അടുത്ത മാസം മുതല്‍ വൈദ്യുതി നിരക്ക് വര്‍ധന

Posted on: January 18, 2017 8:28 am | Last updated: January 18, 2017 at 12:19 pm

തിരുവനന്തപുരം: സംസ്ഥാനം കൊടും വരള്‍ച്ചയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കി വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുമെന്നുറപ്പായി. കെ എസ് ഇ ബിയുടെ അനാസ്ഥ കാരണം വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് നിരക്ക് വര്‍ധിപ്പിക്കാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുന്നത്. നിരക്ക് കുത്തനെ കൂട്ടാന്‍ നീക്കം നടക്കുന്നതായി സിറാജ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിരക്ക് വര്‍ധനവിന്റെ താരീഫ് പുതുക്കി നല്‍കണമെന്ന് വൈദ്യുതി ബോര്‍ഡിനോട് നിരവധി തവണ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടും ബോര്‍ഡ് പുതുക്കിയ നിരക്ക് ഇതുവരെയും നല്‍കിയിട്ടില്ല. അതിനാലാണ് സ്വന്തം നിലയില്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍ നീക്കം നടത്തുന്നത്. നിലവിലെ താരിഫ് നിരക്കിന്റെ കാലാവധി ജനുവരി 31ന് അവസാനിക്കുന്നതിനാല്‍ അടുത്ത മാസം മുതല്‍ നിരക്ക് പ്രാബല്യത്തില്‍ വരുത്താനാണ് നീക്കം. പുതുക്കിയ നിരക്ക് വരുന്നതോടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂനിറ്റ് ഒന്നിന് 23 പൈസ മുതല്‍ മുപ്പത് പൈസ വരെയും മറ്റുള്ളവര്‍ക്ക് അമ്പത് പൈസയുടെയും വര്‍ധനവ് ഉണ്ടാകും.
വൈദ്യുതി വകുപ്പിന് നിരക്ക് വര്‍ധിപ്പിക്കണമെങ്കില്‍ പുതുക്കിയ നിരക്കുകള്‍ സംബന്ധിച്ച താരിഫ് റെഗുലേറ്ററി കമ്മീഷന് സമര്‍പ്പിക്കണം. അതോടൊപ്പം കെ എസ് ഇ ബി യുടെ വരവ് ചെലവ് കണക്കുകളും സമര്‍പ്പിക്കണം. എന്നാല്‍, അയ്യായിരത്തോളം കോടി രൂപയുടെ നഷ്ടം ഉണ്ടെന്ന് കെ എസ് ഇ ബി കമ്മീഷന് മുമ്പാകെ പറയുന്നതല്ലാതെ വ്യക്തമായ കണക്കുകള്‍ നല്‍കുന്നില്ല. കെ എസ് ഇ ബിയോട് വിശദമായ കണക്കുകള്‍ സമര്‍പ്പിക്കണം എന്ന് നിരവധി തവണ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സമര്‍പ്പിച്ചിട്ടില്ല.
എന്നാല്‍, സുപ്രീം കോടതി വിധിയനുസരിച്ച് കാലാകാലങ്ങളില്‍ റെഗുലേറ്ററി കമ്മീഷന് താരിഫ് നിരക്ക് വര്‍ധിപ്പിക്കണം. ഇത്തരത്തില്‍ നിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ വിവിധ മേഖലകളില്‍ നല്‍കിവരുന്ന പ്രത്യേക ഇളവുകള്‍ പരിഗണിക്കാന്‍ സാധിച്ചെന്ന് വരില്ല. ഏതൊക്കെ മേഖലകളില്‍ ഇളവ് നല്‍കണമെന്ന് സര്‍ക്കാറും വൈദ്യുതി ബോര്‍ഡും തീരുമാനിച്ച് കമ്മീഷന് നല്‍കണം. വൈദ്യുതി ബോര്‍ഡ് ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ നല്‍കാത്താതിനാല്‍ കമ്മീഷന്‍ നിശ്ചയിക്കുന്ന നിരക്കായിരിക്കും ഇളവുകള്‍ നല്‍കിയവര്‍ക്കും ബാധമാകുക.