സഊദിയില്‍ വിദേശികളയക്കുന്ന പണത്തിന്‍മേല്‍ ഫീസ് ഈടാക്കാന്‍ നിര്‍ദേശം

Posted on: January 19, 2017 11:03 am | Last updated: January 19, 2017 at 11:03 am

ദമ്മാം: ശൂറാ കൗണ്‍സില്‍ അംഗവും ജനറല്‍ ഓഡിറ്റിംഗ് ബ്യൂറോ മുന്‍ മേധാവിയുമായ ഹുസ്സാം അല്‍ അന്‍ഖാരി സമര്‍പ്പിച്ച നിര്‍ദേശത്തിന്‍മേല്‍ വിദേശികള്‍ അയക്കുന്ന പണത്തെക്കുറിച്ച് കൗണ്‍സില്‍ പഠനം നടത്തും. സമര്‍പ്പിക്കപ്പെട്ട കരട് അനുസരിച്ച് അടക്കേണ്ടതിന്റെ 6 ശതമാനമാണ് ആദ്യ വര്‍ഷം ഈടാക്കുന്നത്. ഇത് പിന്നിട് ഫലത്തില്‍ കുറയും. രാജ്യത്തിനു വേണ്ടി ചെലവഴിക്കുന്നതിന് വിദേശ തൊഴിലാളികളെ പ്രചോദിപ്പിക്കുന്ന രീതിയില്‍ പ്രചാരണം നടത്താനും നിര്‍ദേശത്തിലുണ്ട്. സഊദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി(സമ)യാണ് ഈ നിര്‍ദേശമനുസരിച്ച് പണം ശേഖരിക്കുക. രാജ്യത്ത് നിന്ന് ഫൈനല്‍ എക്‌സിറ്റ് പോകുമ്പോള്‍ കയ്യില്‍ കരുതാവുന്ന പണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ശുപാര്‍ശയില്‍ പറയുന്നു. 2004 ല്‍ വിദേശികള്‍ അയച്ച പണം 57 ബില്യന്‍ ആണ്. 2013 ല്‍ ഇത് 135 ബില്യന്‍ ആയി വര്‍ദ്ധിച്ചിട്ടുണ്ട്.