ജിഷ്ണുവിന്റെ മരണം: പേടിപ്പെടുത്തുന്ന കാര്യങ്ങള്‍

ഒരു വിദ്യാര്‍ഥി യഥാര്‍ഥത്തില്‍ കോപ്പിയടിച്ചാല്‍ പോലും ആ വിദ്യാര്‍ഥിയെ 'ഡീബാര്‍' ചെയ്യാന്‍ കോളജ് അധികൃതര്‍ക്ക് അധികാരമുണ്ടോ? സര്‍വകലാശാല രജിസ്ട്രാര്‍ക്ക് മുമ്പില്‍ ബന്ധപ്പെട്ട കേസ് റഫര്‍ ചെയ്യുകയാണ് നടപടിക്രമം. സര്‍വകലാശാലയാണ് അന്വേഷണം നടത്തി നടപടി സ്വീകരിക്കേണ്ടത്. എന്നാല്‍ സ്വാശ്രയ കോളജുകള്‍ക്ക് അതൊന്നും ബാധകമല്ല. അവര്‍ക്ക് അവരുടേതായ പ്രത്യേക നിയമങ്ങളുണ്ട്. അവ നിര്‍മിക്കുന്നതും നടപ്പാക്കുന്നതും ഏകാധിപത്യപരമായ രീതിയില്‍ മാനേജര്‍മാര്‍ തന്നെയാണ്. ചോദ്യം ചെയ്യാന്‍ അധ്യാപകര്‍ക്കോ വിദ്യാര്‍ഥികള്‍ക്കോ അവകാശമില്ല.
Posted on: January 12, 2017 6:00 am | Last updated: January 12, 2017 at 12:31 am
SHARE

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കോളജിലായാലും മഹാത്മാ ഗാന്ധിയുടെ പേരിലുള്ള സ്വാശ്രയ സ്ഥാപനങ്ങളിലായാലും വിദ്യാര്‍ഥികളുടെ ജീവനെടുക്കുമെന്ന് ഉറപ്പിച്ചു പറയേണ്ടിവരുന്ന സാഹചര്യമാണ് കേരളത്തിലും വന്നു ചേര്‍ന്നിരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിക്കും സ്വാശ്രയ സ്ഥാപനത്തില്‍ പഠിച്ചതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു. ആത്മഹത്യയാണെന്ന് കോളജ് അധികൃതര്‍. കൊലപാതകമെന്ന് ബന്ധുക്കള്‍. രണ്ടായാലും ഉത്തരവാദികള്‍ മാനേജ്‌മെന്റ് തന്നെ.
സമര്‍ഥനായ വിദ്യാര്‍ഥിയായിരുന്നു ജിഷ്ണു. ഐ എ എസ് വരെ സ്വപ്‌നം കണ്ട് നടന്ന ഒരു വിദ്യാര്‍ഥിക്കാണ് ദാരുണമായ ഈ അന്ത്യം നേരിടേണ്ടിവന്നത്. കോപ്പിയടിച്ചതിന് പിടിച്ചു ഗുണദോഷവിചാരണ നടത്തിയതിന് ജിഷ്ണു ആത്മഹത്യ ചെയ്തുവെന്ന മാനേജ്‌മെന്റിന്റെ വാദം സര്‍വകലാശാല രജിസ്ട്രാറുടെ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ പൊളിഞ്ഞിരിക്കുന്നു. കോപ്പിയടിച്ചുവെന്ന പരാതി പോലും ഇനിയും സമര്‍പ്പിക്കപ്പെട്ടിട്ടില്ലായെന്ന റിപ്പോര്‍ട്ടാണ് അവര്‍ സമര്‍പ്പിച്ചത്.

യഥാര്‍ഥത്തില്‍ സംഭവിച്ചതെന്താണെന്ന് ജിഷ്ണുവിന്റെ സഹപാഠികളുടെ മൊഴികളില്‍ നിന്നു തന്നെ വ്യക്തമാണ്. ഡിസംബറില്‍ നടക്കേണ്ട പരീക്ഷ മാറ്റിവെച്ചതിനെയും തുടര്‍ന്ന് പൊടുന്നനെ പരീക്ഷ നടത്താന്‍ തീരുമാനിച്ചതിനെയും ചോദ്യം ചെയ്ത ജിഷ്ണുവിനോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ കോളജിലെ ഇടിമുറിയില്‍ വൈസ്പ്രിന്‍സിപ്പലും പി ആര്‍ ഒയും അവരുടെ ശിങ്കിടികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഹോസ്റ്റല്‍ മുറിയില്‍ ജിഷ്ണു മരിച്ചതായി കാണപ്പെടുന്നത്. ജിഷ്ണുവിന്റെ കൈയില്‍ നിന്ന് ബലംപ്രയോഗിച്ച് മാപ്പപേക്ഷ എഴുതി വാങ്ങിയതിനും തെളിവുണ്ട്.

കോളജ് പ്രിന്‍സിപ്പലും പി ആര്‍ ഒയും ചേര്‍ന്ന് ജിഷ്ണുവിനെ മൂന്ന് വര്‍ഷത്തേക്കു ഡീബാര്‍ ചെയ്തതായി അറിയിക്കുകയാണുണ്ടായത്. യഥാര്‍ഥത്തില്‍, ശാരീരിക പീഡനത്തെക്കാള്‍ മാനസികമായി അവര്‍ നടത്തിയ നീചമായ പീഡനമാണ് മരണ കാരണം. ഒരു വിദ്യാര്‍ഥി കോപ്പിയടിച്ചാല്‍ പോലും ആ വിദ്യാര്‍ഥിയെ ‘ഡീബാര്‍’ ചെയ്യാന്‍ കോളജ് അധികൃതര്‍ക്ക് അധികാരമുണ്ടോ? സര്‍വകലാശാല രജിസ്ട്രാര്‍ക്ക് മുമ്പില്‍ ബന്ധപ്പെട്ട കേസ് റഫര്‍ ചെയ്യുകയാണ് നടപടിക്രമം. സര്‍വകലാശാലയാണ് അന്വേഷണം നടത്തി നടപടി സ്വീകരിക്കേണ്ടത്. എന്നാല്‍ സ്വാശ്രയ കോളജുകള്‍ക്ക് അതൊന്നും ബാധകമല്ല. അവര്‍ക്ക് അവരുടേതായ പ്രത്യേക നിയമങ്ങളുണ്ട്. അവ നിര്‍മിക്കുന്നതും നടപ്പാക്കുന്നതും ഏകാധിപത്യപരമായ രീതിയില്‍ മാനേജര്‍മാര്‍ തന്നെയാണ്. ചോദ്യം ചെയ്യാന്‍ അധ്യാപകര്‍ക്കോ വിദ്യാര്‍ഥികള്‍ക്കോ അവകാശമില്ല.

ചോദ്യം ചെയ്താല്‍ അവന് മരണശിക്ഷ വിധിച്ചുകളയും എന്ന അവസ്ഥാവിശേഷം തീര്‍ച്ചയായും ഭീതിജനകമാണ്. അതിനെക്കാള്‍ ഭീതി നിറഞ്ഞ കാര്യം അവയെക്കുറിച്ച് സംസാരിക്കാന്‍ വിദ്യാര്‍ഥികള്‍ ഭയപ്പെടുന്നുവെന്നതാണ്. മുഖം മറക്കാതെ സംസാരിക്കാന്‍ പോലും കഴിയാത്ത വിദ്യാര്‍ഥികളാണ് സ്വാശ്രയകോളജുകളില്‍ പഠിക്കുന്നവരില്‍ ഭൂരിപക്ഷവും. മാനേജ്‌മെന്റിന്റെ അടിമകളെപ്പോലെ കഴിയേണ്ടിവരുന്ന സാഹചര്യത്തിന് മാറ്റമുണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍ നമ്മുടെ കുട്ടികള്‍ക്കു സര്‍ഗാത്മകമായി വളരാനുള്ള എല്ലാ വാതിലുകളും അടഞ്ഞു പോകും. സ്വാശ്രയ മാനേജ്‌മെന്റുകള്‍ അങ്ങനെയൊരു സാഹചര്യം ഇതിനകം സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു മിക്കയിടങ്ങളിലും.

നെഹ്‌റു കോളജിലെ ജിഷ്ണുവിന്റെ മരണം കൊലപാതകമാണ്. എന്നാല്‍, പോലീസ് ഇതുവരെയും കൊലക്കുറ്റത്തിന് കേസ്സെടുത്തിട്ടില്ല. കോളജിലെ പി ആര്‍ ഒ, വൈസ് പ്രിസിപ്പല്‍, പ്രിന്‍സിപ്പല്‍ എന്നിവര്‍ ഈ കേസില്‍ നേരിട്ട് ബന്ധപ്പെട്ട പ്രതികളാണ്. അവരെ നീതിപീഠത്തിന് മുന്നിലെത്തിക്കണം. ജിഷ്ണുവിനെ മരണത്തിലേക്ക് നയിച്ചത് എങ്ങനെയൊക്കെ എന്ന് അവരാണ് വിശദീകരിക്കേണ്ടത്. അതിനുള്ള തീരുമാനം സര്‍ക്കാര്‍ കൈകൊള്ളണം.
എന്നാല്‍, സാങ്കേതിക സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനമായതിനാല്‍ അവിടെ എന്തു നടക്കുന്നുവെന്ന് അന്വേഷിച്ച് നടപടിയെടുക്കേണ്ടത് സര്‍വകലാശാലാ അധികാരികളുടെ ചുമതലയാണ്. ഒരു വഴിപാട് അന്വേഷണം നടത്തി പരിപാടികള്‍ അവസാനിപ്പിച്ചുകളയുന്ന പതിവ് രീതികള്‍ അവലംബിക്കരുത്. അതിനുപകരം, കേരളത്തിലെ സ്വാശ്രയ കോളജുകളിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് അറുതി വരുത്താന്‍ കഴിയുന്ന വിധത്തില്‍ ഈ കേസ് കൈകാര്യം ചെയ്യപ്പെടുക എന്നതാണ് പ്രധാനം. കുറ്റവാളികള്‍ക്കു മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. അതേസമയം സ്വാശ്രയ ക്യാമ്പസ്സുകളിലെ വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കാന്‍ ശക്തമായ ഇടപെടല്‍ അനിവാര്യമായിരിക്കുന്നു.

വിദ്യാര്‍ഥി സംഘടനകള്‍ രോഷപ്രകടനം നടത്തുന്നതിന്റെ ഭാഗമായി സ്ഥാപനത്തിന്റെ കെട്ടിടങ്ങള്‍ അടിച്ചു തകര്‍ത്തുകൊണ്ടിരിക്കുന്നു. എന്നാല്‍, അക്രമത്തിന്റെ മറ്റൊരു മുഖം മാത്രമാണത്. പ്രശ്‌നപരിഹാരത്തിന്റെ വഴികള്‍ അതൊന്നുമല്ല. ക്യാമ്പസുകളെ ജനാധിപത്യവത്കരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. സംഘടനാ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാതെ വിദ്യാര്‍ഥികളുടെ ഭീതി മാറ്റാനാവില്ല. സംഘടനാവകാശബോധം വളര്‍ത്തിയെടുക്കാന്‍ നിരന്തരമായ പരിശ്രമങ്ങള്‍ എല്ലാ കോണുകളില്‍ നിന്നും ഉയരട്ടെ. എല്ലാ തരം പീഡനങ്ങളുടെയും അന്ത്യം കാണാന്‍ കഴിയുന്ന പുനഃസംഘാടനമാണ് വേണ്ടത്. അതിന്, വിദ്യാഭ്യാസത്തെ വ്യാപാരമായി കാണുകയും ഈ വ്യാപാരികള്‍ക്ക് സ്വയംഭരണാവകാശം അനുവദിക്കുകയും ചെയ്യുന്ന ഇന്നത്തെ സ്വാശ്രയ വിദ്യാഭ്യാസ നയം അവസാനിപ്പിക്കുക എന്നതാണ് ആദ്യമായി ചെയ്യാവുന്നത്.

സുതാര്യമായതും ജനാധിപത്യപരമായതുമായ സമ്പ്രദായങ്ങള്‍ കാലാകാലങ്ങളില്‍ സ്ഥാപിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. സര്‍വകലാശാലകള്‍ക്കു വിശേഷിച്ചുമുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അതിനെക്കാള്‍ വലിയ സാമൂഹിക ഉത്തരവാദിത്വമുണ്ട്. എന്നാല്‍, അതിലുള്ള പ്രശ്‌നമെന്താണെന്ന് വെച്ചാല്‍ രാഷ്ട്രീയ-സ്വാശ്രയ മാഫിയാ ബന്ധം സ്വതന്ത്രമായ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ വിഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുവെന്നതാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here