Connect with us

Gulf

സിറിയന്‍ ചാരിറ്റിയുടെ പേരില്‍ തട്ടിപ്പ്; ജാഗ്രത പുലര്‍ത്തണമെന്ന് ഉരീദു

Published

|

Last Updated

ദോഹ: സിറിയയിലേക്ക് സഹായിക്കാനെന്ന വ്യാജേന രാജ്യത്ത് സാമ്പത്തിക തട്ടിപ്പു നടക്കുന്നതായി ഉരീദു. സിറിയന്‍ സഹായത്തിനായി വിവിധ ചാരിറ്റി സംഘടനകളുടെ നേതൃത്വത്തില്‍ ധനസമാഹരണം നടക്കുന്ന സന്ദര്‍ഭം ചൂഷണം ചെയ്താണ് സാമ്പത്തിക തട്ടിപ്പു നടത്തുന്നത്. ഇത്തരം എസ് എം സുകളു ഇ മെയിലുകളും വരുന്നതായുള്ള പരാതികള്‍ ഈ മാസം വര്‍ധിച്ചതായി ഉരീദു അറിയിച്ചു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ കരുതിയിരിക്കണമെന്നും പ്രതികരിക്കരുതെന്നും ഉപഭോക്താക്കളെ ഉരീദു ഉണര്‍ത്തി.
സിറിയക്കു പുറമേ മറ്റു രാജ്യങ്ങളിലെ മാനുഷിക സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ചും സാമ്പത്തിക തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. പ്രയാസം അനുഭവിക്കുന്ന ജനവിഭാഗങ്ങളെ സഹായിക്കുന്നതിന് സംഭാവന ആവശ്യപ്പെട്ടു കൊണ്ട് മെസ്സേജ് അയച്ചാണ് സാമ്പത്തിക തട്ടിപ്പുകള്‍ നടക്കുന്നത്. ഇ മെയില്‍, എസ് എം എസ് സന്ദേശങ്ങള്‍ക്കൊപ്പം ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ തട്ടിപ്പു സൈറ്റുകളിലേക്ക് ഉപഭോക്താവിനെ കൊണ്ടു പോകുന്ന രീതിയാണ് സ്വീകരിക്കുന്നത്. വിവിധ ചാരിറ്റി സംഘടനകളുടെ പേരിലാണ് സഹായ അഭ്യര്‍ഥനകള്‍ വരുന്നത്. തട്ടിപ്പു പെട്ടെന്നു തിരിച്ചറിയാന്‍ കഴിയാത്തവിധം വിശ്വസിപ്പിക്കാവുന്ന രീതിയിലാണ് സന്ദേശങ്ങള്‍ വരുന്നത്.

ഇത്തരം മെസ്സേജുകള്‍ പൂര്‍ണമായും അവഗണിക്കണമെന്നാണ് ഉരീദു ആവശ്യപ്പെടുന്നത്. മെസ്സേജുകള്‍ തിരിച്ചറിയുന്നതിനും അവഗണിക്കുന്നതിനും സഹായകമായി വിവരങ്ങളും ഉരീദു ഉപഭോക്താക്കള്‍ക്കായി നല്‍കി. ഇത്തരം സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കുക, മെസ്സേജുകളില്‍ വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക, പാസ് വേര്‍ഡോ ബേങ്ക് അക്കൗണ്ട് വിവരങ്ങളോ ആവശ്യപ്പെടുമ്പോള്‍ നിരാകരിക്കുക, ക്രഡിറ്റ് ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കാതിരിക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍. മെസ്സേജുകള്‍ യഥാര്‍ഥമായവ അഥവാ വിശ്വസനീയമായ സ്ഥാപനങ്ങള്‍ അയക്കുന്നവയാണെങ്കില്‍ വ്യക്തിഗത വിവരങ്ങളൊന്നും ആവശ്യപ്പെടില്ലെന്നും ഉരീദു അറിയിപ്പില്‍ പറയുന്നു.

പരിചയമുള്ള ആളുകളാണെങ്കില്‍ പോലും അപ്രതീക്ഷിതമായി ലഭിക്കുന്ന ലിങ്കുകള്‍ തുറക്കാതിരിക്കുക, അയച്ചയാളുമായി ബന്ധപ്പെട്ട് ഉറപ്പു വരുത്തിയ ശേഷം മാത്രമേ ഇത്തരം ലിങ്കുകള്‍ തുറക്കാവൂ. ഇത്തരം തട്ടിപ്പുകളില്‍നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനായി വിവിധ സുരക്ഷാ നടപടികള്‍ സ്വീകരിച്ചു വരുന്നതായി അധികൃതര്‍ അറിയിച്ചു. ഉരീദു ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ബ്ലോക്ക് ലിസ്റ്റ് എന്ന സേവനത്തിലൂടെ വ്യാജ മെസ്സേജുകളെ തടയാന്‍ സാധിക്കും. ഉരൂദു ആപ്പിന്റെ പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് ഈ സേവനം ഉപയോഗിക്കാനാകും. ആവശ്യമില്ലാത്ത നമ്പറുകളും കോണ്‍ടാക്റ്റുകളും ബ്ലോക്ക് ചെയ്തു വെക്കാനും ഉപഭോക്താക്കള്‍ തയാറാകണമെന്ന് ഉരീദു ആവശ്യപ്പെട്ടു.

 

---- facebook comment plugin here -----

Latest