വിമര്‍ശിച്ചു. അടച്ചിട്ടവയടക്കം ചില പെട്രോള്‍ സ്റ്റേഷനുകള്‍ മാര്‍ക്കറ്റ് കേന്ദ്രങ്ങളായി മാറിയെന്നും ലൈസന്‍സ് നല്‍കിയ ലക്ഷ്യത്തിനല്ല ഉപയോഗിക്കുന്നതെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
വീണ്ടും തുറക്കുന്നത് വൈകിയതിനാല്‍ ചില സ്വകാര്യ പെട്രോള്‍ സ്റ്റേഷനുകളുടെ വ്യവസായം തന്നെ മാറിയിട്ടുണ്ടെന്ന് അല്‍ ശഹാനിയ്യയില്‍ നിന്നുള്ള അംഗം മുഹമ്മദ് ബിന്‍ താഫിര്‍ അല്‍ ഹജ്‌രി പറഞ്ഞു. ഷോപ്പുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കുമാണ് അവ ഉപയോഗിക്കപ്പെടുന്നത്. പെട്രോള്‍ സ്റ്റേഷനുകളില്‍ കൂടുതല്‍ ഷോപ്പുകള്‍ തുറന്നത് തിരക്കേറ്റിയിട്ടുണ്ട്. ഇന്ധനം നിറക്കാന്‍ വരുന്നവര്‍ക്ക് ഇത് പ്രയാസം സൃഷ്ടിക്കുന്നു. കമ്പനികള്‍ക്കും കാര്‍ ഏജന്‍സികള്‍ക്കും സ്ഥലം നല്‍കുന്നതും ഡ്രൈവര്‍മാര്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്നത്. ഇക്കാര്യത്തില്‍ നിരീക്ഷണം ആവശ്യമാണ്. നവീകരണത്തിന് അടച്ചിട്ട സ്റ്റേഷനുകളില്‍ കൂടുതല്‍ റസ്റ്റോറന്റുകള്‍ക്കും ഷോപ്പുകള്‍ക്കും സ്ഥലം നല്‍കുന്നതാണ് ലാഭകരമെന്ന് പല സ്വകാര്യ പെട്രോള്‍ സ്റ്റേഷന്‍ ഉടമസ്ഥരും മനസ്സിലാക്കിയിട്ടുണ്ട്. നിയമപ്രകാരമുള്ള സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ദശലക്ഷക്കണക്കിന് റിയാല്‍ ചെലവ് വരുമെന്നും അതിനാലാണ് ഈ പ്രവണതയെന്നും അല്‍ ഹജ്‌രി ചൂണ്ടിക്കാട്ടി.

പെട്രോള്‍ സ്റ്റേഷന്‍ പമ്പുകള്‍ക്കും മാര്‍ക്കറ്റുകള്‍ക്കും സര്‍വീസ് ഏരിയക്കും പ്രത്യേകം എന്‍ട്രന്‍സ് വേണമെന്ന് ഫാത്വിമ അല്‍ കുവാരി നിര്‍ദേശിച്ചു. റസ്റ്റോറന്റുകളില്‍ ഉപയോഗിക്കുന്ന പാചക അടുപ്പുകളും മറ്റും പെട്രോള്‍ സ്റ്റേഷന് ഭീഷണിയുയര്‍ത്തുന്നതാണെന്നും അവര്‍ പറഞ്ഞു.
പെട്രോള്‍ സ്റ്റേഷനുകളിലെ മറ്റ് വ്യാപാരങ്ങളില്‍ നിരവധി അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. ഇന്ധനം നിറക്കാനും ഷോപ്പിംഗിനും എത്തുന്നവര്‍ക്ക് പാര്‍ക്കിംഗ് സ്ഥലം ഇല്ലാത്തത് ഗുരുതരമായ വെല്ലുവിളിയാണ്. പെട്രോള്‍ സ്റ്റേഷനുകളിലെ റസ്റ്റോറന്റുകളുടെയും മാര്‍ക്കറ്റുകളുടെയും എണ്ണം പരിമിതിപ്പെടുത്തേണ്ടതുണ്ട്. കുബൈസിയുടെ ശിപാര്‍ശ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ പബ്ലിക് സര്‍വീസസ് ആന്‍ഡ് യൂട്ടിലിറ്റീസ് കമ്മിറ്റിക്ക് സമര്‍പ്പിച്ചു.