Connect with us

Ongoing News

പോലീസ് സുരക്ഷയില്‍ കണ്ണൂര്‍

Published

|

Last Updated

കലോത്സവം സുരക്ഷാ ചുമതലക്കായി നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍

കണ്ണൂര്‍: കൗമാര കലോത്സവത്തിന് വേദിയായ കണ്ണൂര്‍ കനത്ത പോലീസ് സുരക്ഷയില്‍. കലോത്സവം കുറ്റമറ്റതാക്കാനുള്ള തീരുമാനത്തിലാണ് ജില്ലാ പോലീസ് മേധാവി കെ പി ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള ലോ ആന്‍ഡ് ഓര്‍ഡര്‍ കമ്മിറ്റി. ക്രമസമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനും 1000 പോലീസ് സേനാംഗങ്ങളെയാണ് അണിനിരത്തിയിട്ടുള്ളത്. ഇന്നലെ പ്രധാന വേദിയില്‍ വെച്ച് പോലീസുകാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഉത്തരമേഖ ഐ ജി ദിനേന്ദ്ര കശ്യാപ് നല്‍കി. കലോത്സവം കഴിയുന്നത് വരെ നഗരം പോലീസ് നിരീക്ഷണത്തിലായിരിക്കും. ഡി വൈ എസ് പിമാര്‍, എസ് ഐമാര്‍, സി ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ലോക്കല്‍ പോലീസ്, കെ എ പി, എ ആര്‍ ക്യാമ്പ് ഉദ്യോഗസ്ഥര്‍, മഫ്തി പോലീസ് അടങ്ങിയ സേനാഗങ്ങളും സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് അംഗങ്ങളെയും സുരക്ഷ ശക്തമാക്കാന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും എല്ലാ വേദികളിലും മത്സരാര്‍ഥികളുടെ താമസ സ്ഥലങ്ങളും വിന്യസിച്ചിട്ടുണ്ട്. പ്രധാന നാല് വേദികള്‍ക്ക് മുന്നിലും പ്രത്യേക പോലീസ് നിരീക്ഷണമുണ്ടാകും. വിധികര്‍ത്താക്കളുടെ സുരക്ഷ ഇവരുടെ കയ്യിലായിരിക്കും. കലോത്സവത്തില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ നടക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പോലീസിനെ അറിയിക്കാമെന്ന് ലോ ആന്‍ഡ് ഓര്‍ഡര്‍ കണ്‍വീനര്‍ പി നാരായണന്‍കുട്ടി പറഞ്ഞു.

കലോത്സവത്തിലെത്തുന്നവര്‍ക്ക് പോലീസ് സഹായത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈനും തുടങ്ങിയിട്ടുണ്ട്. ഹെല്‍പ് ലൈന്‍ നമ്പര്‍ 9947800100. വനിതാ പോലീസിന്റെ നാല് സംഘങ്ങളടക്കം 18 മൊബൈല്‍ പെട്രോള്‍ യൂനിറ്റ് രാത്രി സമയങ്ങളില്‍ നഗരത്തില്‍ റോന്ത്ചുറ്റും.