മാലാഖമാരായിട്ടല്ല, മനുഷ്യരായിട്ടു തന്നെ

പാലിയേറ്റീവ് പ്രവര്‍ത്തകരെ മാലാഖമാര്‍ എന്നൊക്കെ വിശേഷിപ്പിച്ചു കണ്ടു. ആര്‍ക്കും സുഖം തോന്നുന്ന പ്രയോഗം. പക്ഷേ അറിഞ്ഞോ അറിയാതെയോ ഒരു ബഹുകോണ ചതിക്കുഴിയാണത് പണിയുന്നത്. ഒന്നാമത് മാലാഖയെന്ന വിളിയിലൂടെ മനുഷ്യനവകാശപ്പെട്ട പലതും പാലിയേറ്റീവ് പ്രവര്‍ത്തകരില്‍ നിന്ന് സമൂഹം കവരാന്‍ ശ്രമിക്കുന്നുണ്ട്. ഉത്തരവാദിത്തമുള്ള ഒരു ജോലിയെ നിരുപാധികമായ സേവന പ്രവര്‍ത്തനമായത് മാറ്റിക്കളയും. ഒരേസമയം മാലാഖമാരുടെ സ്ഥാനവും മനുഷ്യന്റെ അവകാശങ്ങളും അനുഭവിക്കാന്‍ നമുക്ക് കഴിയില്ല. പൂര്‍ണതയുള്ള പരിചാരകരായിരിക്കാന്‍ പാലിയേറ്റീവ് കെയര്‍ സംവിധാനത്തിന് കഴിയില്ല. അത്തരമൊരു സംഘത്തെ പുറമേ നിന്ന് വാഴ്ത്തിയും പ്രോത്സാഹിപ്പിച്ചും പൊതുസമൂഹം നോക്കി നില്‍ക്കുകയും വ്യക്തിഗത ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുപോകുകയും ചെയ്യുന്നതിന് നിലവിലെ സംവിധാനം കാരണമായാല്‍, അത് പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനത്തിന്റെ പരാജയമായി വേണം കാണുക.
Posted on: January 15, 2017 10:19 am | Last updated: January 15, 2017 at 10:19 am
SHARE

ഒരു നിര്‍മിതിയുടെ ഇഷ്ടികകള്‍ പോലെ നിങ്ങള്‍ പരസ്പരം താങ്ങാവുക, ഒരവയവത്തിന് മുറിഞ്ഞാല്‍ നൊന്തും പനിച്ചും ഉറക്കമിളക്കുന്ന ശരീരത്തെ പോലെ നിങ്ങള്‍ പരസ്പരം കരുതലുള്ളവരാവുക (മുഹമ്മദ് നബി).
അക്ഷരാര്‍ഥത്തില്‍ ഏകാന്തമായിരുന്നു ആ അമ്മയുടെ രോഗതീര്‍ഥാടനം. ഉടപ്പിറപ്പുകളും ഉറ്റവരുമില്ലാത്ത ആ ജീവിതത്തിന്റെ മൂന്ന് നീണ്ട ദീനവര്‍ഷങ്ങള്‍ രോഗത്തിന്റെ ഇരുള്‍ തുരങ്കത്തിലൂടെ ഒറ്റക്ക് താണ്ടി. ഒടുവില്‍ ആ യാത്ര അവസാനിപ്പിച്ച ദിവസം, ഒരു പൂര്‍വാഹ്നത്തില്‍ കുന്നിറങ്ങിപ്പോകുന്ന വഴിസന്ധിയില്‍ ഹോം കെയര്‍ വാഹനത്തിലിരുന്ന് മരണം കാണാനെത്തുന്ന പുരുഷാരവത്തെ ഒന്നെണ്ണാന്‍ ശ്രമിച്ചു നോക്കി. ഒരായിരം പേരെങ്കിലും മയ്യിത്ത് കണ്ട് മടങ്ങിക്കാണണം. വെറുതെ ഓര്‍ത്തുപോയി. മരണവീട്ടിലെത്തിയ ഈ ആയിരത്തോളം പേര്‍ ദിവസം രണ്ടുപേര്‍ വീതം കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഒരു ദിവസമെങ്കിലും രോഗ വീട്ടില്‍ വന്ന് പോയിരുന്നുവെങ്കില്‍ ആ ഏകാന്ത ദീനയാത്ര ആള്‍പ്പെരുമാറ്റം നിറഞ്ഞതാകുമായിരുന്നില്ലേ?
കൂടെപ്പോരുന്നവര്‍ക്ക് ഭാരമാകുമെന്ന് കരുതി ആ അമ്മ പാതിവഴിക്ക് നിര്‍ത്തിക്കളഞ്ഞ ചികിത്സ തുടര്‍ന്നിരുന്നുവെങ്കില്‍ ഏതാനും വസന്തസൂര്യനും ആതിരാ നിലാവുകളും കാണാന്‍ അവരുണ്ടാകുമായിരുന്നില്ലേ?
ഏതാണ്ട് അഞ്ച് പതിറ്റാണ്ട് മുമ്പ് തന്നെ സമ്പൂര്‍ണ സാക്ഷരമായ ഒരു വടക്കന്‍ കേരളീയ ഗ്രാമം. ഓരോ വീട്ടിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെങ്കിലും കാണും. അമ്പലഗോപുരത്തില്‍ നിന്നും പള്ളി മിനാരത്തില്‍ നിന്നും ഒരു കോഴിത്തൂവല്‍ നീട്ടിയെറിഞ്ഞാല്‍ വീട്ടങ്കണത്തില്‍ വന്ന് വീഴും. നിറയെ മക്കളും ബന്ധുബലവും. ഭാര്യ മരിച്ചതില്‍ പിന്നെ തറവാട് വീട് പൊളിച്ചു പണിയാന്‍ ഇളയ മകന് വിട്ടുകൊടുത്തു, വാടകക്ക് നല്‍കാന്‍, താന്‍ തന്നെ നിര്‍മിച്ച ലൈന്‍ക്വാര്‍ട്ടേഴ്‌സുകളിലേക്ക് മാറിയതാണ് കാരണവര്‍. വാര്‍ധക്യത്തിന്റെ പതിവ് പോലെ പിന്നെ ശിഷ്ടജീവിതം അവിടെത്തന്നെയായി. മുമ്പത്തെ കുടുംബ സ്വത്തൊക്കെ ഭാഗിച്ചു നല്‍കി മക്കളെ സുരക്ഷിതമാക്കിയിരുന്നു മൂപ്പര്‍. വാര്‍ധക്യത്തോടൊപ്പം രോഗങ്ങളും ഇഴഞ്ഞെത്തി. അന്നാഹാരങ്ങള്‍ അന്യരുടെ ഔദാര്യത്തിലായി. അവനും അവനും ഉത്തരവാദിയായിരുന്നതിനാല്‍ ഒടുവില്‍ ആര്‍ക്കും ഉത്തരവാദിത്വം ഇല്ലാതായി. കാലും അരയും പട്ടിണി പുരോഗമിച്ച് പൂര്‍ണ വറുതിയായി ഒരു പുലര്‍ച്ചെ വര്‍ഷങ്ങളായി തീനും നനയും വിസര്‍ജനവും നിര്‍വഹിച്ചു പോന്ന കട്ടിലില്‍ ദേഹി വിട്ടൊഴിഞ്ഞ ദേഹം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാതെ വിറഞ്ഞലിച്ചു കിടന്നു. കേട്ടു: ചാത്തം കെങ്കേമമായിരുന്നുവെന്ന്. നാടടക്കി സദ്യനടന്നു. ശരീരം അവിടവിടെ പുഴുത്തുവീണു പോയിരുന്നുവെങ്കിലും പട്ടിണികിടന്ന് മരിച്ച ശരീരത്തില്‍ നിന്ന് ആത്മാവ് സുരക്ഷിതമായി ലക്ഷ്യം കണ്ടു.
വൈദ്യം ആവാന്തരങ്ങളായി വിഭജിച്ചു പോവുകയും മനുഷ്യന് മീതെ ശാസ്ത്രം (വൈദ്യശാസ്ത്രം) വാഴുകയും ജനനവും ജീവിതവും മരണവും വൈദ്യവത്കരിക്കപ്പെടുകയും ചെയ്തപ്പോള്‍ ഒരു ചെറു തിരുത്തുപോലെ, ജീവന്റെ സമഗ്രതയിലും ഗുണനിലവാരത്തിലും ഊന്നുകയും ചികിത്സയോടൊപ്പം സര്‍വതല പരിചരണം (ശാരീരിക – മാനസിക – സാമൂഹിക – ആത്മീയ) ദൗത്യമായി സ്വീകരിക്കുകയും ചെയ്താണ് പാലിയേറ്റീവ് കെയര്‍ രൂപപ്പെട്ട് വരുന്നത്. പടിഞ്ഞാറന്‍ ജിവിത ശൈലിയോട് ചേര്‍ന്ന് നിന്നു ഹോസ്പീസുകള്‍ എന്ന പേരില്‍ ജനമധ്യത്തിലെത്തിയ പാലിയേറ്റീവ് കെയര്‍ 1990കളില്‍ കേരളം സ്വീകരിച്ചപ്പോള്‍ ഒരു വികസ്വര സമൂഹത്തിന്റെ സാമൂഹിക ജീവിതത്തിന് ചേരുംവിധം മാറ്റിപ്പണിയുകയായിരുന്നു. ഭാഷ പോലെ പ്രാദേശിക വകദേദങ്ങളോടെയാണ് കേരളം പാലിയേറ്റീവ് കെയര്‍ സ്വീകരിച്ചത്. ഒരു ഘട്ടത്തില്‍ കാന്‍സര്‍ രോഗികളിലും കഠിന വേദനയനുഭവിക്കുന്ന മാറാരോഗികളിലും പരിമിതമായിരുന്ന പാലിയേറ്റീവ് കെയര്‍ പതുക്കെ പാപ്ലീജിയ, പക്ഷാഘാതം, മറവിരോഗം, ക്രമാല്‍ വര്‍ധിച്ചുവരുന്ന നാഡീരോഗങ്ങള്‍, മാനസിക വിഭ്രാന്തിയില്‍ ഉഴലുന്നവര്‍, വൃക്കരോഗികള്‍, വാര്‍ധക്യ പീഡകളില്‍ ഉഴലുന്നവര്‍ എന്നിങ്ങനെ നിത്യപരിചരണവും പരസഹായവും വേണ്ടിവരുന്ന എല്ലാതരം രോഗികളെയും തേടിച്ചെന്നു. ഒ പി കേന്ദ്രീകൃതമായി പാലിയേറ്റീവ് പരിചരണം, വീടുകളില്‍ കഴിയുന്ന പരാശ്രിതരായ രോഗികള്‍ക്ക് പ്രയോജനപ്രദമല്ല എന്ന തിരിച്ചറിവില്‍ സമ്പൂര്‍ണമായും ഗൃഹാകേന്ദ്രീകൃത (ഹോം കെയര്‍) പരിചരണമായി പുനഃക്രമീകരിച്ചു. ദീര്‍ഘകാലമായി വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് പുറംലോകം കാണാന്‍ സൗകര്യപ്പെടും വിധം ഡേ കെയര്‍ സംവിധാനങ്ങള്‍ ഒരുക്കപ്പെടുകയും കഴിയുന്നവര്‍ക്കെല്ലാം പുനരധിവാസവും വരുമാനവും നല്‍കേണ്ട പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടുകയും ചെയ്തു. ഇന്ത്യയിലാദ്യമായൊരു സംസ്ഥാന സര്‍ക്കാര്‍ പാലിയേറ്റീവ് കെയര്‍ പോളിസി പ്രഖ്യാപിച്ച് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴില്‍ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും പാലിയേറ്റീവ് ഹോം കെയര്‍ പദ്ധതി പ്രൈമറി ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂഷന്‍ വഴി നടപ്പിലാക്കാന്‍ പാകത്തില്‍ സാമൂഹികാരോഗ്യനയങ്ങളെ സ്വാധീനിക്കുവാനും നമുക്ക് കഴിഞ്ഞു. കഴിഞ്ഞ പത്തിരുപത് വര്‍ഷത്തെ പാലിയേറ്റീവ് പരിചരണത്തന്റെ വികാസപരണാമങ്ങളില്‍ ഇതൊക്കെയുണ്ട്. ഒപ്പം ഒട്ടേറെ പരിമിതികളും.
മനുഷ്യന്‍ മനുഷ്യനോട് വീട്ടുന്ന ബാധ്യതകള്‍ക്ക് ബഹുമതിപത്രങ്ങളും ആദരങ്ങളും എഴുതിവാങ്ങുകയും അവാര്‍ഡുകളും മെഡലുകളും സ്വീകരണങ്ങളും ഏര്‍പ്പാടാക്കുകയും ചെയ്യുന്ന പതിവ് ശീലങ്ങള്‍ പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനത്തെയും അപഹരിച്ചു തുടങ്ങിയിരിക്കുന്നു എന്നതിനെ കുറിച്ചല്ല പറയുന്നത്. ജീവിച്ചിരിക്കുമ്പോള്‍, ഒരു രാത്രി കൂട്ടാഗ്രഹിച്ച മുനുഷ്യന്റെ പീഡകള്‍ക്കൊപ്പം ഉറക്കമിളക്കാന്‍ ഉണ്ടാകാതിരുന്നവര്‍ മരണാനന്തര ചടങ്ങുകള്‍ ആഘോഷമാക്കുകയും പട്ടിണി കിടന്നു മരിച്ചു പോയവന്റെ ചാരത്തിന് നാടടക്കി സദ്യ വിളിക്കുകയും ചെയ്യുന്നതിന്റെ അശ്ലീലത്തെ കുറിച്ചുമല്ല സൂചിപ്പിച്ചത്. കിടപ്പിലായവരുടെ പരിചരണത്തിന്റെ കുത്തകാവകാശം എഴുതിമേടിച്ച്, ഇവന്റ് മാനേജ്‌മെന്റ് ലോജിക്കുകള്‍ അതിലേക്ക് ആവാഹിച്ച് ചടങ്ങുനില്‍ക്കലും തീര്‍ക്കലുമായി പാലിയേറ്റീവ് കെയര്‍ സംഘടിപ്പിക്കുമ്പോള്‍ വിട്ടുപോകുന്ന ചിലതിനെകുറിച്ചാണ് കരുതിയിരിക്കേണ്ടത്.
സമഗ്ര പരിചരണം എന്നാണ് പാലിയേറ്റീവ് കെയര്‍ സ്വയം പരിചയപ്പെടുത്തുന്നത്. രോഗത്തിന്റെ കാരണം സൂക്ഷ്മാണുക്കള്‍ മാത്രമല്ലെന്ന് നമുക്കറിയാം. വലിയൊരളവോളം അത് സാമൂഹികമാണ്. മനുഷ്യനെ രോഗിയാക്കുന്ന സാഹചര്യങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍പോലും കളിയാക്കപ്പെടുന്ന ഒരു കാലത്താണ് നാം കഴിയുന്നത്. തുറന്ന വിപണിയും ലാഭമത്സരവും ലൈസന്‍സ് രാജിന്റെ മരണവും കാത്തുകഴിയുന്ന ലോകത്തിന് മനുഷ്യന്റെ രോഗങ്ങള്‍ തികച്ചും വ്യക്തിപരമാണ്, വ്യക്തിഗതമാണ്. ഉത്തരവാദിത്വം പൂര്‍ണമായും രോഗിയുടെ മേല്‍ കെട്ടിവെക്കേണ്ടത് വിപണിയുടെ ആവശ്യവുമാണ്. ആരോഗ്യ ഇന്‍ഷ്വറന്‍സ് എന്ന വ്യക്തിഗത ബാധ്യതപ്പുറത്തല്ലാതെ അവന് ചികിത്സ നല്‍കില്ല. ഫഌക്‌സി ചാര്‍ജു വെച്ചല്ലാതെ ഗതാഗത സൗകര്യം ഏര്‍പ്പെടുത്തില്ല. കോര്‍പ്പറേറ്റ് നികുതിയിളവുകള്‍ക്ക് സ്‌പെഷ്യല്‍ എക്കണോമിക് പാക്കേജുകളെന്ന് വാഴ്ത്ത് പേര്, സാധാരണക്കാരനനുവദിക്കുന്ന ചില്ലറ ഇളവുകള്‍ക്ക് സബ്‌സിഡിയെന്ന നിന്ദാസ്തുതി. ദേശീയഗാനത്തിലെ അക്ഷരത്തെറ്റും ദേശീയപതാക പറത്തുമ്പോള്‍ കൊടിയുടെ ജ്യോഗ്രഫിയും നോക്കിയിരുന്നാല്‍ മതി സര്‍ക്കാറുകളെന്ന കോര്‍പ്പറേറ്റ് താക്കീത് ശിരസാവഹിച്ച് വണങ്ങിനില്‍ക്കുന്ന സര്‍ക്കാറുകള്‍ക്ക്. ഇത്തരമൊരു സാഹചര്യത്തില്‍ രോഗപരിചരണം 20 ശതമാനത്തില്‍ താഴെ വരുന്ന ശാരീരികവ്യഥകളില്‍ കേന്ദ്രീകരിക്കപ്പെട്ടുന്നതില്‍ അത്ഭുതമില്ല. ശിഷ്ടം വരുന്ന 80 ശതമാനം സാമൂഹിക പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് സമൂഹത്തെയും സമൂഹത്തെ പ്രതിനിധീകരിക്കുന്ന സര്‍ക്കാറിനെയും അത് വിടുതല്‍ ചെയ്യും. ഒരു മുറിയില്‍ ബീറ്റാഡിന്‍ പുരട്ടുന്നതോ ഒരു ദീനക്കിടക്കയുടെ പട്ടിണിയകറ്റുന്നതോ ഏതാണ് പരിചരണം എന്ന് തീരുമാനിക്കാന്‍ നമുക്ക് ദീര്‍ഘ ദീര്‍ഘമായ ചര്‍ച്ചകള്‍ വേണ്ടി വരും. സകലതും രോഗിയുടെയും അവന്റ കുടുംബത്തിന്റെയും തലയിലിട്ട് നാം മാവിലായിക്കാരാകും.
1993ല്‍ ഒരു പഞ്ചായത്തില്‍ പാലിയേറ്റീവ് കെയര്‍ ആവശ്യമായ 50 പേരെങ്കിലും ഉണ്ടാകുമെന്ന നിഗമനത്തിലാരംഭിച്ച പാലിയേറ്റീവ് കെയര്‍ രണ്ട് ദശകം പിന്നിടുമ്പോള്‍ നമ്മുടെ അനുഭവങ്ങളും പഠനങ്ങളും വെച്ച് പരിശോധിച്ചാല്‍ മനസ്സിലാവുക ഏതോ രീതിയില്‍ രോഗം പരിമിതപ്പെടുത്തിയ ആയിരത്തിലേറെ പേര്‍ ഓരോ പഞ്ചായത്തിലും ഉണ്ടായിരിക്കുമെന്നാണ്. എന്നുവെച്ചാല്‍ ശരാശരി 250 രോഗികളെ രജിസ്റ്റര്‍ ചെയ്ത ഒരു ക്ലിനിക്കില്‍ മൂന്നില്‍ രണ്ട് പേര്‍ ഇപ്പോഴും രജിസ്റ്റര്‍ പുസ്തകത്തില്‍ പോലും കയറിപ്പറ്റാനാകാതെ പുറത്തിരിപ്പാണ് എന്ന്. സംഘാടകരുടെയും സംഘാടനത്തിന്റെയും പരിമിതിവെച്ച് പുറത്ത് നിര്‍ത്തപ്പെടേണ്ടവരാണോ ഇവര്‍? ഒരു ഗൈനക്കോളജിസ്റ്റിനും ഓര്‍ത്തോപീഡീഷ്യനും ഉള്ള സ്വാതന്ത്ര്യം പാലിയേറ്റീവിലെ ആരോഗ്യ പ്രവര്‍ത്തകനുണ്ടോ? തന്റെ മുമ്പില്‍ വയറുവേദനയുമായെത്തിയ രോഗിയുടെ രോഗം പ്രാത്യുത്പാദനവായവങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നറിയുന്ന നിമിഷം ഗൈനക്കോളജിസ്റ്റിന് അയാളെ റഫര്‍ ചെയ്യാം. തന്റെ രോഗിയുടെ ബുദ്ധിമുട്ട് കേവലം അസ്ഥിയില്‍ നിന്നല്ല നാഡിസംബന്ധമാണെന്നറിയുമ്പോള്‍ അസ്ഥിരോഗ വിദഗ്ധനും അയാളെ കയ്യൊഴിയാം. ഒരു പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകന്‍ അടിസ്ഥാനപരമായി ചികിത്സകനെന്നതിനേക്കാള്‍ അയാള്‍ ശുശ്രൂഷകനാണ്. ശുശ്രൂശയുടെ തലം ശരീരത്തിലുപരി മനസ്സും ആത്മാവും സമൂഹാന്തരീക്ഷവുമാണ്. ശാരീരിക പ്രശ്‌നങ്ങള്‍ തന്റെ വരുതിയിലല്ലെന്ന് തിരിച്ചറിഞ്ഞാല്‍ പോലും മറ്റുതലങ്ങളിലെ ഇടപെടലുകള്‍ക്ക് അയാള്‍/ആ സംവിധാനം ബാധ്യസ്ഥനും ഉത്തരവാദിയുമാണ്.
ഇനി 100 രോഗികളെ പരിചരിക്കുന്ന ക്ലിനിക്ക് സങ്കല്‍പ്പിക്കൂ. ഒരു ഹോം കെയര്‍ യൂനിറ്റ് ഒരു ദിവസം 5-6 പേരെ വീതം ആഴ്ചയില്‍ അഞ്ച് ദിവസം ഗൃഹസന്ദര്‍ശനം നടത്തുകയും മുക്കാല്‍ മണിക്കൂറെങ്കിലും രോഗിയോടൊപ്പം ചെലവഴിക്കുകയും ചെയ്യുന്നുവെന്ന് വെക്കുക. (അത്രയുമാണ് പരമാവധി സാധ്യമാവുക) – ഒരു മാസമെടുക്കും നഴ്‌സ് ഒരു വട്ടം നൂറ് രോഗികളെ കാണാന്‍. അതിലൊരാള്‍ ഒരു വര്‍ഷം മുഴുവന്‍ കിടന്നാല്‍ എത്ര നേരത്തേക്ക് ഒരു നഴ്‌സിന്റെ സാന്നിധ്യം ലഭിക്കും? 45*12/60 = 9 മണിക്കൂര്‍. മാസത്തില്‍ ഒരിക്കല്‍ നഴ്‌സിന്റെ സന്ദര്‍ശനം ലഭിക്കുന്ന ഒരു രോഗിയുടെ കൂടെ 365 ദിവസത്തില്‍ ഒമ്പത് മണിക്കൂറാണ് നഴ്‌സുണ്ടാകുക. 364 ദിവസവും 15 മണിക്കൂറും അവര്‍ എന്തെങ്കിലും തരത്തിലുള്ള ഒരു സാങ്കേതിക പരിചാരകന്റെ സാന്നിധ്യമില്ലാതെ ഒറ്റക്കാണ.് കുടുംബം മാത്രമാണ് ആ സമയങ്ങളില്‍ അയാളോടൊപ്പമുള്ളത്. 80 ശതമാനം പാലിയേറ്റീവ് കെയര്‍ കവറേജ് അവകാശപ്പെടുന്ന കേരളത്തില്‍ ഇതാണവസ്ഥയെങ്കില്‍ ബാക്കി കാര്യം ആലോചിക്കാവുന്നതേയുള്ളു. ശാരീരിക പരിചരണത്തിന്റെ കാര്യം ഇതാണെങ്കില്‍ മറ്റു തലങ്ങള്‍. അത് സ്വാഹ! 50 കിടപ്പിലായ രോഗികള്‍ക്ക് ഒരു ഹോം കെയര്‍ യൂനിറ്റ് എന്ന തലത്തിലെങ്കിലും അടിയന്തരമായും കാര്യങ്ങള്‍ മാറിയാലേ രണ്ടാഴ്ചയിലൊരിക്കലെങ്കിലും ഒരു രോഗിയെ സന്ദര്‍ശിക്കുന്ന സംവിധാനം നിലവില്‍ വരികയുള്ളൂ.
ഈയടുത്ത കാലത്ത് ഒരു പ്രമുഖ പത്രം പാലിയേറ്റീവ് കെയര്‍ മേഖലയെ കുറിച്ചെഴുതിയ ലേഖനത്തില്‍ അതില്‍ പ്രവര്‍ത്തിക്കുന്നവരെ പതിവ് പോലെ പ്രകീര്‍ത്തനങ്ങളുടെയും വാഴ്ത്തുകളുടെയും അകമ്പടിയോടെ മാലാഖമാര്‍ എന്നൊക്കെ വിശേഷിപ്പിച്ചു കണ്ടു. ആര്‍ക്കും സുഖം തോന്നുന്ന പ്രയോഗം. പക്ഷേ അറിഞ്ഞോ അറിയാതെയോ ഒരു ബഹുകോണ ചതിക്കുഴിയാണത് പണിയുന്നത്. ഒന്നാമത് മാലാഖയെന്ന വിളിയിലൂടെ മനുഷ്യനവകാശപ്പെട്ട പലതും പാലിയേറ്റീവ് പ്രവര്‍ത്തകരില്‍ നിന്ന് സമൂഹം കവരാന്‍ ശ്രമിക്കുന്നുണ്ട്. ഉത്തരവാദിത്തമുള്ള ഒരു ജോലിയെ നിരുപാധികമായ സേവന പ്രവര്‍ത്തനമായത് മാറ്റിക്കളയും. ഒരേ സമയം മാലാഖമാരുടെ സ്ഥാനവും മനുഷ്യന്റെ അവകാശങ്ങളും അനുഭവിക്കാന്‍ നമുക്ക് കഴിയില്ല. അതിനുമപ്പുറം അലിജാ ഇസ്സത്ത് ബൈഗോവിച്ച് നിരീക്ഷിച്ച പോലെ Completely organised social care for people undermine the social behavior of individual, becourse it gradually reduces or deforms private care for others. പറഞ്ഞു വെച്ചത് പോലെ ശാരീരിക പരിചരണത്തിന്റെ കാര്യത്തില്‍ പോലും പരിശീലകരും മാര്‍ഗദര്‍ശികളുമാകാനല്ലാതെ രോഗിക്ക് പൂര്‍ണ്ണത തോന്നുന്ന പരിചാരകരായിരിക്കാന്‍ നിലവിലുള്ള പാലിയേറ്റീവ് കെയര്‍ സംവിധാനത്തിന് കഴിയില്ല. അത്തരമൊരു സംഘത്തെ പുറമെ നിന്ന് വാഴ്ത്തിയും പ്രോത്സാഹിപ്പിച്ചും പൊതുസമൂഹം നോക്കി നില്‍ക്കുകയും വ്യക്തിഗത ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുപോകുകയും ചെയ്യുന്നതിന് നിലവിലെ സംവിധാനം കാരണമായാല്‍, അത് പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനത്തിന്റെ പരാജയമായി വേണം കാണുക. അങ്ങനെ സംഭവിച്ചു കൂടാ. ഈ ജനുവരി 15ന് രോഗി കുടുംബത്തിന്റെ മാത്രം ബാധ്യതയല്ല. സമൂഹത്തിന്റെ കൂടിയാണ് എന്നും, വീട് പരിചരണ കേന്ദ്രമാകുന്നതോടൊപ്പം കുടുംബത്തെ ശാക്തീകരിക്കുന്ന പരിചരണമാകണം ലക്ഷ്യമെന്നുകൂടി സന്ദേശം പാലിയേറ്റീവ് കെയര്‍ സമൂഹവുമായി പങ്കുവെക്കാന്‍ ശ്രമിക്കുന്നത് ഈ അടിസ്ഥാനത്തിലാണ്. ഓരോ വീട്ടില്‍ നിന്നും പാലിയേറ്റീവ് വളണ്ടിയറെ സംഭാവന ചെയ്ത് സമൂഹത്തിന് ഇതിന്റെ ഭാഗമാകാനും കഴിയണം.
കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്റ്റുഡന്റ് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തികൊണ്ടിരിക്കുന്ന ഒരു പ്രതിജ്ഞയുണ്ട് NO TO CARE HOMS, CARE AT HOME 2030 ഓടെ കെയര്‍ ഹോമുകളും വൃന്ദസദനങ്ങളുമില്ലാത്ത കേരളമാണ് ലക്ഷ്യം.
ജനിച്ച വീടിനോടും പിറന്ന മണ്ണിനോടുമുള്ള ആഭിമുഖ്യം മനുഷ്യന്റെ ജനിതകത്തിലുള്ളതാണ്. വേരുകള്‍ ആണ്ടിറങ്ങിയ മണ്ണില്‍ തന്നെ ഇലകൊഴിഞ്ഞടങ്ങുകയെന്നതവന്റെ അഭിലാഷവും അവകാശവുമാണ്. അത്യാഗ്രഹം എന്ന് തള്ളിക്കളയാന്‍ പറ്റാത്ത വിധം അനിവാര്യവും അഭികാമ്യവുമായ സ്വപ്‌നവുമാണത്. പ്രതിബദ്ധമായ ഒരു സമൂഹത്തിന് ആസൂത്രിതമായ പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളിലൂടെ സ്ഥാപിച്ചെടുക്കാവുന്ന സാധ്യതയുമാണ്. ഒരു ദശകത്തിനപ്പുറം ഒരു രോഗിയും ഒരു വൃദ്ധനും ഒരു അബലനും തന്റെ ആഗ്രഹങ്ങള്‍ക്ക് വിപരീതമായി വീടും നാടും കടത്തപ്പെടാന്‍ ഇടവരരുത് എന്ന ലക്ഷ്യം സമീപസ്ഥവുമാണ്. അപ്പോള്‍ നാം ആശങ്കിക്കുന്ന പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനത്തിന്റെ ഭാവി? as for the foam it vanishes (beign cast off) while that benefit people remain on the earth, അപ്പോള്‍ നുരപ്പിണ്ടി, അതൊഴുകി കുമിളപൊടിഞ്ഞ് മാഞ്ഞു പോകും, എന്നാല്‍ മനുഷ്യര്‍ക്ക് ഉപകാരമുള്ളത് ഭൂമിയില്‍ ശേഷിക്കുകയും ചെയ്യും. (ഖുര്‍ആന്‍- 13:17).

LEAVE A REPLY

Please enter your comment!
Please enter your name here