കാലം തെറ്റി കായും പൂവും; കാലാവസ്ഥ വ്യതിയാനത്തെ കരുതലോടെ കാണണം- വിദഗ്ധര്‍

Posted on: January 14, 2017 8:45 am | Last updated: January 14, 2017 at 8:45 am

പാലക്കാട് :കാലം തെറ്റി സസ്യങ്ങള്‍ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത് കാലാവസ്ഥ മാറുന്നതിന്റെ സൂചനയെന്ന് വിദ്ഗധര്‍. വിഷുക്കാലത്ത് സാധാരണ പൂക്കാറുള്ള കണിക്കൊന്നകള്‍ ഇപ്പോള്‍ പൂത്തുലയുന്നതും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പൂവിടേണ്ട പ്ലാവുകളില്‍ ചക്കകള്‍ പാകമായി നില്‍ക്കുന്നതും കാലാവസ്ഥ മാറുന്നതിന്റെ സൂചനയാണെന്നാണ് കാലാവസ്ഥ വിഗ്ദധരുടെ നിഗമനം.
അതോടൊപ്പം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ കടും വേനലില്‍ പുവിടേണ്ട കണിക്കൊന്നയും മറ്റും ഡിസംബര്‍ മാസത്തില്‍ പൂവിട്ട സംഭവം വരുന്ന വേനല്‍ക്കാലത്തിന്റെ കാഠിന്യം വലുതാകുമെന്ന സൂചനയാണ് നല്‍കുന്നതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നു.
മാര്‍ച്ച് മാസത്തിലുണ്ടാകേണ്ട ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. താപനില അനുസരിച്ചാണ് വൃക്ഷങ്ങളും സസ്യങ്ങളും പൂക്കാനും കായ്ക്കാനുമുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. മാര്‍ച്ചിലെ ചൂട് അനുഭവപ്പെടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അതിനനുസരിച്ച് കണിക്കൊന്നയും പ്ലാവുമൊക്കെ പൂവിടുന്നു. ഡിസംബറില്‍ അനുഭവപ്പെടുന്ന ചൂട് ഇത്രയാണെങ്കില്‍ ഏപ്രില്‍, മെയ് മാസങ്ങളിലെ ചൂട് ഇതിനേക്കാള്‍ ഭീകരമായിരിക്കും. മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ വന്‍പ്രത്യാഘാതം സൃഷ്ടിക്കും. സംസ്ഥാനത്ത് പതിവായി ഇടവപ്പാതിയിലും തുലാവര്‍ഷത്തിലും കിട്ടുന്ന മഴയില്‍ വന്‍കുറവാണ് വന്നിട്ടുള്ളത്. തുലാവര്‍ഷത്തെ മഴയില്‍ 75 ശതമാനം കുറവാണുണ്ടായത്.
ഇതിനിടെ സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ട് വന്നു. കടുത്ത ചൂടിനെ തരണം ചെയ്യാന്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ സൂര്യാഘാത മരണങ്ങള്‍ വര്‍ധിക്കാനും സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഭുഗര്‍ഭ ജലനിരപ്പും അതിഭീകരമായ അവസ്ഥയിലേക്ക് താഴ്ന്നു കൊണ്ടിരിക്കുകയാണ്. മഴക്കുറവുമൂലം ഡിസംബര്‍ മാസത്തോടെ കിണറുകള്‍ വറ്റിത്തുടങ്ങിയതിനു പിന്നാലെയാണ് ഭൂഗര്‍ഭ ജലനിരപ്പിലും വന്‍ കുറവ് അനുഭവപ്പെട്ടു തുടങ്ങിയത്. ഭൂഗര്‍ഭ ജലനിരപ്പ് ഏകദേശം രണ്ടടിയോളം താഴ്ന്നതായി ഭൂജല വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ജനുവരിയിലും കാലവസ്ഥ ഈ രീതിയില്‍ തുടര്‍ന്നാല്‍ നാലടിയോളം ജലനിരപ്പു താഴ്‌ന്നേക്കും. മഴ പെയ്യുമ്പോള്‍ ഭൂമിക്കടിയിലെ പാറകളിലും മറ്റും ശേഖരിക്കപ്പെടുന്ന ഭൂഗര്‍ഭജലത്തില്‍ വേനല്‍ മൂലം മണ്ണിലെ ജലം നീരാവിയായി പോയാലും വലിയ കുറവുവരാറില്ല. എന്നാല്‍ കാലാവസ്ഥ വ്യതിയാനം മൂലം മണ്ണിലെ ജലം ഏകദേശം നഷ്ടപ്പെട്ടു. അതിന്റെ ഫലമായാണ് കിണറുകള്‍ ഭൂരിഭാഗവും വറ്റിയത്.
ഭൂഗര്‍ഭജലത്തിന്റെ അളവില്‍ കുറവു വരുന്നതോടെ ഏപ്രില്‍ മെയ് മാസങ്ങളില്‍ ജലക്ഷാമം ഇപ്പോള്‍ കരുതുന്നതിലും രൂക്ഷമാകുമെന്നാണ് വാദം. വരുന്ന വേനലിന്റെ കാഠിന്യം മുന്‍കൂട്ടിക്കണ്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തപക്ഷം സംസ്ഥാനം കണ്ടിട്ടില്ലാത്ത രൂക്ഷമായ കുടിവെള്ളക്ഷാമമായിരിക്കും നേരിടുകയെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.