Connect with us

Gulf

മസ്‌കത്തില്‍ മോഡേണ്‍ സ്‌കൂള്‍ അടച്ചുപൂട്ടിയ വിഷയത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടുന്നു

Published

|

Last Updated

സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ രക്ഷിതാക്കള്‍ സംഘടിച്ച് സ്‌കൂള്‍ കാമ്പസില്‍ എത്തിയപ്പോള്‍

മസ്‌കത്ത്: 600ല്‍ പരം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിച്ചിരുന്ന അസൈബയിലെ മോഡേണ്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ അടച്ചു പൂട്ടിയ സംഭവത്തില്‍ ഇടപെടാമെന്ന് രക്ഷിതാക്കള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ ഉറപ്പ്. പരാതിയുമായി രക്ഷിതാക്കള്‍ ഇന്നലെയാണ് എംബസിയെ സമീപിച്ചത്. ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന് കീഴിലാണ് പരിഹാര ശ്രമങ്ങള്‍ നടത്തുക.

ഇന്ത്യന്‍ സിലബസില്‍ സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ലെന്ന വിദ്യാഭ്യാസ മന്ത്രാലയം സര്‍ക്കുലര്‍ നല്‍കിയതോടെയാണ് മോഡേണ്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം അവതാളത്തിലായത്. ആദ്യ ഘട്ടത്തില്‍ രക്ഷിതാക്കള്‍ വിഷയം അറിഞ്ഞിരുന്നില്ല. സ്‌കൂള്‍ അടച്ചുപൂട്ടുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയപ്പോള്‍ രക്ഷിതാക്കള്‍ സംഘടിക്കുകയും സ്‌കൂള്‍ അധികൃതരെ സമീപിക്കുകയുമായിരുന്നു. എന്നാല്‍, അധികൃതരുടെ ഭാഗത്ത് നിന്ന് വ്യക്തമായ മറുപടി ലഭിക്കാതയതോടെ രക്ഷിതാക്കള്‍ എംബസിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍, സി ബി എസ് ഇ (ഐ) സിലബസില്‍ പഠനം തുടരാന്‍ വിദ്യാര്‍ഥികളെ അനുവദിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടെങ്കിലും ഫലം ഉണ്ടായില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം. പുതിയ സിലബസില്‍ പുതിയ കെട്ടിടത്തില്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നുണ്ടെങ്കില്‍ തങ്ങള്‍ക്ക് ഇതില്‍ വിശ്വാസമില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. നിലവിലെ സ്‌കൂള്‍ കെട്ടിടത്തില്‍ വില്‍പനക്ക് എന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.
ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലാണ് 600ല്‍ പരം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നത്.