രാഷ്ട്രകവി ഗോവിന്ദപൈയുടെ സ്മരണ നിലനിര്‍ത്താന്‍ ഗിളിവിണ്ടു പദ്ധതി യാഥാര്‍ഥ്യമായി

Posted on: January 17, 2017 10:36 am | Last updated: January 17, 2017 at 10:36 am
SHARE
രാഷ്ട്രകവി ഗോവിന്ദപൈ സ്മാരക മന്ദിരം

ബെംഗളൂരു: രാഷ്ട്രകവി ഗോവിന്ദപൈയുടെ സ്മരണ നിലനിര്‍ത്താന്‍ കേരള- കര്‍ണ്ണാടക സര്‍ക്കാറുകളുടെ സംയുക്ത സഹകരണത്തോടെ കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്ത് ഗിളിവിണ്ടു പദ്ധതി യാഥാര്‍ഥ്യമായി. പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം 19ന് വൈകീട്ട് 3.30ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ചേര്‍ന്ന് നിര്‍വഹിക്കും. മന്ത്രിമാരായ എ കെ ബാലന്‍, മന്ത്രി ഇ ചന്ദ്രശേഖരന്‍, കര്‍ണ്ണാടക സാസ്‌കാരിക മന്ത്രി ഉമാശ്രീ, വനം പരിസ്ഥിതി മന്ത്രി ബി രമാനാഥ് റൈ എന്നിവര്‍ പദ്ധതിയുടെ ഭാഗമായ വിവിധ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഗോവിന്ദപൈ സ്മാരക ട്രസ്റ്റാണ് ഗിളിവിണ്ടു പദ്ധതി യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.

നവീകരിച്ച കവി ഭവനം, യക്ഷഗാനമ്യൂസിയം ഉള്‍പ്പെടുന്ന നളന്ദ, ഭവനിക ഓഡിറ്റോറിയം, വൈശാഖി, സാകേത, ആനന്ദ് എന്നീ മൂന്ന് അതിഥി മന്ദിരങ്ങള്‍, ബോധിരംഗ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ലൈബ്രറി, പഠനമുറി, പുരാവസ്തുരേഖ കേന്ദ്രം, ഡോര്‍മിറ്ററി എന്നിവ ഉള്‍പ്പെടുന്ന അനക്‌സ് ബില്‍ഡിംഗ്, ആര്‍കിടെക്ചറല്‍ കോമ്പൗണ്ട് വാള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഗിളിവിണ്ടു പദ്ധതി. കവിയുടെ 4,500 പുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് ഗിളിവിണ്ടുവില്‍ സൂക്ഷിക്കും. ഗോവിന്ദപൈയുടെ ലോഹപ്രതിമ കവി ഭവനത്തിനു മുന്നില്‍ സ്ഥാപിക്കുകയും ചെയ്യും. രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദപൈയുടെ സ്മരണയ്ക്കായി അഞ്ചുകോടിയോളം രൂപ ചെലവിലാണ് ഗിളിവിണ്ടു പദ്ധതി നടപ്പാക്കിയത്. ജില്ലാ നിര്‍മിതി കേന്ദ്രയ്ക്കായിരുന്നു നിര്‍മാണ ചുമതല.
സ്മാരക മന്ദിരം കവിയുടെ കൃതികളെ സംബന്ധിച്ചുളള ഗവേഷണകേന്ദ്രമായും കലാസാംസ്‌ക്കാരികപരിപാടിയുടെ ജില്ലയിലെ പ്രധാനവേദിയായും പ്രയോജനപ്പെടുത്തുന്ന പദ്ധതിയാണ് ഗിളിവിണ്ടു. കേരള- കര്‍ണാടക സര്‍ക്കാര്‍ ഒരുമിച്ച് കൈകോര്‍ത്തതോടെയാണ് പദ്ധതി പെട്ടെന്ന് യാഥാര്‍ഥ്യമായത്. കവിയുടെ സ്വന്തം കൃതികളും അദ്ദേഹത്തെ സംബന്ധിച്ച പുസ്തകങ്ങളും പൊതുജനത്തിന് പ്രയോജനപ്പെടുന്നവിധം ലഭ്യമാക്കാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്. ഗോവിന്ദ പൈ 22 ഭാഷകളില്‍ നിപുണനായിരുന്നിട്ടും അദ്ദേഹം നെഞ്ചോട് ചേര്‍ത്ത് പിടിച്ച ഭാഷ കന്നഡയായിരുന്നുവെന്നതാണ് പ്രധാന സവിശേഷത.
ഉദ്ഘാടന പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഗോവിന്ദപൈ സ്മാരക ട്രസ്റ്റ് പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. എം വീരപ്പമൊയലി എം പി ബെംഗളൂരു പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇരു സംസ്ഥാനങ്ങളിലെയും സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ഉദ്ഘാടന ചടങ്ങില്‍ എം പി, എം എല്‍ എമാര്‍, മറ്റു ജനപ്രതിനിധികള്‍ സംബന്ധിക്കും. ഗിളിവിണ്ടു പദ്ധതിയുടെ അഡ്മിനിസ്‌ട്രേറ്ററായി ഡോ.കെ കമലാക്ഷയെ നിയമിച്ചിട്ടുണ്ട്.